മാപ്പിളപ്പാട്ട് - (ഭാഗം - 7)
--------------------------------അവലംബനം: ഇഖ്ബാൽ മുറ്റിച്ചൂർ & സലിം കോട്ടയിൽ
(#മാപ്പിളകലാഅക്കാദമികുവൈറ്റ്ചാപ്റ്റർ)
ഞങ്ങൾ ഇവിടെ പങ്കു വെക്കുന്ന അറിവുകള്‍ക്ക് വി പി മുഹമ്മദാലിയുടെ മാപ്പിളപ്പാട്ടുകള്‍ നൂറ്റാണ്ടുകളിലൂടെ , വി എം കുട്ടിയുടെ മാപ്പിളപ്പാട്ടിന്റെ തായ്‌വേരുകള്‍ ,മഹാകവി ചേറ്റുവായ് പരീക്കുട്ടി ,മോയിന്‍കുട്ടി വൈദ്യര്‍ സമ്പൂര്‍ണ്ണകൃതികള്‍ ,മാപ്പിളപ്പാട്ട് പാഠവും പഠനവും , മെഹറിന്റെ പാട്ടുകള്‍ ,ഡോ. എം. എന്‍ . കാരശ്ശേരി.
മാപ്പിള ഫോക്ലോര്‍,സമാഗമം, എന്നീ പുസ്തങ്ങളോടും മാഗസിനുകളില്‍ വന്ന ലേഖനങ്ങളോടും കടപ്പാട്...
പുണ്യാത്മാക്കളുടെ ജീവാപദാനങ്ങൾ വാഴുത്തുന്ന കീർത്തന കാവ്യ വിഭാഗത്തിൽ പെടുന്ന പാട്ടുകളാണു മാലപ്പാട്ടുകൾ. കേരളത്തിൽ ഇസ്‌ലാമിലെ വ്യത്യസ്ത സൂഫീ മാർഗ്ഗങ്ങൾ (ത്വരീഖത്ത്) ശക്തമായിരുന്ന കാലഘട്ടത്തിലാണ് മാലപ്പാട്ടുകൾ ധാരാളമായി ഉണ്ടായത്. 13 മുതൽ 16 വരെ നൂറ്റാണ്ടുകളിൽ കേരളീയ മുസ്‌ലിംകൾക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്തിയ സൂഫീ ദർശനങ്ങൾ മാലപ്പാട്ടിന് പ്രചോദനമായി ഭവിച്ചു. തമിഴകത്തെ ശൈവന്മാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭക്തികാവ്യങ്ങളുടെ ശൈലി (കോർവ്വ)പിന്തുടർന്നു കൊണ്ടായിരുന്നു അറബി മലയാളത്തിലെ മാലപ്പാട്ടുകൾ രചിക്കപ്പെട്ടത് എന്നഭിപ്രായമുണ്ട്.
മാലപ്പാട്ടിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. ശൈഖിന്റെ (പുണ്യപുരുഷൻ) അപദാനങ്ങളെ വാഴ്ത്തുന്നതാണ് ഒന്നാം ഭാഗം. ശൈഖിനെ മുൻ നിർത്തി ദൈവത്തോട് പ്രാർത്ഥിക്കുന്നതാണ് (ഇടതേട്ടം) രണ്ടാം ഭാഗം (ഇരവ്).
അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാലപ്പാട്ടാണു മുഹിയിദ്ദീൻ മാല. ഖാസി മുഹമ്മദ് ആണ് മുഹിയിദ്ദീൻ മാലയുടെ കർത്താവ്. മുഹിയിദ്ദീൻ മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാട്ടുകൾ അറബി മലയാളത്തിലും മലയാളത്തിലും ഉണ്ടായി.
ഇച്ച മസ്താന്റെ ബുഖാരി മാല, കൊടഞ്ചേരി മരക്കാർ മുസ്‌ലിയാരുടെ ബദർ മാല, കെ.ടി. ആസിയയുടെ "ഖദീജാ ബീവിയുടെ വഫാത്ത് മാല", മുഹമ്മദ് മറ്റത്തിന്റെ ഖുദ്‌റത്ത് മാല, എം.ബാവക്കുട്ടി മൌലവിയുടെ ലോകനീതി മാല, പി.കെ.ഹലീമയുടെ ചന്ദിര സുന്ദര മാല തുടങ്ങിയ മാലപ്പാട്ടുകൾ പ്രസിദ്ധമാണ്. എം.എൻ.കാരശ്ശേരി വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ഒരു ബഷീർ മാലയും പണിതിട്ടുണ്ട്.
അറബി മലയാളത്തിൽ എഴുതപ്പെട്ട കാവ്യങ്ങൾക്ക് പൊതുവായുള്ള പേർ മാപ്പിളപ്പാട്ടുകൾ എന്നാണ്. ഭാഷാകാവ്യങ്ങളിൽനിന്നു ഭിന്നമായ ശൈലിയിലും ഭാവത്തിലും മാപ്പിളക്കവികൾ നിർമിച്ചു വികസിപ്പിച്ചെടുത്ത ഈ ഗേയകാവ്യങ്ങൾക്ക് ആ പേർ തികച്ചും അന്വർഥമായിരിക്കുന്നു. മാപ്പിളപ്പാട്ടുകൾ മലയാളലിപിയിൽ അച്ചടിക്കാറുണ്ടെങ്കിലും പഴയ പാരമ്പര്യക്കാർ അറബിമലയാളത്തിൽത്തന്നെയാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ച മുഹിയിദ്ദീൻമാല, നൂൽദേഹ് എന്നീ കൃതികളിലെന്നപോലെ പിന്നീടുള്ള 90 ശ.മാ. കാവ്യങ്ങളിലും രചയിതാവിന്റെയും പ്രസാധകന്റെയും പേരും രചനാവർഷവും തീയതിയും സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്.
മാപ്പിളപ്പാട്ടുകൾക്ക് പടപ്പാട്ടുകൾ, ബിസപ്പാട്ടുകൾ, നേർച്ചപ്പാട്ടുകൾ, കെസ്സുകൾ (കല്യാണപ്പാട്ടുകൾ), പദങ്ങൾ, തിരിപ്പുകൾ, ചിന്തുകൾ, വർണങ്ങൾ എന്നിങ്ങനെ പല ശാഖകളുണ്ട്. പടപ്പാട്ടുകൾ ആ പേർ സൂചിപ്പിക്കുന്നതുപോലെ മുസ്ലിങ്ങൾ നടത്തിയ സമരങ്ങളെ അധികരിച്ചു രചിക്കപ്പെട്ടവയാണ്. ചരിത്രപരവും ഐതിഹ്യസംബന്ധികളുമായ ഇതിവൃത്തങ്ങളിലാണ് ആ ഗാനങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. പ്രവാചകന്മാരുടെയും പൂർവികന്മാരുടെയും സിദ്ധന്മാരുടെയും ജീവിതങ്ങളാണ് ബിസപ്പാട്ടുകളിലെ പ്രതിപാദ്യം; കല്പിത കഥകളും ഇല്ലാതില്ല. നേർച്ചപ്പാട്ടുകൾ കീർത്തനപ്രധാനങ്ങളായ ചെറുകൃതികളാണ്. കെസ്സുകളിൽ പ്രേമഗാനങ്ങളും സ്തുതിഗീതങ്ങളും ഉൾപ്പെടുന്നു. പദങ്ങൾ' സംഗീതശാസ്ത്രമനുസരിച്ചുള്ള പല്ലവി, അനുപല്ലവി, ചരണം എന്നിവയോടുകൂടിയതും സംഗീതോപകരണങ്ങൾ ഉപയോഗിച്ചും താളംപിടിച്ചും സംഘംചേർന്നു പാടാവുന്നവയുമാണ്. കല്യാണപ്പാട്ടുകൾ കല്യാണവേളകളിൽ കൈകൊട്ടിപ്പാടിക്കളിക്കാനായി ഉപയോഗിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കല്യാണപ്പാട്ടുകളുണ്ട്. തിരിപ്പുകൾ, ചിന്തുകൾ, വർണങ്ങൾ എന്നീ ഗാനങ്ങൾ വിവാഹവേളകളിൽ ഓരോരുത്തർ പ്രത്യേകം പ്രത്യേകം പാടാൻ ഉപയോഗിക്കുന്നു. മുകളിൽ പറഞ്ഞ കെസ്സുകൾ എന്ന പ്രേമഗാനങ്ങൾ മലബാർ പ്രദേശങ്ങളിൽ ഒരു കാലത്ത് പ്രചരിച്ചിരുന്നെങ്കിലും അവയിൽ പലതും അച്ചടിക്കപ്പെട്ടിട്ടില്ല. കെസ്സുപാട്ടുകളുടെ കൂട്ടത്തിൽ ആദ്യമായി പ്രസിദ്ധം ചെയ്ത പ്രണയകാവ്യം മോയിൻകുട്ടിവൈദ്യരുടെ ബദറുൽമുനിർ ആകുന്നു.
കേരളമുസ്ലിങ്ങൾക്ക് അറബിഭാഷയുമായി ഗാഢസമ്പർക്കമുണ്ടായിരുന്നതിനാൽ മാപ്പിളപ്പാട്ടുകളിൽ ആദ്യകാല കൃതികളിലെ ഭാഷ അറബിസമ്മിശ്രമായ മലയാളം ആയിരുന്നു. പിന്നീട്, അതിൽ ക്രമേണ വിവിധ ഭാഷകളുടെ അതിപ്രസരം പ്രകടമായി.
മാപ്പിളപ്പാട്ടുകളിൽ വിവിധ രീതിയിലുള്ള വൃത്തങ്ങൾ വിദഗ്ധമായി പ്രയോഗിച്ചിട്ടുണ്ട്. ദ്രാവിഡ-സംസ്കൃത വൃത്തങ്ങൾക്കുപുറമേ മൂന്നും, ആറും, എട്ടും ശീലുകളുള്ള ചില പുതിയ വൃത്തങ്ങളും പൊതുവേ ദൃശ്യമാണ്. ഇവയിൽത്തന്നെ വർണവൃത്തങ്ങളും മാത്രാവൃത്തങ്ങളും ഉൾപ്പെടുന്നു. വൃത്തങ്ങളെല്ലാം ഇശൽ എന്ന പേരിലാണ് അറിയപ്പെടുന്നത്.
പ്രചാരത്തിലുള്ള അറബി മലയാളകൃതികളിൽ മുഹിയിദ്ദീൻമാലയ്ക്കാണ് കൂടുതൽ പഴക്കമുള്ളത്. കോഴിക്കോട്ടെ ഖാസിയായിരുന്ന മുഹമ്മദ് ആണ് രചയിതാവ്; ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈഖ്മുഹിയിദ്ദീൻ എന്ന സിദ്ധന്റെ അപദാനങ്ങളാണ് ഇതിവൃത്തം. മുഹിയിദ്ദീൻമാലയിൽ 155 ഈരടികൾ മാത്രമാണുള്ളത്.
പിന്നീട് അര നൂറ്റാണ്ടിനുശേഷം രചിക്കപ്പെട്ടതാണ് നൂൽമദ്ഹും, കപ്പൽപ്പാട്ടും. നൂൽമദ്ഹിന്റെ രചന ഹിജ്റ 1151-ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കപ്പൽപ്പാട്ടിന്റെ കാലം വ്യക്തമല്ല. തലശ്ശേരിക്കാരനായ ഒരു കുഞ്ഞായൻ മുസലിയാരുടെ കൃതികളാണ് ഇവ രണ്ടും. അദ്ദേഹം വടക്കൻ കോട്ടയത്തെ തമ്പുരാന്റെ ആശ്രിതനും മങ്ങാട്ടച്ചന്റെ സ്നേഹിതനുമായിരുന്നെന്നും പറയപ്പെടുന്നു. മുസലിയാരുടെ ഫലിതങ്ങളെ സംബന്ധിച്ചുള്ള പല കഥകളും വടക്കേ മലബാറിൽ പ്രചാരത്തിലുണ്ട്.
ഹിജ്റ 13-ആം നൂറ്റാണ്ടിന്റെ ഉത്തരാർധത്തോടുകൂടിയാണ് മാപ്പിളപ്പാട്ടു പ്രസ്ഥാനത്തിന് കാര്യമായി പുരോഗതി ഉണ്ടായത്.
നസീഹത്ത്
ReplyDelete