Sunday, July 22, 2018

മൊഗ്രാല്‍ കവികള്‍ മാപ്പിള സാഹിത്യ ചരിത്രത്തിലെ തിളങ്ങുന്ന മുത്തുകള്‍

മൊഗ്രാല്‍ കവികള്‍ മാപ്പിള സാഹിത്യ 
ചരിത്രത്തിലെ തിളങ്ങുന്ന മുത്തുകള്‍


സാവുക്കാര്‍ കുഞ്ഞിപ്പക്കി

ഇശല്‍ ഗ്രാമമെന്നറിയപ്പെടുന്ന മൊഗ്രാലിന് സാംസ്‌ക്കാരിക രംഗത്ത് സമ്പന്നമായൊരു ഭൂതകാലമുണ്ട്. മൊഗ്രാല്‍ കവി കുലത്തിന്റെ പിതാവെന്നറിയപ്പെടുന്ന സാവുക്കാര്‍ കുഞ്ഞിപ്പക്കി (1850-1932)യിലൂടെയാണ് നീണ്ട കവി ശൃംഖലയുടെ ആരംഭം. അദ്ദേഹത്തിനും മുമ്പെ ഈ പ്രദേശത്തിന്റെ കലാ-സാംസ്‌ക്കാരിക രംഗത്തുള്ള ചരിത്രം ഇന്ന് അജ്ഞാതമാണെങ്കിലും ചില അനുമാനങ്ങള്‍ നമുക്ക് നടത്താം. ഏതൊന്നിനും വളക്കൂറുള്ള മണ്ണിലേ വിത്ത് മുളച്ച് വന്‍ മരമാവുന്നുള്ളു, ഇല്ലെങ്കിലത് ശുഷ്‌കിച്ച് ഇല്ലാതാവുന്നു. ആ നിലക്ക് കലകള്‍ക്ക് വളക്കൂറുള്ള മണ്ണായിരിക്കണം മൊഗ്രാലും പരിസരപ്രദേശങ്ങളും. ആ മണ്ണിലാണ് കുഞ്ഞിപ്പക്കി പിച്ചവെച്ച് വളരുന്നത്. ഏതാണ്ട് പതിനാല്, പതിനഞ്ച് വയസ്സ് മുതല്‍ക്കെ അദ്ദേഹം കാവ്യവഴിയില്‍ പ്രവേശിച്ചിരുന്നതായി രേഖകളില്‍ കാണുന്നു.
പ്രകൃതിയില്‍ കാണുന്നതെന്തും അദ്ദേഹം തന്റെ കാവ്യ വിഷയമാക്കിയിരുന്നത്രെ. സാവുക്കാര്‍ കുഞ്ഞിപ്പക്കി വെറുമൊരു കവി മാത്രമായിരുന്നില്ല. മറിച്ച് വ്യാപാര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യാപാരി നൈപുണ്യം നേടിയൊരു നാട്ടുവൈദ്യന്‍. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നേതൃത്വം നല്‍കിയ നേതാവ്, സര്‍ഗ്ഗ പ്രതിഭ ജ്വലിച്ചു നിന്ന ശക്തനായ കവി, എല്ലാറ്റിലുമപരി ഇരു സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദത്തിന്റെ പാലം പണിത സാവുക്കാര്‍, ഹിന്ദു മുസ്ലിങ്ങളടക്കം സര്‍വ്വ ജന വിഭാഗങ്ങളും ആദരിക്കുന്ന മഹല്‍ വ്യക്തിത്വത്തിന്റെ ഉടമ. ധാരാളം കാവ്യങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മികച്ചതും ഏറെ പ്രസിദ്ധി നേടിയതുമായ രചനയാണ് അഖീദമാല.
അഖീദ എന്നാല്‍ വിശ്വാസമെന്നാണര്‍ത്ഥം. വിശ്വാസം നന്നാകുമ്പോള്‍ മാത്രമാണ് ഒരാളുടെ വ്യക്തിത്വം നന്നാവുന്നുള്ളു, ആദ്യം വിശ്വാസമാണ് മെച്ചപ്പെടുത്തേണ്ടത്. ആ നിലക്ക് അഖീദമാലക്ക് ഏറെ പ്രസക്തിയുണ്ട്. കൃതിയില്‍ നിന്നുള്ള ഏതാനും വരികള്‍
അറിവുള്ള ഇന്‍സാനി ആയുള്ള കോലത്തില്‍
ഹാമിം നബീനെ ഇറക്കിയാന്‍ താലത്തില്‍
അറിവും നുബുവ്വത്തും നല്ല രിസാലത്തും
അനകം ഫസീഹുല്ലീസാനോട് ദൗലത്തും
ദരണിക്കരശായ മക്കാ നഗരിട്ടു
ദയ്യാനയച്ചു ഫുര്‍ഖാനും കൊണ്ടിട്ടു
ഫുര്‍ഖാനുല്‍ഹളീമെന്ന ദീനില്‍ നടപ്പോരെ
ഫര്‍ളെണ്ടറിഞ്ഞിട്ടറിവീന്‍ അറിവേറെ
അറിവീരെ അല്ലാഹു മൗജൂദുള്ളോനൊന്നും
എല്ലാറ്റിലും പണ്ട് പണ്ടേ ഖദീം എന്നും...
(അഖീദമാല)
സാധാരണ അറബി മലയാള ഭാഷയില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ കാവ്യ ഭാഷ. മലയാളത്തിന് പുറമെ തുളുവും കന്നഡയുമെല്ലാമുള്‍ക്കൊള്ളിച്ചുകൊണ്ടൂള്ള ഒരു പ്രത്യേക തരം സങ്കരഭാഷയിലും അദ്ദേഹം കവിത രചിച്ചിട്ടുണ്ട്. ആദം നബിയുടെ സ്വര്‍ഗനിഷ്‌കാസനം എന്ന കാവ്യം ഇതിനുദാഹരണമാണ്. തുളുവിലുള്ള നാട്ടിപ്പാട്ടാണ് ഇതിന് മാതൃകയാക്കിയിട്ടുള്ളത്,
'ഓഹൂലെ ഓഹീലെ ഇര്‍ഹം എങ്കളെ ബേലയിലെ ആദി പടച്ചവന്‍ ആദംനബിക്കും മുമ്പ് അഹദ് അഹദ് മുഹിബ്ബിനാല്‍ ആലംനബിയായ് അഹമ്മദ് അഹ്മദ് മുഹമ്മദിയ്യ മഹ്മൂദാകിനെ ഹംദിനെ. ഹംദിന്നമൈത്തുള്ളെ എല്ലാ ശൈകളില്‍ ഇന്‍സനെ ഇന്‍സാന്‍ മുഹദിയ്യയായ് ആദരവ് അമ്പിയാ മനുഷ്യരിലായ്. മനുഷ്യര്‍ക്ക് ബാപ്പയാക്കി സ്വര്‍ഗമില്‍ ആദമെ ഉണ്ടാക്കി ഉണ്ടാക്കി ഉമ്മയായി ആദം പിതാവിന് ഭാര്യയായ് ഭാര്യയും ഭര്‍ത്താവും ബാണ് സുവര്‍ഗ്ഗം ബുസ്താനും ബുസ്താന്‍ പിത്തിളിട്ട് പര്‍ന്ത്കളുപ്പൂമര്‍ക്കുളട്ട് മര്‍ക്കുളട്ട് ഇന്‍ചിത്ത് മര്‍ത്താടേഗ് പൂവ്വോട്ജി പൊവ്വോട്ജി എന്ത് ദേവരെ അപ്പണ ആത്തുണ്ടു ആത്തോണ്‍ത്തു പിന്തോണ്‍ത്തു അപക ഭൂത്തോ
ബത്തോണ്‍തു
ബന്ദേളി ഹവ്വമ്മ ബഗവനു ഹേളിദുനിമ്മ
(സ്വര്‍ഗ നിഷ്‌കാസനം)
ബാലാമുബ്‌ന ഫക്കീഹ്
വടക്കിന്റെ കവികളില്‍ ഏറെ ശ്രദ്ധേയനും സാഉക്കര്‍ കുഞ്ഞിപ്പക്കിയുടെ മകനുമായ ബാലാമുബ്‌നുഫക്കീഹ് (1884-1924) മഹാനായ മാപ്പിളകവിയായിരുന്നു. പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച കവിസിദ്ധികൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മാപ്പിളപ്പാട്ട് ശാഖയില്‍ പെടുത്താവുന്ന ധാരാളം പദങ്ങളും ബിരുദങ്ങളും രചിച്ച അദ്ദേഹം 1921ല്‍ തഞ്ചാവൂരില്‍ നടന്ന ദക്ഷിണ ഭാരത കവി സമ്മേളനത്തില്‍ അധ്യക്ഷനായി ക്ഷണിക്കപ്പെടുകയും ആ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം ചെറിയ സംഭവമല്ല.
ഒരു കാലത്ത് പ്രശസ്തരായ കവികളുടെ സംഗമഭൂമിയായിരുന്ന മൊഗ്രാല്‍ പാട്ടുകൂടങ്ങള്‍ എന്ന പേരില്‍ ഒത്തുകൂടുകയും പാടിത്തകര്‍ക്കുകയും ചെയ്തിരുന്നത്രെ. മാപ്പിളപ്പാട്ടുകളുടെ എക്കാലത്തെയും ജ്വലിക്കും താരമായ മോയിന്‍ കുട്ടിവൈദ്യര്‍ വരെ മൊഗ്രാലില്‍ വന്നിരുന്നുവെന്നാണ് രേഖകളില്‍ കാണാന്‍ കഴിയുന്നത്.
വൈദ്യരുടെ പ്രശസ്തകൃതികളിലൊന്നായ ഹിജ്‌റ കാവ്യം അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനാവാതെ 26 ഇശലുകള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ രോഗബാധിതനാവുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. കവി കൂടിയായിരുന്ന പിതാവ് ഉണ്ണി മമ്മദ് വൈദ്യരാണ് ഹിജ്‌റ കാവ്യം പൂര്‍ത്തീകരിച്ചിട്ടുള്ളത്. അമ്പായത്തിങ്ങല്‍ കുഞ്ഞാമൂട്ടി എന്ന കവിയുമായി ചേര്‍ന്നാണ് പിതാവ് ഉണ്ണി മുഹമ്മദ് വൈദ്യര്‍ ഹിജ്‌റയുടെ രചന പൂര്‍ത്തീകരിച്ചത് എന്ന് ചില ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്നുവെങ്കിലും ഉണ്ണി മുഹമ്മദ് വൈദ്യര്‍ മൊഗ്രാലില്‍ വന്ന് ബാലാമുബ്‌നു ഫഖീഹിന്റെ കൂടി സഹായം ഹിജ്‌റയുടെ പൂര്‍ത്തീകരണത്തിന് തേടിയിട്ടുണ്ട് എന്ന് ചിലര്‍ സമര്‍ത്ഥിക്കുന്നുണ്ട്.
ബാലാമുബ്‌നുഫഖീഹിന്റെ ചില വരികള്‍
'അങ്കണത്തില്‍ അഞ്ചുതാളം ആറും കൂടി പാടടാ
അക്കുലച്ച അച്ചതപ്പു അമ്പലത്തിലുണ്ടടാ
അങ്കണത്തില്‍ താളമിട്ട് താനമാനം നേടടാ
തട്ടകെട്ടി ബുട്ടുറട്ടി തച്ചികാര്‍ പൊലിക്കടാ'
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ള ഒരു രചനയില്‍ നിന്ന്
'ചന്ദ്രനിലേറെ സുഖം പെരുകും മുഖമേ
ജയതാമരയ്പാര്‍വ്വതര്‍ക്ക്
തരുമോകെ ദീതദിതങ്കം തരുള്‍മണിയേ-
തരുമോ സബ്‌ലോകമാകെ വാരിനിറയോര്‍
പുകള്‍ പേശി ഇറസൂല്‍-ബഹുതാസിമുടയോര്‍'
ബാലാമുബ്‌നുഫഖീഹ് രചിച്ച ഒരു പദം കാണുക
'ചിത്രവാനിലും മേല്‍വോര്‍
ചത്രിവം മുഖില്‍ ചൂടുവോര്‍
സത്തിയരും സുത്തിയരും
ചിത്തമായ് സത്തിയരും
ചിത്രവാനിലും മേല്‍വോര്‍
ചത്രിവം മുഖില്‍ തേടുവോര്‍
ആദിയതില്‍ ആദിനബി
അമ്പിയാതില്‍ അന്ത്യനബി
അരട്ടുരുട്ടരുതേ ഈ എളിയനെ
അലമ്പപ്പെടുത്തരുതേ -എന്‍ ഹാഫിളെ
ആട്ടിതുരുത്തരുദേ...
ഉരുട്ടിച്ചുരിട്ടിടാ പെരട പെരട്ടിലെ
മെരട്ട മെരട്ടുടല്‍ ഒരട്ടകൊരട്ടയായ്
എരിക്കും ഞെരിപലിക്കാതെ നയ്
രക്ഷിത്തദത്തില്‍ നടത്തിടണെ...

നടുത്തോപ്പില്‍ അബ്ദുല്ല
വടക്കിന്റെ യശസ്സ് കാവ്യത്തിലൂടെ ഉയര്‍ത്തിയ മഹാനായ കവിയാണ് നടുത്തോപ്പില്‍ അബ്ദുല്ല. അറബി മലയാളത്തില്‍ ഏറ്റവും പഴക്കം ചെന്ന കൃതിയായ മുഹ്‌യിദ്ദീന്‍ മാലയുടെ കര്‍ത്താവ് ഖാസി മുഹമ്മദിന്റെ സന്തത സഹചാരികളില്‍ പെട്ടവരാണ് നടുത്തോപ്പില്‍ അബ്ദുല്ല. മാപ്പിളപ്പാട്ടിലെ ജനകീയ കൃതികളിലൊന്നായ പക്ഷിപ്പാട്ടാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധി നേടിയ രചന. ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത വെറുമൊരു കെട്ടുകഥ ആയിരുന്നിട്ട് പോലും അക്ബര്‍ സ്വദഖയെന്ന പക്ഷിപ്പാട്ടിനെ ആസ്വാദകര്‍ നെഞ്ചിലേറ്റിയെന്നത് ഇതിന്റെ രചനാ ഘടനയെയും ഭാഷാ ലാളിത്യത്തേയുമാണ് സൂചിപ്പിക്കുന്നത്. മലയാള സാഹിത്യത്തില്‍ രമണനുള്ള സ്ഥാനമാണ് മാപ്പിളപ്പാട്ട് ശാഖയില്‍ പക്ഷിപ്പാട്ടിനുള്ളത്. മലയാളത്തിലും അറബി മലയാളത്തിലുമായി പതിനായിരക്കണക്കിന് കോപ്പികളാണ് വിറ്റഴിയുന്നത്. കൂടാതെ റെക്കോര്‍ഡിലൂടെയും ആസ്വാദകരിലെത്തി ഘനപ്പെട്ട പല പഠനങ്ങളും ഈ കൃതിക്കുണ്ടായി. ഇപ്പോഴും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
പക്ഷിപ്പാട്ടിന്റെ തുടക്കത്തില്‍ നിന്ന്:
'ആദിപെരിയവന്റെ കല്‍ അരുളാലെ
ആലത്തില്‍ ആരംബദൂതര്‍ മുഹമ്മദ് തങ്ങളും
തങ്ങളെ സഹാബിമാരും കൂടി
മദീനത്തെ പള്ളിയിലിരിക്കും സമയത്ത്
ചായാല്‍ ഒരു പക്ഷി വന്ന് സലാം ചൊല്ലി
ആറ്റല്‍ നബിയും സലാമും കയ്യേറ്റാരെ'
മക്കയില്‍ നിന്നും ഇഫ്‌രീത്ത് തട്ടിക്കൊണ്ടു പോയ ഒരു പെണ്‍കുട്ടിയെ മോചിപ്പിക്കുന്നതിനായി അലിയാര് തങ്ങള്‍ ഇഫ്രീത്തിന്റെ കോട്ടയിലെത്തുന്ന കഥ വളരെ സാഹസികത നിറഞ്ഞതാണ്. ഇബ്‌നു ഉമൈറെന്ന പാമ്പിന് എണ്‍പത് തലകളാണ്. എണ്‍പത് ഫണം വിടര്‍ത്തിയാടുന്ന രംഗവും അറാക് വൃക്ഷവും കോട്ടക്കകത്തുള്ള ഓരോ വിശേഷങ്ങളും പറയുമ്പോള്‍ ആസ്വാദകരുടെ രോമകൂപങ്ങള്‍ എഴുന്നേറ്റ് നില്‍ക്കും.
'തന്നാലെ കുത്തുന്ന വാളുണ്ടാ കോട്ടയില്‍
തന്നാലടിക്കുന്ന ദണ്ഡുണ്ടാ കോട്ടയില്‍
തന്നാലെ വീശുന്ന വലയുണ്ടാ കോട്ടയില്‍
തന്നാലെ നീര്‍പൊങ്ങും ബഹ്‌റുണ്ടാക്കോട്ടയില്‍
ആ കോട്ടക്കുള്ളിലെ അജബുകള്‍ മട്ടില്ല
നിന്നിട്ടുറങ്ങുന്ന നാന്നൂറ് നാരികള്‍
ഇരുന്നിട്ടുറങ്ങുന്ന നാന്നൂറ് നാരികള്‍
നടന്നിട്ടുറങ്ങുന്ന നാന്നൂറ് നാരികള്‍
കിടന്നിട്ടുറങ്ങുന്ന നാന്നൂറ് നാരികള്‍'
അലിയാര് ഇഫ്‌രീത്ത് രാജനുമായി ഏറ്റുമുട്ടുന്ന രംഗം:
'അങ്ക്മങ്കം ബംബര്‍ ആലി ചാടി രാജന്‍ മുമ്പിലായി
ചാടി രാജന്‍ മുമ്പിലായര്‍ നീണ്ട് ബാശം കൂറലായ്
പിടിത്തമര്‍ത്ത് വെത്ത് നീ പതിനാല് വര്‍ഷമായ്
ദുര്‍സമാനും വന്നു നിന്റെ നാളടുത്ത് പോകലായ്'
ഒ. ആബു തയ്യാറാക്കിയ അറബി മലയാള സാഹിത്യ ചരിത്രത്തിലും കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമും സി.എന്‍ അഹമ്മദ് മൗലവിയും ചേര്‍ന്ന് തയ്യാറാക്കിയ മഹത്തായ മാപ്പിള സാഹിത്യം എന്ന ഗ്രന്ഥത്തിലും പക്ഷിപ്പാട്ടിനെപ്പറ്റിയും അതിന്റെ രചയിതാവായ നടുത്തോപ്പില്‍ അബ്ദുല്ലയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
(തുടരും)

ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...