Saturday, June 10, 2017

ഇച്ചമസ്താന്റെ വിരുത്തങ്ങള്‍

ഇച്ചമസ്താന്റെ വിരുത്തങ്ങള്‍

എ.വി ഫിര്‍ദൗസ്

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി കേരളത്തില്‍ ജീവിച്ച സ്വൂഫി ചിന്തകനായിരുന്നു ഇച്ചമസ്താന്‍ എന്ന് അറിയപ്പെട്ട അബ്ദുല്‍ഖാദിര്‍ മസ്താന്‍. കണ്ണൂര്‍ പട്ടണത്തിലെ ഒരു പാരമ്പര്യ മുസ്‌ലിം തറവാട്ടിലാണ് അദ്ദേഹം ജനിച്ചത്. പിച്ചളപ്പാത്രങ്ങള്‍ കച്ചവടം ചെയ്തു ജീവിച്ചിരുന്ന ഒരു സാധാരണക്കാരനായിരുന്നു ജീവതത്തിന്റെ ആദ്യഘട്ടത്തില്‍ അദ്ദേഹം. അദ്ദേഹത്തിന്റെ പൂര്‍വികരും ആ തൊഴില്‍ ചെയ്തവരായിരുന്നു. എന്നാല്‍ പിച്ചളപ്പാത്ര കച്ചവടവുമായി ബന്ധപ്പെട്ടു കേരളത്തിനകത്തും പുറത്തുമായി ധാരാളം സഞ്ചരിക്കേണ്ടിവന്നപ്പോള്‍ വിവിധ ആത്മീയ പണ്ഡിതന്മാര്‍, സന്ന്യാസിമാര്‍, സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ തുടങ്ങിയവരുമായൊക്കെ സമ്പര്‍ക്കമുണ്ടായി.
ഒരിക്കല്‍ ചെമ്പോലത്തകിടില്‍ എഴുതിയ ഒരു ചെന്തമിഴ് ലിഖിതം അദ്ദേഹത്തിന്റെ കൈവശം വന്നുചേര്‍ന്നു. ഇച്ച മസ്താനിലേക്കുള്ള പരിവര്‍ത്തനത്തിന്റെ തുടക്കം അതായിരുന്നു. ആ ലിഖിതം വായിക്കാനായി പലരെയും സമീപിച്ചെങ്കിലും ആര്‍ക്കുമതു വായിക്കാനായില്ല. തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തു താമസിച്ചിരുന്ന സ്വൂഫികളുമായി ബന്ധപ്പെടാനിടയായത് അങ്ങനെയാണ്. അറബിക്കവിതയായ ‘അല്ലഫല്‍ അലിഫി’ന്റെ ചെന്തമിഴ് വ്യാഖ്യാനമായിരുന്നു അത്. സ്വൂഫിസത്തിലേക്കും അറബി, പേര്‍ഷ്യന്‍, ഉറുദു, സംസ്‌കൃതം ചെന്തമിഴ് തുടങ്ങിയ എട്ടോളം ഭാഷകളിലേക്കും ഇച്ച മസ്താന്റെ ശ്രദ്ധതിരിയാന്‍ ആ ചെമ്പോലത്തകിട് വഴിയൊരുക്കി. പിന്നീടദ്ദേഹം ഈ ഭാഷകളെല്ലാം ഏതാണ്ടു മികച്ചരീതിയില്‍ത്തന്നെ സ്വായത്തമാക്കുകയും ഈ ഭാഷകളിലെ ആത്മീയ സാഹിത്യങ്ങള്‍ തേടിപ്പിടിച്ചു വായിക്കുകയും ചെയ്തു.
തൊള്ളായിരത്തി പത്തുകളില്‍ ശ്രീനാരായണഗുരുവുമായി ഇച്ചമസ്താന്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അവര്‍ക്കിടയില്‍ ഗാഢമായ സൗഹൃദം തന്നെ നിലനിന്നിരുന്നു. തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തു ജീവിച്ചിരുന്ന സദഖതുല്ലാഹില്‍ ഖാഹിരിയുടെ ശിഷ്യന്മാരില്‍ നിന്നാണ് ഖാദിരിയ്യാ ത്വരീഖത്തില്‍ ആത്മീയ ശിക്ഷണം നേടിയത്. അവരാണ് ‘ഇച്ച’ അഥവാ ദൈവിക തീരുമാനം എന്ന പേരുതന്നെയും നല്‍കിയത്. പിന്നീട് ആത്മീയ സാധനയുടെ അത്യുന്നത പടവുകള്‍ കയറിയ അദ്ദേഹം അസാധാരണമായ ജീവിതമാണു നയിച്ചത്. കേവലം പിച്ചളപ്പാത്ര വില്‍പനക്കാരന്റെ കിറുക്കുകളായിരുന്നില്ല, ദൈവികജ്ഞാനത്തിന്റെ ഉന്നതികള്‍ കയറിയ ആത്മീയദാഹിയുടെ അസാധാരണത്തങ്ങളായിരുന്നു ഇച്ച മസ്താന്റെ ജീവിതത്തെ വേറിട്ടതാക്കിയത്. അപ്പോഴും തൊഴില്‍ എന്ന നിലയില്‍ അദ്ദേഹം പിച്ചളപ്പാത്ര കച്ചവടം തുടര്‍ന്നുകൊണ്ടിരുന്നു. വിവിധ ഭാഷകളിലെ ആത്മീയ ഗ്രന്ഥങ്ങളില്‍ നിന്നു കരസ്ഥമാക്കിയ ജ്ഞാനാംശങ്ങളും സ്വകീയഭാവനകളും കാല്‍പനിക രീതിയില്‍ ആത്മീയ ചിന്തകള്‍ അവതരിപ്പിക്കുന്ന തനതുശൈലിയും ഇടകലര്‍ത്തി ചില കാവ്യങ്ങള്‍ അദ്ദേഹം രചിക്കുകയുണ്ടായി. പോകുന്നിടങ്ങളിലെ ചുമരുകളിലും, വഴിയില്‍ നിന്നു കിട്ടുന്ന കടലാസുകളിലുമൊക്കെയായിട്ടാണ് അവ എഴുതിയത്. ഗ്രന്ഥരൂപം നല്‍കുക എന്ന താല്‍പര്യമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇങ്ങനെ എഴുതിയ വരികളാണ് ‘വിരുത്തങ്ങള്‍’ എന്നറിയപ്പെട്ടത്. കാല്‍പനിക ഭാവനയും ദര്‍ശനവും കലര്‍ന്ന സവിശേഷ കവിതാവരികള്‍ എന്ന അര്‍ഥമാണു ‘വിരുത്തം’ എന്ന ചെന്തമിഴ് പദത്തിനുള്ളത്. പന്ത്രണ്ടായിരത്തോളം വിരുത്തങ്ങള്‍ ഇച്ചമസ്താന്‍ രചിച്ചിട്ടുണ്ടെന്നാണ് മുസ്‌ലിം സാംസ്‌കാരിക ഗവേഷകനായിരുന്ന തലശ്ശേരിയിലെ ഒ. അബു സാഹിബ് കണ്ടെത്തിയത്.
മലയാളം, തമിഴ്, ചെന്തമിഴ്, അറബി, പേര്‍ഷ്യന്‍, ഉറുദു, സംസ്‌കൃതം എന്നിങ്ങനെ വിവിധ ഭാഷകളിലെ പദങ്ങള്‍ ഇടകലര്‍ന്നവയാണു വിരുത്തങ്ങളിലെ വരികള്‍. ഇച്ചയുടെ വിരുത്തങ്ങള്‍ കണ്ടെടുത്തു പ്രകാശിപ്പിച്ചത് ഒ. അബു സാഹിബാണ്. പല വിരുത്തങ്ങളിലും വരികളോ പദങ്ങളോ അക്ഷരങ്ങളോ ഒക്കെ നഷ്ടപ്പെട്ടു പോയതായാണ് അദ്ദേഹം കണ്ടെത്തിയത്. സാധാരണ ഗതിയില്‍ മോയിന്‍കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടു വരികളുടെയും മറ്റും അര്‍ഥവ്യാഖ്യാനം നിര്‍വഹിക്കുന്നതുപോലെ എളുപ്പത്തില്‍ വ്യാഖ്യാനത്തിനു വഴങ്ങുന്നവയല്ല വിരുത്തങ്ങളിലെ വരികള്‍. മനുഷ്യ സൃഷ്ടിപ്പ്, പ്രവാചകന്മാരുടെ ആത്മീയാനുഭവങ്ങള്‍, ഖുര്‍ആനിലെയും ഹദീസിലെയും തത്വങ്ങള്‍, ആത്മീയ ഗുരുക്കന്മാരുടെ അനുഭവങ്ങള്‍, മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട അലൗകിക കഥനങ്ങള്‍ എന്നിങ്ങനെ പല പല മേഖലകളിലൂടെ സഞ്ചരിക്കുന്നവയാണ് വിരുത്തങ്ങളിലെ വരികള്‍. അവയില്‍ ക്ഷിപ്രഗ്രാഹ്യങ്ങളല്ലാത്തവയാണു കൂടുതല്‍ വരികളും.
ഇച്ചമസ്താന്റെ വിരുത്തങ്ങള്‍ക്കു വ്യാഖ്യാനവും, ഇച്ചയുടെ സമ്പൂര്‍ണ ജീവചരിത്രവും പ്രസിദ്ധീകരിക്കാന്‍ ഒ. അബു സാഹിബിന് ഉദ്ദേശമുണ്ടായിരുന്നെങ്കിലും അതു നടക്കുകയുണ്ടായില്ല. 1980 മാര്‍ച്ച് 17ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു. ഒ. അബു സാഹിബ് കണ്ടെടുത്ത വിരുത്തങ്ങള്‍ തൃശ്ശൂരിലെ ആമിനാ ബുക്സ്റ്റാള്‍ 1953 ജൂലൈയില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. 1965 നവംബറില്‍ ഇതില്‍ കൂടുതല്‍ വിരുത്തങ്ങള്‍ ചേര്‍ത്തു രണ്ടുഭാഗം ഉള്‍പ്പടെ പ്രസിദ്ധീകരിച്ചു. മൊത്തം ആറു പതിപ്പുകളാണ് ‘ആമിന’ പുറത്തിറക്കിയത്. 1997 ജൂണിലിറങ്ങിയ ആറാം പതിപ്പാണിതില്‍ അവസാനത്തേത്. 30 വിരുത്തങ്ങളും അറബി അക്ഷരമാലയിലെ ‘അലിഫ് ‘ തൊട്ട് ‘യാഅ് ‘ വരെയുള്ള ബുഖാരിമാലയും ഒന്നാം ഭാഗത്തിലുണ്ട്. രണ്ടാം ഭാഗത്തില്‍ 31 വിരുത്തങ്ങളും ‘അലിഫ് ‘ മുതല്‍ ‘യാഅ് ‘ വരെയുള്ള വലിയ ബുഖാരിമാലയുമാണുള്ളത്.
അജ്ഞാനത്തില്‍ നിന്നു തുടങ്ങിയ ജീവിതം ജ്ഞാനത്തിന്റെ സവിശേഷ മണ്ഡലങ്ങളില്‍ എത്തിയതിന്റെ മികച്ചൊരുദാഹരണമാണ് ഇച്ചമസ്താന്റെ ജീവിതം. അദ്ദേഹത്തിന്റെ കവിതകളായ വിരുത്തങ്ങളെ സവിശേഷമാക്കുന്നത് ആ ജ്ഞാനത്തിന്റെ ഗരിമ തന്നെയാണ്. തന്റേതായ ആത്മീയ നിലപാടുകളെയും വാദഗതികളെയും അംഗീകരിക്കാത്ത അദ്ദേഹത്തിന്റെ സമകാലിക സമൂഹം തനിക്കു നല്‍കിയ വിശേഷണങ്ങളെ അദ്ദേഹം അവഗണിക്കുന്നതു കാണാം:
”വേദം അറിയാത്ത മാപ്പിളക്കരെ
എന്നെ ഒഴിച്ചാടൊല്ലെ” എന്ന് പറയേണ്ടിവരുന്നത് അതുകൊണ്ടാണ് (എട്ടാം വിരുത്തം- പേജ്: 15).
അപരിചിതത്വവും ഉള്‍ക്കൊള്ളലിന്റെ പരിമിതികളും ഇച്ചമസ്താന്റെ കവിതകളെ സധാരണക്കാര്‍ക്ക് അപ്രാപ്യമാക്കി. എന്നാല്‍ വൈയക്തികമായി അദ്ദേഹം വിശ്വാസത്തിന്റെയും ആത്മീയതയുടെയും സവിശേഷ മണ്ഡലങ്ങള്‍ കീഴടക്കിയിരുന്നു. സ്രഷ്ടാവിനോടും പ്രവാചകനോടുമുള്ള സ്‌നേഹവും, വിശ്വാസ ജീവിതത്തില്‍ മുന്നേറാനുള്ള അദമ്യമായ ആഗ്രഹവുമാണ് ഇച്ചമസ്താന്‍ വൈയക്തികമായി നിലനിര്‍ത്തിയത്. അദ്ദേഹം എഴുതുന്നു:
”ഖാഫ് നൂന് കമാലിയത്ത്
ഖദം പിടിച്ച് മണക്കുവാന്‍
ഖാദിറായ മുഹമ്മദോട്
കരഞ്ഞ് നീണ്ട് കൊതിച്ച് ഞാന്‍
ആഫിയത്ത് തടിക്കും ഖല്‍ബിലും
ആക്കി ദീനിലെടുക്കുവാന്‍ 
ആദരക്കനി സയ്യിദീ ഹള്-
റത്ത് നല്ല മുഹമ്മദാ ”(പത്താം വിരുത്തം- പേജ് : 18).
വിരുത്തങ്ങളിലെ സവിശേഷമായ ഒരു കാഴ്ചയാണു വിവിധ ഖുര്‍ആന്‍ അധ്യായങ്ങളുടെ തുടക്കങ്ങളിലെ ഖണ്ഡിതാക്ഷരങ്ങളെ (ഹുറൂഫുല്‍ മുഖത്തആത്ത്) ആത്മീയാര്‍ഥ കല്‍പനകളില്‍ ഉപയോഗിക്കുകയെന്നത്. ഇവയില്‍ പലതും അലൗകികവും അസാധാരണവുമായ സവിശേഷ ജ്ഞാനത്തിന്റെ (ഇല്‍മുല്‍ലദുന്നിയ്യ) സൂചകങ്ങളാണെന്നാണ് ഇച്ചമസ്താന്റെ ഭാഷ്യം.
അറബി ഭാഷാപദങ്ങളെ മലയാള പദപ്രയോഗങ്ങളുമായി ചേര്‍ക്കുന്ന ശൈലി വിരുത്തങ്ങളില്‍ ധാരാളമാണ്. അറബിഭാഷയുമായി അദ്ദേഹത്തിനുണ്ടായിരുന്ന അസാധാരണമായ പരിചയത്തിന്റെ നിദര്‍ശനങ്ങളാണ് ഇത്തരം പല പ്രയോഗങ്ങളും…
”കറയറ്റ റഹ്മത്തില്‍
ഖുദ്‌റത്തി ‘യെക്ഫീക്ക’
കോവില്‍ മറൈന്ത നഫ്‌സീ ”(ഭാഗം രണ്ട് പതിനാറാം വിരുത്തം പേജ്: 21).
ശരീരമാകുന്ന കെട്ടിടത്തെ മറന്നു ദൈവികമായ കാരുണ്യത്തിലും ശക്തിയിലും ആശ്രയം കണ്ടെത്തുവാന്‍ ആത്മാവിനെ നിര്‍ദേശിക്കുകയാണു വരികളുടെ താല്‍പര്യം. എന്നാല്‍ മതിയാകും എന്ന അര്‍ഥം ദ്യോതിപ്പിക്കാന്‍ ‘യക്ഫീക’എന്ന അറബി ക്രിയാപദശൈലി കൊണ്ടുവന്നിരിക്കുന്നു. ഇത്തരത്തില്‍ അറബി, ഭൂത, വര്‍ത്തമാന, ഭാവി കാലക്രിയകളെ മലയാളം, തമിഴ്, ഉറുദു ഭാഷാ പദങ്ങളുടെ ഇടയില്‍ വിളക്കിച്ചേര്‍ക്കുന്ന ശൈലി വിരുത്തങ്ങളെ സവിശേഷമാക്കുന്നു.
മലയാള ഇതര ഭാഷകള്‍ മാത്രമായി ചിലപ്പോള്‍ ചില വരികള്‍ മാറുന്നതും കാണാം.
” കഫാനാ കഫാനാ
ഗുനാ മത് കറോ സാഹിബ്
ഖാലൂ ബലാകെ തെരേ” (ഭാഗം രണ്ട്പതിനേഴാം വിരുത്തം, പേജ്: 22).
ഇത്തരം വരികളുടെ കൃത്യമായ താല്‍പര്യം പലപ്പോഴും വ്യക്തമല്ല. എന്നാല്‍ സാന്ദര്‍ഭികവും ആത്മീയവുമായ അര്‍ഥകല്‍പന നല്‍കുകയെന്നതാണ് ഇത്തരം വരികളുടെ കാര്യത്തില്‍ ഒ. അബു സാഹിബ് സ്വീകരിച്ച യുക്തിപരമായ സമീപനം. അറബി-ഉര്‍ദു-പേര്‍ഷ്യന്‍ പദങ്ങള്‍ ഒന്നിക്കുന്നു ഈ വരികളിലും ഇത്തരം പലതിലും.
സ്വൂഫികളുടെ ആത്മീയ അവസ്ഥകളില്‍ ഒന്നായി തസ്വവ്വുഫിന്റെ കൃതികള്‍ പരിചയപ്പെടുത്തുന്ന ‘ഫനാ’ഇനെ ദ്യോതിപ്പിക്കുന്ന ചില വരികള്‍ ഇപ്രകാരമാണ്:
”അദലില്‍ നിറുത്ത് തടി
അവനില്ല ഇവനില്ല
ഹയാത്തൊന്ന് റൂഹൊന്നെടാ”(വിരുത്തം-ഒന്ന് – ഭാഗം രണ്ട്).
എല്ലാ സൃഷ്ടികള്‍ക്കും മുന്‍പേ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ പ്രകാശത്തെ സൃഷ്ടിക്കുകയും ആദം നബി മുതലുള്ള പ്രവാചക പരമ്പരകളിലുടെ ആ പ്രകാശം കൈമാറിവരികയും ചെയ്തുവെന്ന ആശയത്തെ ഇപ്രകാരം ആവിഷ്‌കരിക്കുന്നു:
”മുന്നമെ മുന്നമൊ –
രുനുഖ്തക്ഷരം
മുന്നിലെ വെച്ച വെടി അത്
മിന്നിമിന്നിക്കളി-
ച്ചെണ്ടബൂആദമില്‍
മീമ് മുളച്ചതെടി ” (വിരുത്തം ഒന്ന്-പേജ് 8).
അലൗകികജ്ഞാനം മനുഷ്യര്‍ ജിന്നുകള്‍, മലക്കുകള്‍ എന്നിങ്ങനെ സൃഷ്ടികളുടെ പല രൂപങ്ങളിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്നതിനെയാണ്
”അലാ മിസാല്‍ പല
കോലം ചമഞ്ഞതെടി
അറി ഇന്‍സ്ജിന്ന് മലകില്‍
ആറായിരം കരുവില്‍
നൂറായിരം കരുവും
ആറാറുടുത്ത ബടുവി” (വിരുത്തം രണ്ട്-പേജ് 9) എന്ന വരികള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ സ്വൂഫികളില്‍ ചിലര്‍ ഹൈന്ദവ ദൈവ സങ്കല്‍പങ്ങളിലെ പരമോന്നത ഈശ്വര ഭാവനയെ സൂചിപ്പിക്കുന്ന ചില പദങ്ങള്‍ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഒരു പദമാണ് ‘ശിവന്‍’. സ്വൂഫികളുടെ ഭാഷയിലെ ശിവന്‍ ക്ഷേത്ര ഭക്തിസങ്കല്‍പത്തിലെ ശിവനല്ല. സാക്ഷാല്‍ പരംപൊരുളാണ്. ആ നിലക്കാണ് ഇച്ച മസ്താന്‍ ശിവന്‍ എന്ന പദം തന്റെ വിരുത്തങ്ങളില്‍ ഉപയോഗിക്കുന്നത്. താഴെ വരികള്‍ അത്തരത്തിലുള്ളവയാണ്.
”മീമെണ്ട കമ്പമെടാ
ശിവന്‍ വാഴും കായമെടാ” (വിരുത്തം പന്ത്രണ്ട്-ഒന്നാം ഭാഗം).
”ആപത്തൊഴിന്ത് ഹ-
ലാക്കും വിടുന്ത് റ-
ഹ്മത്തില്‍ കൂട്ട് ശിവനേ”(വിരുത്തം പതിനാല്-ഒന്നാം ഭാഗം).
”ഹൂ എണ്ട താമരയില്‍
ഹാഹീധ്വനിത്തതിരി
ലെങ്കിത്തൊനിന്റെ ശിവനാ”(ഭാഗം രണ്ട് വിരുത്തം 26-പേജ് 29)
മനുഷ്യന്‍ മണ്ണിന്റെ ശില്‍പമാണെന്നും അവന്‍ നശ്വരന്‍ മാത്രമാണെന്നും പറയുന്നു:
”മണ്ണോട് മാഅ്
കൂട്ടിച്ചമയ്ത്ത
മര്‍ത്തബ ഇന്‍സാനല്ലോ” (ഭാഗം രണ്ട് വിരുത്തം അഞ്ച്)
അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ) എല്ലാ പ്രവാചകന്മാര്‍ക്കും അനുഗ്രഹമായിരുന്നുവെന്ന യാഥാര്‍ഥ്യം പ്രവാചക ജീവിതത്തിന്റെ പ്രത്യക്ഷാനുഭവങ്ങളില്‍ നിന്നു തെളിയിക്കപ്പെടുന്നുവെന്ന ആശയമാണു താഴെ വരികളിലുള്ളത്:
”നബിമാരടങ്കലിലും
നിഅ്മത്ത് പെറ്റ നില
നിറവാക്കിത്തരും ഉറഫാല്‍” (ഭാഗം രണ്ട്- വിരുത്തം 22).
അലൗകികമായ സ്‌നേഹത്തെ- സ്രഷ്ടാവിനോടുള്ള അദമ്യമായ അഭിനിവേശത്തെ-ആത്മാവിന്റെ ലഹരിയായി- നഫ്‌സിന്റെ മദിരയായി- ഇച്ചമസ്താന്‍ ചിത്രീകരിക്കുന്നു.
”ഹു എണ്ട ഉള്‍പ്പൊരുള്‍
ഇശ്‌ഖെന്ന മോസയതില്‍
ഊര്‍ന്നിപ്പടര്‍ന്ത കതിരം
ഹൂഹൂ എണ്ടെപ്പൊഴുതും
ഉപദേശ മന്തിരമെ
നഫ്‌സേ കുടിക്ക് മദിരം” (ഒന്നാം ഭാഗം- 24-ാം വിരുത്തം).
ലൗകികവും അലൗകികവുമായ ജ്ഞാനങ്ങളെ ദൈവികമായ രഹസ്യത്തിന്റെ രണ്ടു ശിഖരങ്ങളായി വിഭാവന ചെയ്യുന്നു. ‘സിര്‍റ് ‘ എന്നതില്‍ നിന്ന് ഉത്ഭവിക്കുകയും ദിവ്യാത്മാക്കളുടെ ജ്ഞാനം അതില്‍ നിന്നു പ്രത്യേക ആച്ഛാദനത്തോടെ വേര്‍പിരിയുകയും ചെയ്യുന്നുവെന്നാണു ഭാവന:
”സീനാല്‍ മുളച്ചമരം
സിത്‌റാല്‍ മആരിഫുടെ
സിര്‍റാകും രണ്ട് കവരം” (വിരുത്തം നാല് ഒന്നാം ഭാഗം).
ഇച്ചയുടെ ആത്മീയ ഭാവനകളില്‍ മശാഇഖുമാര്‍ക്കും സവിശേഷമായ പരിഗണനകള്‍
കാണാം. പ്രത്യേകിച്ച് അദ്ദേഹം പിന്തുടര്‍ന്ന ഖാദിരിയ്യാ ത്വരീഖത്തിന്റെ പരമോന്നത ഗുരുവായ മുഹ്‌യിദ്ദീന്‍ ശൈഖിനെ പല വരികളിലും പരാമര്‍ശിക്കുന്നുണ്ട്:
”മുത്തില്‍ തെളിഞ്ഞവരെ
മകനാരെടോ അറിയോ ?
മുഹ്‌യിദ്ദീനെണ്ടതറിയോ ?”(വിരുത്തം- മൂന്ന്, ഒന്നാം ഭാഗം)
”മുത്തിലുള്ള പത്തെടുത്ത്
മുത്തിമുത്തിക്കൊള്ളടാ”(വിരുത്തം -അഞ്ച് ഒന്നാം ഭാഗം) എന്ന വരികളില്‍ പ്രവാചകന്‍(സ)യുടെ ശിഷ്യഗണങ്ങളിലെ സ്വര്‍ഗവാഗ്ദാനം നല്‍കപ്പെട്ട പത്തുപേര്‍(അഷ്‌റതുല്‍ മുബഷ്ഷിരീന്‍) ആണു സൂചിപ്പിക്കപ്പെടുന്നത്.
ഇങ്ങനെ ഇസ്‌ലാമിക ആത്മീയ സംസ്‌കാരത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്നു ഇച്ചയുടെ വിരുത്തങ്ങള്‍. ചരിത്രവും ആത്മജ്ഞാനവും ആന്തരിക ജ്ഞാനങ്ങളും സ്വൂഫികളുടെ മനോഭാവങ്ങളും വേദാധ്യാപനങ്ങളുടെ പരോക്ഷാശയങ്ങളും ആത്മീയ ഗുരുക്കന്മാരുടെ അവസ്ഥകളും അദ്ദേഹത്തിന്റെ വരികളില്‍ കടന്നുവരുന്നു. കൃത്യമായ വ്യാഖ്യാനം ഇവ എഴുതിയ ആത്മജ്ഞാനിയില്‍ നിന്നു തന്നെ നേരിട്ടു ലഭ്യമായിട്ടില്ല എന്ന പരിമിതിയാണ് ഇച്ചയുടെ വിരുത്തങ്ങളെ ജ്ഞാനോപാസകരില്‍ നിന്നകറ്റിനിര്‍ത്തിയ ഒരു ഘടകം. വിരുത്തങ്ങള്‍ക്കു വ്യാഖ്യാനമെഴുതാന്‍ ഒ. അബു സാഹിബ് നടത്തിയ ശ്രമങ്ങളുടെ ഫലം ഒട്ടും ലഭ്യമാവുകയുമുണ്ടായില്ല. അബു സാഹിബിന്റെ അപ്രകാശിത രചനകളുടെ കൂട്ടത്തിലെവിടെയോ ആശ്രമങ്ങള്‍ മറഞ്ഞു കിടപ്പുണ്ടാവാം.

മാപ്പിളപ്പാട്ട് - (ഭാഗം - 7)


മാപ്പിളപ്പാട്ട് - (ഭാഗം - 7)

--------------------------------
അവലംബനം: ഇഖ്ബാൽ മുറ്റിച്ചൂർ & സലിം കോട്ടയിൽ
(#മാപ്പിളകലാഅക്കാദമികുവൈറ്റ്ചാപ്റ്റർ)

ഞങ്ങൾ ഇവിടെ പങ്കു വെക്കുന്ന അറിവുകള്‍ക്ക് വി പി മുഹമ്മദാലിയുടെ മാപ്പിളപ്പാട്ടുകള്‍ നൂറ്റാണ്ടുകളിലൂടെ , വി എം കുട്ടിയുടെ മാപ്പിളപ്പാട്ടിന്റെ തായ്‌വേരുകള്‍ ‍,മഹാകവി ചേറ്റുവായ് പരീക്കുട്ടി ,മോയിന്‍കുട്ടി വൈദ്യര്‍ സമ്പൂര്‍ണ്ണകൃതികള്‍ ,മാപ്പിളപ്പാട്ട് പാഠവും പഠനവും , മെഹറിന്റെ പാട്ടുകള്‍ ,ഡോ. എം. എന്‍ . കാരശ്ശേരി.
മാപ്പിള ഫോക്ലോര്‍,സമാഗമം, എന്നീ പുസ്തങ്ങളോടും മാഗസിനുകളില്‍ വന്ന ലേഖനങ്ങളോടും കടപ്പാട്...

പുണ്യാത്മാക്കളുടെ ജീവാപദാനങ്ങൾ വാഴുത്തുന്ന കീർത്തന കാവ്യ വിഭാഗത്തിൽ പെടുന്ന പാട്ടുകളാണു മാലപ്പാട്ടുകൾ. കേരളത്തിൽ ഇസ്‌ലാമിലെ വ്യത്യസ്ത സൂഫീ മാർഗ്ഗങ്ങൾ (ത്വരീഖത്ത്) ശക്തമായിരുന്ന കാലഘട്ടത്തിലാണ് മാലപ്പാട്ടുകൾ ധാരാളമായി ഉണ്ടായത്. 13 മുതൽ 16 വരെ നൂറ്റാണ്ടുകളിൽ കേരളീയ മുസ്‌ലിംകൾക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്തിയ സൂഫീ ദർശനങ്ങൾ മാലപ്പാട്ടിന് പ്രചോദനമായി ഭവിച്ചു. തമിഴകത്തെ ശൈവന്മാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭക്തികാവ്യങ്ങളുടെ ശൈലി (കോർവ്വ)പിന്തുടർന്നു കൊണ്ടായിരുന്നു അറബി മലയാളത്തിലെ മാലപ്പാട്ടുകൾ രചിക്കപ്പെട്ടത് എന്നഭിപ്രായമുണ്ട്.

മാലപ്പാട്ടിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. ശൈഖിന്റെ (പുണ്യപുരുഷൻ) അപദാനങ്ങളെ വാഴ്ത്തുന്നതാണ് ഒന്നാം ഭാഗം. ശൈഖിനെ മുൻ നിർത്തി ദൈവത്തോട് പ്രാർത്ഥിക്കുന്നതാണ് (ഇടതേട്ടം) രണ്ടാം ഭാഗം (ഇരവ്).

അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാലപ്പാട്ടാണു മുഹിയിദ്ദീൻ മാല. ഖാസി മുഹമ്മദ് ആണ് മുഹിയിദ്ദീൻ മാലയുടെ കർത്താവ്. മുഹിയിദ്ദീൻ മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാ‍ട്ടുകൾ അറബി മലയാളത്തിലും മലയാളത്തിലും ഉണ്ടായി.

ഇച്ച മസ്താന്റെ ബുഖാരി മാല, കൊടഞ്ചേരി മരക്കാർ മുസ്‌ലിയാരുടെ ബദർ മാല, കെ.ടി. ആസിയയുടെ "ഖദീജാ ബീവിയുടെ വഫാത്ത് മാല", മുഹമ്മദ് മറ്റത്തിന്റെ ഖുദ്‌റത്ത് മാല, എം.ബാവക്കുട്ടി മൌലവിയുടെ ലോകനീതി മാല, പി.കെ.ഹലീമയുടെ ചന്ദിര സുന്ദര മാല തുടങ്ങിയ മാലപ്പാട്ടുകൾ പ്രസിദ്ധമാണ്. എം.എൻ.കാരശ്ശേരി വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ഒരു ബഷീർ മാലയും പണിതിട്ടുണ്ട്.

അറബി മലയാളത്തിൽ എഴുതപ്പെട്ട കാവ്യങ്ങൾക്ക് പൊതുവായുള്ള പേർ മാപ്പിളപ്പാട്ടുകൾ എന്നാണ്. ഭാഷാകാവ്യങ്ങളിൽനിന്നു ഭിന്നമായ ശൈലിയിലും ഭാവത്തിലും മാപ്പിളക്കവികൾ നിർമിച്ചു വികസിപ്പിച്ചെടുത്ത ഈ ഗേയകാവ്യങ്ങൾക്ക് ആ പേർ തികച്ചും അന്വർഥമായിരിക്കുന്നു. മാപ്പിളപ്പാട്ടുകൾ മലയാളലിപിയിൽ അച്ചടിക്കാറുണ്ടെങ്കിലും പഴയ പാരമ്പര്യക്കാർ അറബിമലയാളത്തിൽത്തന്നെയാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ച മുഹിയിദ്ദീൻമാല, നൂൽദേഹ് എന്നീ കൃതികളിലെന്നപോലെ പിന്നീടുള്ള 90 ശ.മാ. കാവ്യങ്ങളിലും രചയിതാവിന്റെയും പ്രസാധകന്റെയും പേരും രചനാവർഷവും തീയതിയും സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മാപ്പിളപ്പാട്ടുകൾക്ക് പടപ്പാട്ടുകൾ, ബിസപ്പാട്ടുകൾ, നേർച്ചപ്പാട്ടുകൾ, കെസ്സുകൾ (കല്യാണപ്പാട്ടുകൾ), പദങ്ങൾ, തിരിപ്പുകൾ, ചിന്തുകൾ, വർണങ്ങൾ എന്നിങ്ങനെ പല ശാഖകളുണ്ട്. പടപ്പാട്ടുകൾ ആ പേർ സൂചിപ്പിക്കുന്നതുപോലെ മുസ്ലിങ്ങൾ നടത്തിയ സമരങ്ങളെ അധികരിച്ചു രചിക്കപ്പെട്ടവയാണ്. ചരിത്രപരവും ഐതിഹ്യസംബന്ധികളുമായ ഇതിവൃത്തങ്ങളിലാണ് ആ ഗാനങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. പ്രവാചകന്മാരുടെയും പൂർവികന്മാരുടെയും സിദ്ധന്മാരുടെയും ജീവിതങ്ങളാണ് ബിസപ്പാട്ടുകളിലെ പ്രതിപാദ്യം; കല്പിത കഥകളും ഇല്ലാതില്ല. നേർച്ചപ്പാട്ടുകൾ കീർത്തനപ്രധാനങ്ങളായ ചെറുകൃതികളാണ്. കെസ്സുകളിൽ പ്രേമഗാനങ്ങളും സ്തുതിഗീതങ്ങളും ഉൾപ്പെടുന്നു. പദങ്ങൾ' സംഗീതശാസ്ത്രമനുസരിച്ചുള്ള പല്ലവി, അനുപല്ലവി, ചരണം എന്നിവയോടുകൂടിയതും സംഗീതോപകരണങ്ങൾ ഉപയോഗിച്ചും താളംപിടിച്ചും സംഘംചേർന്നു പാടാവുന്നവയുമാണ്. കല്യാണപ്പാട്ടുകൾ കല്യാണവേളകളിൽ കൈകൊട്ടിപ്പാടിക്കളിക്കാനായി ഉപയോഗിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കല്യാണപ്പാട്ടുകളുണ്ട്. തിരിപ്പുകൾ, ചിന്തുകൾ, വർണങ്ങൾ എന്നീ ഗാനങ്ങൾ വിവാഹവേളകളിൽ ഓരോരുത്തർ പ്രത്യേകം പ്രത്യേകം പാടാൻ ഉപയോഗിക്കുന്നു. മുകളിൽ പറഞ്ഞ കെസ്സുകൾ എന്ന പ്രേമഗാനങ്ങൾ മലബാർ പ്രദേശങ്ങളിൽ ഒരു കാലത്ത് പ്രചരിച്ചിരുന്നെങ്കിലും അവയിൽ പലതും അച്ചടിക്കപ്പെട്ടിട്ടില്ല. കെസ്സുപാട്ടുകളുടെ കൂട്ടത്തിൽ ആദ്യമായി പ്രസിദ്ധം ചെയ്ത പ്രണയകാവ്യം മോയിൻകുട്ടിവൈദ്യരുടെ ബദറുൽമുനിർ ആകുന്നു.

കേരളമുസ്ലിങ്ങൾക്ക് അറബിഭാഷയുമായി ഗാഢസമ്പർക്കമുണ്ടായിരുന്നതിനാൽ മാപ്പിളപ്പാട്ടുകളിൽ ആദ്യകാല കൃതികളിലെ ഭാഷ അറബിസമ്മിശ്രമായ മലയാളം ആയിരുന്നു. പിന്നീട്, അതിൽ ക്രമേണ വിവിധ ഭാഷകളുടെ അതിപ്രസരം പ്രകടമായി.

മാപ്പിളപ്പാട്ടുകളിൽ വിവിധ രീതിയിലുള്ള വൃത്തങ്ങൾ വിദഗ്ധമായി പ്രയോഗിച്ചിട്ടുണ്ട്. ദ്രാവിഡ-സംസ്കൃത വൃത്തങ്ങൾക്കുപുറമേ മൂന്നും, ആറും, എട്ടും ശീലുകളുള്ള ചില പുതിയ വൃത്തങ്ങളും പൊതുവേ ദൃശ്യമാണ്. ഇവയിൽത്തന്നെ വർണവൃത്തങ്ങളും മാത്രാവൃത്തങ്ങളും ഉൾപ്പെടുന്നു. വൃത്തങ്ങളെല്ലാം ഇശൽ എന്ന പേരിലാണ് അറിയപ്പെടുന്നത്.

പ്രചാരത്തിലുള്ള അറബി മലയാളകൃതികളിൽ മുഹിയിദ്ദീൻമാലയ്ക്കാണ് കൂടുതൽ പഴക്കമുള്ളത്. കോഴിക്കോട്ടെ ഖാസിയായിരുന്ന മുഹമ്മദ് ആണ് രചയിതാവ്; ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈഖ്മുഹിയിദ്ദീൻ എന്ന സിദ്ധന്റെ അപദാനങ്ങളാണ് ഇതിവൃത്തം. മുഹിയിദ്ദീൻമാലയിൽ 155 ഈരടികൾ മാത്രമാണുള്ളത്.

പിന്നീട് അര നൂറ്റാണ്ടിനുശേഷം രചിക്കപ്പെട്ടതാണ് നൂൽമദ്ഹും, കപ്പൽപ്പാട്ടും. നൂൽമദ്ഹിന്റെ രചന ഹിജ്റ 1151-ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കപ്പൽപ്പാട്ടിന്റെ കാലം വ്യക്തമല്ല. തലശ്ശേരിക്കാരനായ ഒരു കുഞ്ഞായൻ മുസലിയാരുടെ കൃതികളാണ് ഇവ രണ്ടും. അദ്ദേഹം വടക്കൻ കോട്ടയത്തെ തമ്പുരാന്റെ ആശ്രിതനും മങ്ങാട്ടച്ചന്റെ സ്നേഹിതനുമായിരുന്നെന്നും പറയപ്പെടുന്നു. മുസലിയാരുടെ ഫലിതങ്ങളെ സംബന്ധിച്ചുള്ള പല കഥകളും വടക്കേ മലബാറിൽ പ്രചാരത്തിലുണ്ട്.

ഹിജ്റ 13-ആം നൂറ്റാണ്ടിന്റെ ഉത്തരാർധത്തോടുകൂടിയാണ് മാപ്പിളപ്പാട്ടു പ്രസ്ഥാനത്തിന് കാര്യമായി പുരോഗതി ഉണ്ടായത്.

മാപ്പിളപ്പാട്ട് - (ഭാഗം - 6) - ""മുഹ് യിദ്ദീന്‍ മാല" തുടർച്ച...


മാപ്പിളപ്പാട്ട് - (ഭാഗം - 6) - ""മുഹ് യിദ്ദീന്‍ മാല" തുടർച്ച...

-----------------------------------------------------------------
അവലംബനം: ഇഖ്ബാൽ മുറ്റിച്ചൂർ & സലിം കോട്ടയിൽ
(#മാപ്പിളകലാഅക്കാദമികുവൈറ്റ്ചാപ്റ്റർ)

മാലപാട്ടുകൾ പാടേണ്ട ക്രമം:
----------------------------------
മാല ചൊല്ലാൻ ആരംഭിക്കുന്നതിനു ചില ക്രമവും ദുആ എന്ന പ്രാർത്ഥനയും കുടെയുണ്ട്.

ആദ്യം പ്രവാചകനായ നബിയെ സ്തുതിക്കുന്നു.പാരായണം ചെയ്യാൻ പോകുന്ന ഖുർ ആൻ സൂക്തങ്ങൾ മുഹ്‌യിദ്ദീൻ ശൈഖിനു വേണ്ടി സമർപ്പിക്കുന്നു.

“ സുമ്മ ഇലാ ഹള്‌റത്തി ശൈഖുനാ വ ശൈഖുൽ മ‌ശ്‌രിഖി വൽ മഗ്‌രിബി ഗൌസുൽ അ‌അലം ഖുതു ബിൽ അഖ്ത്താബി സുൽത്താൻ മുഹ്‌യുദ്ദീൻ അബ്ദുൽ ഖാദറിൽ ജീലാനി ഖദസല്ലാഹു സിർ‌റഹുൽ അസീസ് വനഫ അ‌അനല്ലാഹു ബിബറക്കാത്തിഹി ഫിദ്ദാറൈനി”...
അതിനു ശേഷം ഖുർ‌ആനിലെ സൂറത്തുൽ ‍‌ഫാത്തിഹ എന്ന അദ്ധ്യായം പാരായണം ചെയ്യുന്നു. തുടർന്ന് ഖുൽഹുവല്ലാഹിയെന്നും, ഖുൽ അ‌ഊദു ബിറബ്ബിൽ ഫലഖ്, ഖുൽ അ‌ഊദു ബിറബ്ബിന്നാസ് എന്നുമുള്ള ഖുർ‌ആനിലെ അവസാന അധ്യായങ്ങൾ ഓതുന്നു. അതിനു ശേഷം ദു‌ആ ചൊല്ലിത്തീർത്തു മാല ചൊല്ലാൻ തുടങ്ങാൻ തുടങ്ങുന്നു.

അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യദ്ദീൻ മാല എന്ന മാലപ്പാട്ട്. കോഴിക്കോട് ഖാസിയും അറബി മലയാള ഭാഷാകവിയും ഗ്രന്ഥകാരനുമായിരുന ഖാസി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ് ആണ് മുഹ്‌യദ്ദീൻ മാലയുടെ രചയിതാവ്. 1607 ആണ് ഇതിന്റെ രചനാകാലം. എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നതിനു തൊട്ടു മുമ്പുള്ള കാ‍ലഘട്ടമാണിത്. മുഹ്‌യദ്ദീൻ മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാട്ടുകൾ പിന്നീട് അറബി മലയാ‍ളത്തിലുണ്ടായി.

ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പ്രമുഖ സൂഫി വര്യന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നതാണ് മുഹ്‌യദ്ദീൻ മാല. മുഹ്‌യദ്ദീൻ ( മുഹ്‌യ് +ദീൻ) എന്നാൽ വിശ്വാസത്തെ പുനരുജ്ജീവിക്കുന്നവൻ എന്നർത്ഥം. ഇറാഖിലെ ജീലാൻ പ്രദേശത്തുകാരനായതിനാലാണു ജീലാനി എന്നു വിളിക്കപ്പെടുന്നതു. ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനിയുടെ ഇസ്‌ലാമിക സേവനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തെ മുഹ്‌യദ്ദീൻ ശൈഖ് എന്നു വിളിക്കുന്നത്.

പഴയ കാലങ്ങളിൽ മുസ്ലിം വീടുകളിൽ ഇതു സ്ഥിരമായി പാരായണം ചെയ്യുമായിരുന്നു. എന്നാൽ കാലക്രമേണ മുഹ്‌യ്ദ്ദീൻ മാല വിസ്മൃതിയിൽ ലയിക്കുകയുണ്ടായി. മുഹ്‌യദ്ദീൻ മാലയുടെ 400-ആമതു വാർഷികം 2007-ൽ ആചരിക്കുകയുണ്ടായി. ഈ സ്തുതിഗാനത്തിൽ തന്നെ ഇതെഴുതിയ കാലഘടനയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
“ കൊല്ലം ഏഴുന്നൂറ്റീ ‍ഏൺപത്തി രണ്ടിൽ ഞാൻ

കോർത്തേൻ ഈ മാലേനെ നൂറ്റമ്പത്തഞ്ചു ഞാൻ
മുത്തും മാണിക്യവും ഒന്നായി കോർത്തപോൽ
മുഹിയുദ്ദീൻ മാലേനെ കോർത്തേൻ ഞാൻ ലോകരെ"

മുഹ്‌യദ്ദീൻ മാലയുടെ പ്രത്യേകത:
-------------------------------------
പൊതുവേ മാപ്പിളപ്പാട്ടുകളുടെ ദൈർഘ്യം 150-നും 300 ഇനും ഇടയ്ക്ക് വരികളാണ്. മുഹ്‌യദ്ദീൻ മാലയിൽ 310 വരികളുള്ള മാലയ്ക്കു പുറമേ 152 വരികളുള്ള 'അലിഫ്' എന്ന മാണിക്യവും (പ്രാർത്ഥന) , ഗദ്യത്ത്തിലുള്ള പ്രാർത്ഥനയും പദ്യത്തിലുള്ള മുനാജാത്തും അടങ്ങിയിരിക്കുന്നു.മുനാജാത്ത്തിൽ അറബി തമിഴ് പദ്യകൃതികളുടെ സ്വാധീനമുണ്ട്. ലാളിത്യത്തിനും ആർജ്ജവത്തിനും മാതൃകയാണു ഇതിലെ ഓരോ വരികളും.

വരമൊഴിയല്ല, അക്കാലത്തെ വാമൊഴിയാണ്‌ കവി പലപ്പോഴും ഉപയോഗിച്ചു കാണുന്നത്.
“ കോയീന്റെ മുള്ളോട് ‌കൂകെന്ന് ചൊന്നാറെ
കൂസാതെ കൂകിപ്പരപ്പിച്ചു വിട്ടോവർ ”

"ചൊന്നവാറെ", "വന്നവാറെ" തുടങ്ങിയ പ്രാചീനമലയാളഭാഷാപ്രയോഗങ്ങളുടെ തദ്ഭവമായ "ചെന്നാരെ", "വന്നാരെ" എന്നിങ്ങനെ മാലയിൽ കാണുന്ന പ്രയോഗങ്ങളും, പഴയ മലയാളം ബൈബിളിലെ "അന്നാറെ", "എന്നാറെ" തുടങ്ങിയ പദങ്ങളും തമ്മിലുള്ള സാജാത്യം ശ്രദ്ധേയമാണ്‌.

ഭാഷാപരമായ പ്രത്യേകത:
------------------------------
പുണ്യാത്മാക്കളുടെ ജീവാപദാനങ്ങളാണ് മാലപ്പാട്ടുകളുടെ ഉള്ളടക്കം. മാലപ്പാട്ടുകൾ കീർത്തനകാവ്യ വിഭാഗത്തിൽപ്പെടുന്നവയാണ്. തമിഴകത്തെ ശൈവന്മാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭക്തി കാവ്യങ്ങളുടെശൈലി (കോർവ്വ) പിന്തുടർന്നു കൊണ്ടാണ് അറബി മലയാളത്തിലെ കാവ്യങ്ങൾ രചിക്കപ്പെട്ടതെന്ന് അഭിപ്രായമുണ്ട്.

മുഹ്‌യദ്ദീൻ മാലയിൽ പ്രകടമായി കാണുന്ന തമിഴ് ഭാഷാ സ്വാധീനത്തിന്‌ ഒരളവുവരെ കാരണമായത് തമിഴ് പുലവന്മാരുടെ സ്വാധീനമാണെന്ന് അനുമാനിക്കപ്പെടുന്നു.പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അറബിത്തമിഴിൽ രചിക്കപ്പെട്ട "മുഹ്‌യദ്ദീൻ ആണ്ടവർ‌ മാലൈ" തുടങ്ങിയ കൃതികളിലൂടെ പുലവന്മാർ ഇസ്ലാമികഭക്തിപ്രസ്ഥാനത്തിനു തുടക്കം കുറിച്ചിരുന്നു.

പ്രാചീനഭാഷാചമ്പുക്കളിലും സന്ദേശകാവ്യങ്ങളിലുമെല്ലാം ഈ തമിഴ് ചുവ കാണുന്നുണ്ട്. മുഹ്‌യദ്ദീൻ മാലയിലെ പല പ്രയോഗങ്ങളും അക്കാലത്തെ വ്യവഹാരഭാഷയിലുണ്ടായിരുന്നതാണെന്ന് പുരാതനകാലത്തെ താളിയോലകളും ശിലാശാസനങ്ങളും വ്യക്തമാക്കുന്നു.

അറബിമലയാളപദ്യരചനാരീതി പലപ്പോഴും സവിശേഷമായ ഒരു മണിപ്രവാളരീതിയായി മാറുന്നതു കാണാം. മോയിൻകുട്ടി വൈദ്യർ, ചേറ്റുവായി പരീക്കുട്ടി തുടങ്ങിയ നവോത്ഥാനകാലകവികളുടെ കൃതികളിൽ അറബി, സംസ്കൃതം, ഉറുദു, തമിഴ്, കന്നട, ഫാർ‌സി, മലയാളം തുടങ്ങിയ ഭാഷാപദങ്ങൾ പ്രാസലാവണ്യത്തോടെ മിക്കവരികളിലും കോർത്തുവെച്ചിരിക്കുന്നത് ആലാപനഭംഗിക്കും മാറ്റു കൂട്ടുന്നു.

മാലപ്പാട്ടുകളിലും ഒരളവോളം ഈ സ്വഭാവം കാണാൻ കഴിയും. മുത്തും മാണിക്യവും ചേർത്തു കോർക്കുന്നതുപോലെയാണ്‌ തങ്ങൾ മാല കോർക്കുന്നതെന്ന് അതിന്റെ രചയിതാക്കൾ ഏറ്റു പറയുന്നുമുണ്ട്.


മുനാജാത്ത്

മന്നിൽ പിറന്ത് ഹയാത്തായി നിൽക്കും നാൾ
മന്നർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
ദണ്ണം ബലാ‍‌ഔം ഒബാ‌ഉംഅണയാമൽ
തരുളർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
ഉണ്ണും ഒജീനം മുതലും ചുരുക്കാതെ
ഉണ്മാ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
എന്നും മവുത്തോളം ജയത്തം കിട്ടുവാൻ..
എങ്കൾ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
അറ്റപ്പെടുന്ന മരണസമയത്തിൽ
അസ്‌ഹാബുൽ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
മുറ്റിയിരുൾ ഖബറിൽ അടങ്ങും നാൾ
മൂപ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
തെറ്റാ‍തെ വിസ്താരം ചെയ്യും സമയത്തിൽ
ധീരർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
അറ്റത്തിൽ ആകെ ഹശ്‌റത്തിൽ അടുക്കുന്നാൾ
അമ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
ഏറ്റം അടുക്കെ ഈ നേരം ഉദിക്കും നാൾ
ഇമ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
കൂട്ടുകാരില്ലാ ഹിസാബിന്റെ നേരത്ത്
ഗുണത്തർ ബദ്‌രീങ്ങൾ കാവലിലേകല്ലാ
ഏറ്റിഅചോടാകെ തൂക്കുന്ന നേരത്ത്
എങ്കൾ ‌ബദ്‌രീങ്ങൾ കാവലിലേകല്ലാ..
കേറ്റി നരകങ്ങൾ കോപിക്കും നേരത്ത്
കേമബദ്‌രീങ്ങൾ കാവലിലേകല്ലാ..
അതു പോലെ എന്നെയും എൻ ഉമ്മാ ബാപ്പെയും
അറിവെ പഠിപ്പിച്ച ഉസ്താദന്മാരെയും
ഏദമാൽ ഇഖ്‌വാൻ അഖ്‌വാത്തും മറ്റുള്ളെ
ഇറസൂൽ നബിയാരെ ഉമ്മത്തിമാരെയും
ബദ്‌രീങ്ങൾ തോളരെ ഹഖ്‌ഖും വഫ്ല്‌ലിനാൽ
വലിയോനെയെനും സുവർഗ്ഗത്തിൽ കൂട്ടുള്ള
അവനിയിൽ നിന്നെന്നിൽ മാനക്കേടെത്താതെ
അധികം നി‌അമത്തായി നിന്നു മരിക്കുമ്പോൾ
നവലാൻ ശഹാദത്തും ഈമാനും കിട്ടുവാൻ
നാദർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
അബദൻ ഇവർകൾകു നിന്റെ റീളാ തന്നാ
അഹദവായേറ്റം ചൊരിഞ്ഞു കൊടുക്കല്ലാ
നബിയാർ മുഹമ്മദിൻ നിന്റെ സലവാത്തും
നല്ലസലാമും വഴങ്ങേണം യാ അല്ലാ..

ഇത്രയും മുനാജത്തു അതിനു ശേഷം മുഹ്‌യുദ്ദീൻ മാല തുടങ്ങുന്നു..

തുടരും..

മാപ്പിളപ്പാട്ട് - (ഭാഗം - 5) - "മുഹ് യിദ്ദീന്‍ മാല"


മാപ്പിളപ്പാട്ട് - (ഭാഗം - 5) - "മുഹ് യിദ്ദീന്‍ മാല"

-----------------------------------------------------

അറിയപ്പെട്ടതില്‍ ആദ്യത്തെ മാപ്പിളപ്പാട്ട് "മുഹ് യിദ്ദീന്‍ മാല" ഇവിടെ വായിക്കാം. അറബിമലയാളത്തിലുള്ള മൂല രചനയുമായി പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചിരിക്കുന്നു.

കേരളത്തിലെ മുസ്ലിം മാപ്പിളമാരുടെ തനതായ ജീവിതത്തില്‍നിന്ന് രൂപം കൊണ്ട ജൂീവിതഗന്ധിയായ ഒരു ഗാനരൂപമാണ് മാപ്പിളപ്പാട്ട്. ഭക്തിയും പ്രണയവും വിശ്വാസവും ആചാരവും എല്ലാം ഇടകലര്‍ന്ന് വാര്‍ന്ന് വീണ മനോഹരമായ ഗാവനങ്ങളായിരുന്നു അവ. ചിലര്‍ അവ മനസ്സില്‍ കോര്‍ത്തെടുത്ത് മാലകളാക്കി. അക്ഷരമറിയാതിരുന്നവര്‍ അവ ഹൃദിസ്ഥമാക്കി പാടി നടന്നു.

അല്ലാ തിരുപ്പേരും സ്തുതിയും സ്വലവാത്തും
അതിനാല് തുടങ്ങുവാന് അരുള് ചെയ്ത വേദാമ്പര്...
ആലം ഉടയോവന് ഏകലരുളാലെ
ആയെ മുഹമ്മദാവര്കിള ആയോവര്
എല്ലാക്കിളയിലും വന് കിട ആണോവര്..
എല്ലാ തിശയിലും കേളിമികച്ചോവര്
സുല്‍ത്താനുലൌവിലിയാ എന്നു പേരുള്ളോവര്
സയ്യിദാവര്തായും ബാവായുമായോവര്
ബാവ മുതുകിന്ന് ഖുത്തുബായി വന്നോവര്
വാനമതേഴിലും കേളി നിറഞ്ഞോവര്
ഇരുന്ന ഇരുപ്പിന്നേഴാകാശം കണ്ടൊവര്
ഏറും മലക്കുത്തിലോര് രാജാളി എന്നോവര്..
വലതുശരീഅത്തെന്നും കടലുള്ളോവര്
ഇടത്തു ഹക്കീകെത്തോന്നും കടലുള്ളോവര്
ആകാശത്തിന് മേലെയും ഭൂമിക്കു താഴെയും
അവരെ കൊടിനീളം മത്തീരയുള്ളോവര്
ഷെയിക്കബ്ദുല്ഖാദിരില് കൈലാനി എന്നൊവര്
ഷെയിക്കന്മാര്ക്കെല്ലാര്ക്കും ഖുത്തുബായി വന്നോവര്
അല്ലാ സ്നേഹിച്ച മുഹിയുദ്ദീന് എന്നോവര്
ആറ്റം ഇല്ലാതോളം മേല്മയുടയോവര്
മേല്മായാല് സ്വല്പം പറയുന്നു ഞാനിപ്പോള്
മേല്മപറയൂല് പലബെണ്ണമുള്ളോവര്
പാലിലെ വെണ്ണപോല് ബൈത്താക്കി ചെല്ലുന്നെന്
പാക്കിയമുള്ളോര് ഇതിനെ പഠിച്ചൊവര്
കണ്ടന് അറിവാളന് കാട്ടിത്തരുമ്പോലെ
റാളിമുഹമ്മെദതെന്നു പേരോള്ളവര്
കോഴിക്കോട്ടെത്തുറ തന്നില് പിറന്നോവര്
കോര്വായിതൊക്കെയും നോക്കിയെടുത്തോവര്അവര്‍ ചൊന്ന ബയ്ത്തിനും ബഹ്ജാക്കിത്താബിന്നും
അങ്ങനെ തക്മീല തന്നിന്നും കണ്ടൊ വര്‍
കേട്ടാന് വിശേഷം നമുക്കിവര് പോരിശ
കേപ്പിനെ ലോകരെ മുഹിയുദ്ദീനെന്നോ വര്‍
മൂലമുടയവന് ഏകലരുളാലെ
മുഹിയുദ്ദീനെന്നു പേര് ദീന്‍ താന്‍ വിളിച്ചോവര്‍
ആവണ്ണം അല്ലാഹ് പടച്ചവന് താന് തന്നെ
യാ ഔസു ഉല് അഅ^ളം എന്നള്ളാ വിളി ച്ചോവര്‍
എല്ലാ മശായിഖന്മാരുടെ തോളിന്മേല്
ഏകലരുളാലെ എന്റെ കാലെന്നോ വര്‍
അന്നേരം മലക്കുകള് മെയ്യെന്നു ചൊന്നൊവര്‍
അവരെ തലക്കും മേല് ഖല്ക്കു പൊതിഞ്ഞോവര്‍
അപ്പോളെ ഭൂമീലെ ഷേയ്ക്കന്മാരെല്ലാരും
അവര്ക്കു തല താഴ്ത്തി ചായ്ചു കൊടുത്തോ വര്‍
കാഫു മലയിന്നും ബഹ്റ് മുഹ്ത്തീന്നും
യഹ്ജൂജ് നാട്ടിനും തലനെ താഴ്ത്തിച്ചൊ വര്‍
അറിയില്ലൊരി ഷെയ്ക്ക് അല്ലെന്ന് ചൊല്ലാരെ
അവരെ ഒലിപ്പട്ടം നീക്കിച്ചു വച്ചോവര്
അതിനാല് ചതിയില്പെടുമെന്ന് കണ്ടാരെ
എളുപത് അമാനിനെ ഉസ്സ്താദ് കണ്ടൊവര്‍
ഞാനല്ല സിറ്‌റെന്നു സിറ്‌റെന്നു ചൊന്നോവര്‍
കോപമുടൊയൊനൊരു നാറ് ഞാനെന്നോ വര്‍
മറുകരയില്ലാകടലെന്നു ഞാനെന്നോ വര്‍
മനുഷ്യന് അറിയാത്ത വസ്തു ഞാനെന്നോവര്‍
ജിന്നിനും ഇന്സിന്നും മറ്റു മലക്കിന്നും
ഞാനിവയെല്ലാര്ക്കും മേലെശൈഖെന്നോവര്‍
എല്ലാ ഒലികളും മേലെ ഖുത്തുബാണെന്നോരും
എന്നുടെ വീട്ടില് പിള്ളേരാതെന്നോവര്‍
ബാശി ഞാനെന്നിയെ ഉള്ളവരും ഞാനും
വാനവും ഭൂമീലും ഏറും നടന്നോവര്‍
എന്നെയൊരുത്തരെ കൂട്ടീപറയണ്ട
എന്നെ പടപ്പിന്നറിയരുതെന്നോവര്‍
എന്നുടെ ഏകല്ലുടയവന് തന്റേകല്
ആകില്ല ഞാന് ചൊല്കില്ലാകുമതെന്നോ വര്‍
ഏകല് കൂടാതെ ഞാന് ചെയ്തില്ലായൊന്നുമെ
എന്നാണെ നിന്റെ പറയെന്നും കേട്ടൊ വര്‍
ചൊല്ലില്ല ഞാനൊന്നുംഎന്നോട് ചൊല്ലാതെ
ചൊല്ലു നീയെന്റെ അമാനിലതെന്നോ വര്‍
ആരാനും ചോദിച്ചാല് അവരോടു ചൊല്ലുവാന്
അനുവാദം വന്നാല് പറവാന് ഞാനെന്നോ വര്‍
എന് കയ്യാലൊന്നുമെ തിന്നാനാതെന്നോരെ
ഏകലാളല് ഖിളറേകി വാരിക്കൊടൂത്തോ വര്‍
ഭൂമിയുരുണ്ട പോല് എന് കയ്യില്ലെന്നോ വര്‍
ഭൂമിയതൊക്കെയും ഒരു ചുമടെന്നോ വര്‍
കഅബാനെ ചുറ്റുവാര് ഖുത്തുബാണൊരെല്ലാരും
കഅബം തവാഫിനെ താന് ചെയ്യുമെന്നോ വര്‍
എല്ലായിലുമേല അറുശിങ്കള് ചെന്നോവര്
എന്റെ കണ്ണേപ്പോഴും ലൌഹില് അതെന്നോ വര്‍
എല്ലാ ഒലികളും ഓരെ നബിവഴി
ഞാനെന്റെ സീബാവ കാല് വശിയെന്നോ വര്‍
എന്റെ മുറിവുകള് തൌബായിലെണ്ണിയെ
എന്നും മരിക്കെരുതെന്ന് എന്നും കൊതിച്ചോ വര്‍
അതിനെ കബൂലാക്കിയാണെന്നു ചൊല്ലിയാര്
അവരൂടെ ഉസ്താദ് ഹമ്മാദെന്നോ വര്‍
എന്റെ മുരീതുകള് എന് കൂടെ കൂടാതെ
എന്റെ കാലെന്നും പെരുക്കേന് അതെന്നോ വര്‍ ..കണ് കൂടാവട്ടത്തില് നിന്റെ മുരീതുകള്
സ്വര്ഗ്ഗത്തില്‍പ്പൊകുമെന്ന് അല്ലാ കൊടുത്തോ വര്‍
നരകത്തില് നിന്റേ മുരീദാരുമില്ലെന്ന്
നരകത്തെ കാട്ടും മലക്കു പറഞ്ഞോ വര്‍
എന്റെ കോടിന്റെ കീഴ് എല്ലാ ഒലികളും
എന്റെ മുറിതിന് ഞാന് ഷാഫിഅ എന്നോ വര്‍
ഹല്ലാജാ കൊല്ലുന്നാല് അന്നു ഞാനുണ്ടെങ്കില്
അപ്പോള് അവര്കൈ പിടീപ്പേനും എന്നോ വര്‍
എന്നെ പിടിച്ചവര് ഇടറുന്ന നേരത്ത്
എപ്പോഴും അവര് കയ് പിടിപ്പാന് ഞാനെന്നോ വര്‍
എന്നെ പിടിച്ചവരേതും പേടിക്കേണ്ട
എന്നെ പിടിച്ചോവര്ക്ക് ഞാന് കാവല് എന്നോ വര്‍
അവരുടെ ദീനെയും ശേഷം ദുനിയാവെയും
ആഖിറം തന്നെയും പോക്കും അതെന്നോ വര്‍ ..എല്ലാ മുരീദുകള് താന് തന്റെ ഷെയിഹ്പോല്
എന്റെ മുറിദുകള് എന്നെ പോലെന്നോ വര്‍
എന്റെ മുറിദുകള് നല്ലവരല്ലങ്കില്
എപ്പോഴും നല്ലവന്ഞാനെന്നു ചൊന്നോ വര്‍
യാതല്ലൊരിക്കലും അള്ളാടു തേടുകില്
എന്നെക്കൊണ്ടള്ളാട് തേടുവിനെന്നോ വര്‍
വല്ല നിലത്തിനും എന്നെ വിളിപ്പോര്ക്ക്
വായ്പ കൂടാതിത്തരം ചെയ്യും ഞാനെന്നോ വര്‍
ഭൂമി തനത്തില് ഞാന് ദീനെ നടത്തുവാന്
വേദാമ്പര് തന്നുടെ ആളു ഞാനെന്നോ വര്‍
ആരുണ്ടെതെന്റു മക്കാമിനെയെത്തീട്ടു
ആരാനും ഉണ്ടെങ്കില് ചൊല്ലുവിനെന്നോ വര്‍ ..
എളുപത് വാതില് തുറന്നാലെനിക്കുള്ള
ആരുമറിയാത്ത ഇല്മാണെതന്നോ വര്‍
ഓരോരോ വാതിലിന്ന് വീതിയതോരോന്ന്..
ആകാശം ഭൂമിയും പോലെയതെന്നോ വര്‍
അല്ലായെനക്കവന് താന് ചെയ്ത പോരിഷ
ആര്ക്കും ഖിയാമെത്തോളം ചെയ്യാതെന്നോ വര്‍
എല്ലാര്ക്കുമെത്തിയ നിലപാടതെപ്പേരും
എന്റെ പക്കിയത്തില് മിഞ്ചം അതെന്നോ വര്‍
എല്ലാരും ഓതിയ ഇല്‍മുകളൊക്കെയും
എന്നുടെ ഇല്മാലാത് വൊട്ടൊന്ന് ചോല്ലോ വര്‍
എല്ലാ പൊഴുതുന്നുദിച്ചാലുറുബാകും
എന് പഴുതെപ്പോളും ഉണ്ടെനു ചോന്നോ വര്‍
കുപ്പിയകത്തുള്ള വസ്തുവീനെപ്പോലെ
കാണ്മാന് ഞാന് നിങ്ങളെ ഖല‌ബകം എന്നോ വര്‍
എന്റെ വചനത്തെ പൊയ്യെന്നു ചൊല്ലുകില്
അപ്പോളെ കൊല്ലുന്ന നഞ്ച് ഞാനെന്നോ വര്‍
അവരുടെ ദീനെയും ശേഷം ദുനിയാവെയും
ആഖിറം തന്നെയും പോകുമന്നതെന്നോ വര്‍
നല്നിനവെന്നൊരുത്തര് നിനച്ചെങ്കില്
നായെന്നാദാബിന്നു നയ്താക്കുമെന്നോ വര്‍
ഏകല്ലുടയോവന് ഏകല്ലരുളാലെ
ഇത്തരം എത്തിരാവണ്ണം പറഞ്ഞോ വര്‍
നാലു കിത്താബെയും മറ്റുള്ള സുഹ്ഫെയും
നായന് അരുളാലെ ഓതിയുണര്ന്നോ വര്‍
ബേദാമ്പറെ ഏകലാല് ഹിറുക്കയുടുത്തോ വര്‍
ബെളുത്തിട്ടു നോക്കുമ്പോള് അതിനു മേല് കണ്ടൊ വര്‍
വേദം വിളങ്കി പറകാന് മടിച്ചാറെ
ബേദാമ്പറ വര്വായില് തുപ്പിക്കൊടൂത്തോ വര്‍
നാവാല് മൊഴിയുന്നി ഇല്മ് കുറിപ്പാനായ്
നാനൂറ് ഹുക്കാമെയ് അവര് ചുറ്റുമുള്ളോ വര്‍
നായേന് അരുളാലെ ഇല്മ് പറയുമ്പോള്
നാവിനു നേരെ ഒലിബ് റങ്കുന്നോ വര്‍
അവര്കയ്പിടിച്ചെതി സ്വല്പമ്പേര്പ്പോഴെ
ആകാശവും മറ്റും പലതെല്ലാം കണ്ടൊ വര്‍
അവരൊന്നു നന്നായി ഒരു നോക്കു നോക്കുകില്
അതിനാല് വലിയ നിലനെ കൊടുത്തോ വര്‍
നാല്പതു വട്ടം ജനാബത്തണ്ടായാരെ
നാല്പത് വട്ടം ഒരുരാവ് കുളിച്ചോ വര്‍
നല‌വേറും ഇഷാ തൊഴുതൊരുളുവാലെ
നാല്പതിറ്റാണ്ട് സുബഹി തൊഴുതോ വര്‍
ഒരുകാലില് നിന്നിട്ടു ഒരു ഖത്തം തീര്ത്തോ വര്‍
ഒരു ചൊല് മുതലായി മൂവാണ്ട് കാത്തോ വര്‍
എന്നാരെ ഖിളുത്താം അവര്ക്കിട്ടു ചെന്നിട്ട്
ഏകലരുളാലെ അവര്കൂടെ നിന്നോ വര്‍
ഇരുപത്തായ്യാണ്ടോളം ചുറ്റി നടന്നോ വര്‍
ഏകലരുളാലെ അവര്‍കൂടെ നീന്തോ വര്‍
ഇരി എന്നെ ഏഒല്‍കേട്ടൊരെ ഇരുന്നോ വര്‍
നാല്പതിറ്റാണ്ടോളം വഅള് പറഞ്ഞോ വര്‍
നന്നായി തൊണ്ണൂറു കാലം ഇരുന്നോ വര്‍
താരിഖു നാന്നൂറ്റി എഴുപതു ചെന്നെ നാള്ഓരാണ്ട് കാലം കൊടുത്തു നടന്നോ വര്‍
ഇബിലീസവരെ ചതിപ്പാനായി ചെന്നോ വര്‍
ഇബിലിസ് ചായ്ച്ചു കിടത്തിയയച്ചോ വര്‍
അമ്പിയാക്കന്മാരും ഔവിലായാക്കന്മാരും
അവരുടെ റുഹാബി ദേഹാമിളകുന്നോ വര്‍
ആവണ്ണം നമ്മുടെ ഹോജാ റസൂലുല്ലാ
അവരുടെ റൂഹുമവിടെ വരുന്നൊ വര്‍
അങ്ങിനെ തന്നെ മലായിക്കത്തന്മാരും
അവരുടെ മജ് ലിസില് ഹാളിറാകുന്നോ വര്‍
അവരുടെ മജ്ലീസില് ഹാളിറാകുന്നോ വര്‍
അവരുടെ മജ്ലീസില് തുകിലിറങ്ങുന്നോവര്
അവരുടെവളാവില് പലരും ചാകുന്നൊ വര്‍
ഏറിയകൂറും വിള്ര് കാണുന്നോവര്
അവരുടെയറിവും നിലയും നിറഞ്ഞോ വര്‍
ഏറുമവര്ക്കിട്ടെ ഹിന്സീലും ജിന്നുകള്
ഈമാനും തൌബായും വാങ്ങുവാന് ചെന്നോ വര്‍
ആകാശത്തുമേലത്തവര് ചെന്ന സ്ഥാനത്തുംആരുമൊരുഷേക്കും ചെന്നില്ലായൊന്നോ വര്‍
കണ് കൊണ്ട് കാണ്മാനായി അരുതാതെ ലോകരെ
കാണ്മാനവര് ചുറ്റും എപ്പൊഴും ഉള്ളൊ വര്‍
കാഫ് മലയിന്നും അപ്പുറം ഉള്ളോവര്
കാണ്മാനവര് മേന്മ കാണ്മാനായി വന്നോ വര്‍
പലപല സര്പ്പായി അവര് തലക്കും മേലേ
അന്നുടെ അവിടെ ചെന്നവരെപ്പോളെ
ആകാശം ഭൂമിയും ഒന്നുമേ തട്ടാതെ
അവിടത്തെ ഹുബ്ബാമെലവര് പോയി ഇരുന്നോ വര്‍
തേനീച്ച വെച്ച പോല് ഉറുമ്പു ചാലിച്ച പോല്
പിശ അവരെപ്പോഴുമാവണ്ണ്മെന്നുള്ളൊ വര്‍
മൃദുലായ റമളാനില് മുപ്പതുനാളിലും
മുല കുടിക്കും കാലം മുലതൊടാ പോയോവര്‍ ..
തലയില്ലാ കോര്ത്തു ഞാന് തൊട്ടുള്ള പൊന് പോലെ
തടിയെല്ലം പൊന് പോലെ തിരിച്ചറിയില്ലെ
ഇതിയില് വലിയേതില്ശേലം പലതുണ്ട്
അറിവില്ലാ ലോകരെ പൊയ്യെന്നു ചൊല്ലാതെ
അതിനെയറിവാന് കൊതിയുള്ളാ ലോകാരെ
അറിവാക്കന്മാരോടു ചോദിച്ചു കോള്ളീക
അവരുടെ പോരീശ കേള്പ്പാന് കൊതിച്ചോരെ
അവരെ പുകളെന്നൊരു പോരീശ കേള്പ്പീരെ
ആമീറന്മാരുടെ വണ്ണവും എണ്ണവും
അറിഞ്ഞാലറിയാമെ സുല്ത്താന്മാര് പോരീഷ
ആവണ്ണം ഒക്കുകില് ഷേയിക്കന്മാര് പോരിഷ
അപ്പോളറിയാമെ മുഹിയുദ്ധീനെന്നോ വര്‍
കൊല്ലം ഏഴുന്നൂറ്റീ ഏണ്പത്തി രണ്ടില് ഞാന്
തോറ്റം മലേനെ നൂറ്റമ്പത്തഞ്ചു ഞാന്
മുത്തും മാണിക്യവും ഒന്നായി കോര്ത്തതുപോല്
മുഹിയുദ്ദീന് മാലേനെ കോര്ത്തേന് ഞാന് ലോകരെ
ഒളിയൊന്നും കളയാതെ തെളിയാതെ ചെന്നോര്ക്കു
മണിമാടം സ്വര്ഗ്ഗതില് നായന് കൊടുക്കു നാം
ദുഷ്ടം കൂടതെയി ദീനേയെ എഴുതുകില്
കുഷ്ടം ഉണ്ടാകുമെന്നായിറവി
അല്ലാടെ റഹ്മത്തു ഇങ്ങനെ ചൊന്നോര്ക്കും
ഇതിനെ പാടുന്നോര്ക്കും മേലെകേള്ക്കോന്നോര്ക്കും
ഇത്തിരെ പോരിഷ ഉള്ളൊരു ഷേയിക്കിനെ
ഇട്ടേച്ച് എവിടേക്ക് പോകുന്നു പോഷരെ
എല്ലാരെ കോഴിയും കൂകിയടങ്ങുനീ
മുഹിയുദ്ദീന് കോഴി ഖീയാമത്തോളം കൂകൂം
ആഖിറം തന്നെ കൊതിയുള്ള ലോകരെ
അവരെ മുരിതായി കൊള്ളുവിന് അപ്പോളെ
ഞാങ്ങളെല്ലാരുമെ അവരെ മുഴുതാപം
ഞങ്ങള്ക്കു തബിത്ത ഞാങ്ങളെ നായരെ
എല്ലാമാശയില് നാരെ ദുആനെയെ നീ
ഏകണം ഞങ്ങള്ക്ക് അവരുടെ ദു ആ കൂടി
അവര്ക്കൊരു ഫാത്തിഹ എപ്പോഴും ഓതുകില്
അവരെ ദുആ യും ബര്ക്കത്തും എപ്പോഴും
ഹോജാ ഷഹാബത്തില് മുഹിയുദ്ധീന് തന് കൂടെ
കൂട്ടു സുബര്ക്കത്തില് ആലമ്മുടയോനെനീ ഞങ്ങള്ക്കെല്ലാര്ക്കും സ്വര്ഗ്ഗ ധനത്തിന്നു
നിന്നുടെ തൃക്കാഴ്ച കാട്ടു പെരിയോനെ
പിഴയേറെ ചെയ്തു നടന്നായാടിയാറെ
പിഴയും പൊറുത്ത് നീ റഹ്മത്തില് കൂട്ടല്ലാ
നല്ല സലാവാത്തും നല്ല സലാമായും
നിന്റെ മുഹമ്മദിന് ഏറ്റണം നീയല്ലാ
മുത്താല് പടച്ചേദുനിയാവില് നില്ക്കുന്നു
മൂപ്പര് മുഹിയുദ്ദീന് കാവലില് ഏകല്ലാ
കാലമേയസു താന് മൌത്തു വാങ്ങും നാളില്
തര്ത്തര് മുഹിയുദ്ദീന് കാവലിലേകല്ലാ
കേള്വി പെരുത്ത ഖബറകം പോകും നാം
വേര്പ്പെട്ട് മുഹിയുദ്ദീന് കാവലിലേകല്ലാസൂര് വിളികേട്ടിട്ടോക്കെപുറപ്പെട്ടാല്
സുല്ത്താന് മുഹിയുദ്ദീന് കാവലില് ഏകല്ലാ
ഏഴു മുഹമ്മിട്ടു അടുപ്പിച്ചുദിക്കുന്നാല്
എങ്കല് മുഹിയുദ്ദീന് കാവലില് ഏകല്ലാ
ചൂടു പെരുത്തിട്ടാരമ്മല് ഞാന് നില്ക്കുനാള്
ദൊക്കര് മുഹിയുദ്ധീന് കാവലില് ഏകല്ലാ
നരകമതേഴും ക്രോധം മികച്ച നാള്
തലവര് മുഹിയുദ്ദീന് കാവലില് ഏകല്ലാ
തൂക്കം പിടിച്ച് കണക്കലല്ലാം നോക്കും നാള്
തലവര് മുഹിയുദ്ദീന് കാവലില് ഏകല്ലാ
അരിപ്പത്തിലിട്ടെ സീറാത്ത് കടക്കും നാള്
അരുമ മുഹിയുദ്ദീന് കാവലില് ഏകള്ളാ
ഹോജാ ഷഫാഅത്തിന് മുഹിയുദ്ദീന് തന് കൂടാ
കൂട്ട് സുബര്ക്കത്തില് ആലം ഉടയോനെപള്ളിയിലോതുന്നും നാള് മലക്കുകള് ചൊല്ലുവാന്
പിള്ളാരെ താനും കൊടുത്തിനതെന്നാവര്
ഇതിനു പടച്ചെന്നു തൂങ്ങുമ്പോള് കെട്ടോവര്
എവിടെ ചെന്നാനും പോകുമ്പോള് കെട്ടോവര്
ഏറും അറഫാ നാള് പശുവിനെ പായിച്ചാരെ
ഇതിനു പടച്ചെന്ന് പശുവു പറഞ്ഞോവര്
ഏതും ഇല്ലാത്ത നാള് നിന്നെയും നോക്കിയെന്
ഇപ്പോള് നീ എന്നെ നീ ന്യായെന്നും കേട്ടൊവര്
ഇരവും പകലുമേഴുപതു വട്ടം നീ
എന്നുടെ കാവലില് എന്നെ കേള്പെട്ടോവര്
പലരെയിടയിന്നും നിന്നെ തിരഞ്ഞേ ഞാന്
പാങ്ങോടെ ചൊല്ലും ഇങ്ങനെ കേട്ടൊവര്എനിക്കു തനിക്കായി നിന്നെ പടച്ചേന് ഞാന്
ഇങ്ങനെ തന്നെയും ശബ്ദത്തെകേട്ടോവര്
കളവുകാരയെല്ലാം എന്നും മാറ്റുന്നാരെ
കള്ളന്റെ കയ്യീലു പൊന്നു കൊടുത്തോവര്
അവരെ തടിയെല്ലാം തലസ്ഥാനത്തായാരെ
അങ്ങനെ എത്തീര സങ്കീടം തീര്ത്തോവര്
കശമേറും രാവില് നടന്നങ്ങു പോകുമ്പോള്
കൈവിരലില് ചൂട്ടാക്കി കാട്ടി നടന്നോവര്
കണ്ണില് കാണാത്തതും കല്പകത്തുള്ളോതും
കണ് കൊണ്ട് കണ്ടെപ്പോല് കണ്ട് പറഞ്ഞോവര്
ഉറങ്ങുന്ന നേരത്തും ഖബറകം തന് നിന്നും
ഉടയേവന്നകലുണോരെ പറഞ്ഞോവര്ഹോജാ ഷഹാബത്തില് മുഹിയുദ്ദീന് തന് കൂടെ
കൂട്ടൂ സുബര്ക്കത്തില് ആലമുടയോനെ
ഹോജാ ബേദാമ്പരെ മംഗലംകാണുവാന്
മംഗലവേലകള് കാണുവാനേകല്ലാ
നിന്നെയും എന്നുടെ ഉമ്മായും ബാവേയും
അറിവൈ പിടിപ്പിച്ച ഉസ്താദന്മാരെയും
എന്നെയും മറ്റുള്ള മുഅമിനില്ലേരെയും
എങ്കല് നബിന്റെ ഷഫാ അത്തില് കൂട്ടല്ലാ
പിഴയേറെ ചെയ്തു നടന്നോരടിയാന്റെ
പിഴയും പൊറുത്ത് നീ റഹ്മത്തില് കൂട്ടല്ലാ
എല്ലാ പിഴയും പൊറുക്കുന്നെ നായനെ
ഏറ്റം പൊറുത്തു നീ കിരിപാ ചെയ് യാ അല്ലാ
നല്ല സലാവത്തും നല്ല സലാമയും
എങ്കല് മുഹമ്മദിന് ഏകണം നീയല്ലാ...

അക്ഷരമറിയാവുന്നവര്‍ അവ എഴുതിവെച്ചു. സാമാന്യമായി കേരളത്തിലെ മുസ്ലിംകള്‍ക്കെല്ലാം അറബി അക്ഷരമാല അറിയാമായിരുന്നു. അവരുടെ പാട്ടുകളിലും കവിതകളിലും അറബി, പേര്‍ഷ്യന്‍, ഉര്‍ദു പദങ്ങള്‍ കടന്നുവന്നു. മലയാളവും സംസ്‌കൃതവും ചേര്‍ന്ന് മണിപ്രവാളമുണ്ടായത് പോലെ, മലയാളവും അറബിയും ചേര്‍ന്ന് അറബിമലയാളം ഉണ്ടായി. ഭക്തിരസപ്രധാനമായ മാലകള്‍ക്കാണ് അതില്‍ പ്രാഥമ്യമുള്ളത്. മുഹിയിദ്ദീന്‍ മാല, രിഫായീ മാല, മഞ്ഞക്കുളം മാല, നഫീസത്ത് മാല തുടങ്ങിയ അനേകം മാലകള്‍ രചിക്കപ്പെട്ടു. ക്രമേണ അവരുടെ പാരായണം വിശ്വാസികളുടെ ഗൃഹങ്ങളില്‍ അനുഷ്ഠാനത്തിന്റെ രൂപം പ്രാപിച്ചു. ദൈവത്തിലേക്ക് ലയിച്ചുചേരുന്നസൂഫിവര്യന്മാരുടെ അത്ഭുതങ്ങളാണ് പല മാലകളിലും കാണാവുന്നത്.

തുടരും..

അവലംബനം: ഇഖ്ബാൽ മുറ്റിച്ചൂർ & സലിം കോട്ടയിൽ
(#മാപ്പിളകലാഅക്കാദമികുവൈറ്റ്ചാപ്റ്റർ)

ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...