Saturday, June 10, 2017

മാപ്പിളപ്പാട്ട് - ഭാഗം - 2

മാപ്പിളപ്പാട്ട് - ഭാഗം - 2

------------------------------------------------

ഞങ്ങൾ ഇവിടെ പങ്കു വെക്കുന്ന അറിവുകള്‍ക്ക് വി പി മുഹമ്മദാലിയുടെ മാപ്പിളപ്പാട്ടുകള്‍ നൂറ്റാണ്ടുകളിലൂടെ , വി എം കുട്ടിയുടെ മാപ്പിളപ്പാട്ടിന്റെ തായ്‌വേരുകള്‍ ‍,മഹാകവി ചേറ്റുവായ് പരീക്കുട്ടി ,മോയിന്‍കുട്ടി വൈദ്യര്‍ സമ്പൂര്‍ണ്ണകൃതികള്‍ ,മാപ്പിളപ്പാട്ട് പാഠവും പഠനവും , മെഹറിന്റെ പാട്ടുകള്‍ ,
മാപ്പിള ഫോക്ലോര്‍,സമാഗമം, എന്നീ പുസ്തങ്ങളോടും മാഗസിനുകളില്‍ വന്ന ലേഖനങ്ങളോടും കടപ്പാട്...

കേരളത്തിലെ മുസ്ലിം മാപ്പിളമാരുടെ തനതായ ജീവിതത്തില്‍നിന്ന് രൂപം കൊണ്ട ജൂീവിതഗന്ധിയായ ഒരു ഗാനരൂപമാണ് മാപ്പിളപ്പാട്ട്. ഭക്തിയും പ്രണയവും വിശ്വാസവും ആചാരവും എല്ലാം ഇടകലര്‍ന്ന് വാര്‍ന്ന് വീണ മനോഹരമായ ഗാവനങ്ങളായിരുന്നു അവ. ചിലര്‍ അവ മനസ്സില്‍ കോര്‍ത്തെടുത്ത് മാലകളാക്കി. അക്ഷരമറിയാതിരുന്നവര്‍ അവ ഹൃദിസ്ഥമാക്കി പാടി നടന്നു.
അക്ഷരമറിയാവുന്നവര്‍ അവ എഴുതിവെച്ചു. സാമാന്യമായി കേരളത്തിലെ മുസ്ലിംകള്‍ക്കെല്ലാം അറബി അക്ഷരമാല അറിയാമായിരുന്നു. അവരുടെ പാട്ടുകളിലും കവിതകളിലും അറബി, പേര്‍ഷ്യന്‍, ഉര്‍ദു പദങ്ങള്‍ കടന്നുവന്നു. മലയാളവും സംസ്‌കൃതവും ചേര്‍ന്ന് മണിപ്രവാളമുണ്ടായത് പോലെ, മലയാളവും അറബിയും ചേര്‍ന്ന് അറബിമലയാളം ഉണ്ടായി. ഭക്തിരസപ്രധാനമായ മാലകള്‍ക്കാണ് അതില്‍ പ്രാഥമ്യമുള്ളത്. മുഹിയിദ്ദീന്‍ മാല, രിഫായീ മാല, മഞ്ഞക്കുളം മാല, നഫീസത്ത് മാല തുടങ്ങിയ അനേകം മാലകള്‍ രചിക്കപ്പെട്ടു. ക്രമേണ അവരുടെ പാരായണം വിശ്വാസികളുടെ ഗൃഹങ്ങളില്‍ അനുഷ്ഠാനത്തിന്റെ രൂപം പ്രാപിച്ചു. ദൈവത്തിലേക്ക് ലയിച്ചുചേരുന്നസൂഫിവര്യന്മാരുടെ അത്ഭുതങ്ങളാണ് പല മാലകളിലും കാണാവുന്നത്.

മാപ്പിളപ്പാട്ടുകളുടെ താളവും വൃത്തവും ഇതരഗാനരീതികള്‍ക്ക് സമാനം തന്നെയാണ്. ശ്രീ വി. എം. കുട്ടി എഴുതുന്നു: ‘സമാനവൃത്തങ്ങളിലാണെങ്കില്‍ പോലും മാപ്പിളപ്പാട്ടുകളാണെന്ന് തീരുമാനിക്കണമെങ്കില്‍ അവ പാടിക്കേള്‍ക്കുക തന്നെ വേണം. മാപ്പിളപ്പാട്ടിന് തനതായ ഒരീണമുണ്ട്. ….. മാപ്പിളപ്പാട്ടുകളില്‍ പ്രയോഗിക്കുന്ന പദങ്ങള്‍ അധികവും മാപ്പിള വാമൊഴിതന്നെയായിരിക്കും. ‘

പ്രാസവും താളവുമുള്ള വരികളാണ് പ്രായേണ മാപ്പിളപ്പാട്ടുകള്‍ക്കുള്ളത്. ശബ്ദസൗന്ദര്യത്തിലാണ് അതിന്റെ ഊന്നല്‍. എന്നാല്‍ ശബ്ദത്തിന് മേല്‍ അര്‍ത്ഥം ഗൗരവമുള്ളതാണെന്ന ധാരണ പലകവികള്‍ക്കുമുണ്ടായിരുന്നു. അജ്ഞാതകര്‍ത്തൃകങ്ങളായ പലമാപ്പിളപ്പാട്ടുകളും ശബ്ദസൗന്ദര്യനിയമങ്ങള്‍ മറികടന്നാണ് കവിതകള്‍ രചിച്ചത്. ശബ്ദസൗകുമാര്യം വേണ്ടെന്നുവെച്ചതാവാന്‍ ഒരു വഴിയുമില്ല. മറിച്ച് പ്രാസാദി പുറം പൂച്ചുകള്‍ക്കായി അര്‍ത്ഥം ബലികഴിക്കരുതെന്ന് രാജരാജവര്‍മ്മയെപ്പോലെ ചിന്തിച്ചിരുന്ന മാപ്പിളക്കവികളും ഉണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. പ്രസിദ്ധമായ ആ പ്രണയഗാനം തന്നെ നോക്കുക;
താമരപ്പൂങ്കാവനത്തില്
താമസിക്കുന്നോളേ
പഞ്ചവര്‍ണപ്പൈങ്കിളിയില്
തങ്കറങ്കുള്ളോളേ
പൂമുഖം കണ്ടാല്‍ മതിയോ
പൂതി തീര്‍ക്കാന്‍ കാലമായോ
കാമിനിയടുത്തുവന്നോ
കാലദോഷം തീര്‍ന്നുപോയോ?
ഈ പാട്ട് ഒരിശലായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല പേര്‍പെറ്റ ഇശലുകളില്‍ ഒന്നായി ഇത് പരിഗണിക്കപ്പെടുന്നുമുണ്ട്. മാപ്പിളപ്പാട്ടുകളുടെ ഇശലുകളും വൃത്തനിയമങ്ങളും നല്ല പഠനത്തിന് വിധേയമാവേണ്ടതുണ്ട്. കമ്പി,കൊമ്പ്, കഴുത്ത്, വാല്‍ക്കമ്പി, വാലുമ്മക്കമ്പി, ചിറ്റെഴുത്ത് എന്നിങ്ങനെ പലതാണ് വൃത്ത-താളനിയമങ്ങള്‍. ഇത് പോലെ ശബ്ദാര്‍ത്ഥാലങ്കാരനിയമങ്ങളുമുണ്ട്.
മാപ്പിള ക്കവികളില്‍ ഏറ്റവും പ്രശസ്തന്‍ മോയിന്‍കുട്ടി വൈദ്യരത്രേ. 1857ല്‍ ഭൂജാതനായ വൈദ്യര്‍ 1891ല്‍ അന്തരിച്ചു, കേവലം 34 കൊല്ലത്തെ ജീവിതം!പതിനേഴാമത്തെ വയസ്സിലാണ് അദ്ദേഹം വിഖ്യാതമായ ബദറുല്‍മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ രചിച്ചത്. അനേകം കാണ്ഡങ്ങളുള്ള മനോജ്ഞമായ ഒരു പ്രണയകാവ്യമാണിത്. വിവിധഭാഷകളിലും കാവ്യകലകളിലുമുള്ള തനിക്കുള്ളപ്രാവീണ്യം തന്റെ ബദറുല്‍മുനീര്‍ഹുസ്‌നുല്‍ജമാല്‍,ബദര്‍പടപ്പാട്ട ് തുടങ്ങിയ അനേകം കൃതികളിലൂടെ മോയിന്‍കുട്ടി വൈദ്യര്‍ പ്രകാശിപ്പിക്കുന്നു.

ഹൃദയങ്ങളന്യോന്യമൊഴുകുന്നത്‌പോലെവൈദ്യരുടെ കവിതകളും വായനക്കാരുടെ മനസ്സും തമ്മില്‍ അന്യോന്യം കരണപ്രതികരണ ങ്ങളിലേര്‍പ്പെടുന്നു. പദസംയോജനത്തിലും താളവൃത്തബോധത്തിലും അസാമാന്യമായ പാടവമാണ് വൈദ്യര്‍പ്രകടിപ്പിക്കുന്നത്. അതോടൊപ്പം അന്യാദൃശമായ ഉള്‍ക്കാഴ്ച അദ്ദേഹത്തിന്റെ രചനകളെ മഹത്തരമാക്കുന്നു. കൊണ്ടോടട്ടിയില്‍ കേരളാ ഗവണ്മെന്റ് മോയിന്‍കുട്ടി വൈദ്യര്‍സ്മാരകം പണിതിട്ടുണ്ട്.

വേറെയും അനേകം മാപ്പിളക്കവികള്‍ ഉണ്ടായിട്ടുണ്ട്. നല്ലളം ബീരാന്‍ തുടങ്ങിയ ആദ്യകാലകവികളും, ടി. ഉബൈദ്, പുന്നയൂര്‍ക്കുളം ബാപ്പു തുടങ്ങിയ കവികളും ഈ രംഗത്ത് പ്രശസ്തരാണ്. പൊതുവില്‍ ഭക്തിയും പ്രണയവുമാണ് എല്ലാവരുടേയും വിഷയം. ടി. ഉബൈദില്‍ എത്തുമ്പോള്‍ ഉയര്‍ന്ന ദേശീയബോധവും മാപ്പിളപ്പാട്ടിന് വിഷയമായിത്തീരുന്നുണ്ട്.
മാപ്പിളക്കവിതകളില്‍ പുതുമയുടെ അഴകുകള്‍ രചിച്ച കവിയാണ് പി.ടി. അബ്ദുറഹിമാന്‍.
‘വയനാടന്‍തത്ത’യെന്ന ആര്‍ദ്രമധുരമായ രചനയിലൂടെ മാപ്പിളപ്പാട്ട് ്‌രംഗത്ത്പ്രവേശിച്ച പി. ടി. സ്വാതന്ത്ര്യബോധവും നവീനതയും വൈവിധ്യവുമാര്‍ന്ന നൂറ് കണക്കില്‍ പാട്ടുകള്‍ രചിച്ചിട്ടുണ്ട്. ഭാഷാ കവിയെന്ന നിലയിലും ഏറെ പ്രശസ്തനാണ് പി.ടി.
‘മക്കാറല്ലിത് ഞാന്‍ പണ്ട്
റങ്കൂലന്നൊരു
ചായമക്കാനീ നടത്തും കാലം
മക്കിപ്പൂവത്തറ് പൂശി
പട്ടുറുമാലും വീശി
നില്ക്കുന്നതാണന്നെന്റെ കോലം’- എന്നും
‘ ഉടനേ കഴുത്തെന്റേതറുക്കൂ ബാപ്പാ’ – എന്നും
‘ ഓത്ത് പള്ളീലന്നു നമ്മള്
കാത്തിരുന്ന കാലം’ – എന്നും
‘ കൂരിരുള്‍ മുറിച്ചിടട്ടെകൊച്ചുകൈത്തിരി
പാരില്‍ ദീപം കാട്ടിടട്ടെയീ നിലാത്തിരി’ – എന്നും
താളബദ്ധമായും ആര്‍ദ്രമായും പ്രണയാതുരമായും എഴുതാന്‍ പി.ടി.ക്ക് കഴിയുമായിരുന്നു.

ഇന്നത്തെ മാപ്പിളക്കവിതാശാഖ ദരിദ്രമാണെന്ന് പറയാതിരിക്കാന്‍വയ്യ. ഏതെങ്കിലും ഈണത്തിനൊത്ത് പടച്ചുണ്ടാക്കിയ അര്‍ത്ഥരഹിതമായ വരികളായി മാപ്പിളപപ്പാട്ടുകള്‍ ശുഷ്‌കമായിപ്പോയിരിക്കുന്നു.

അജ്ഞതരായ അനേകം മാപ്പിളക്കവികളും കവയിത്രികളുമുണ്ട്. നല്ലളം ബീരാന്‍ പാട്ട് മൂളിപ്പോവുന്നത് കേട്ട്,
‘ ആരാണ് മുത്തേ കെസ്സ് പാടിപ്പോണ്’ – എന്ന് ചോദിച്ച കവയിത്രിയും
‘ ആരമ്പശുജായ് മുത്തു ബീരാനാണ്’ – എന്ന് മറുപടി പറഞ്ഞ ശുജായിക്കവിയും മാപ്പിളപ്പാട്ടിന്റെ ഹൃദ്യാനുഭവങ്ങളുടെ സാക്ഷ്യമാണ്. പ്രവാസിയായ ഭര്‍ത്താവിന്റെ അസാന്നിദ്ധ്യത്തില്‍ അപവാദശരങ്ങളേല്‌ക്കേണ്ടി വന്ന ഒരു കവയിത്രി, വളരെ ദാര്‍ശനികമായ രീതിയില്‍ തന്റെ പ്രശ്‌നം അവതരിപ്പിക്കുന്നത് നോക്കുക:
‘ ചക്ക് പല മേലിരുന്ന് ചക്കര തിന്നാലും
ശക്ക് കൂടാതെ പിണ്ണാക്കെന്ന് ചൊല്ലും ലോകം’ – എന്തിനാണ് വെറുതെ ചക്ക് പലമേല്‍ കയറിയതെന്ന ചോദ്യം കവിതയിലും കവിതയുടെ കഥയിലും പ്രസക്തമല്ല. മാപ്പിളപ്പാട്ട് രംഗത്തെ സ്ത്രീപര്‍വ്വം ഇവിടെ അവസാനിക്കുന്നില്ല. ഇപ്പോഴും പാട്ടെഴുതിക്കൊണ്ടിരിക്കുന്ന ജമീലാ ബീവി, മാപ്പിളപ്പാട്ടിന്റെ ഔപചാരികനിര്‍വ്വചനങ്ങളെ ധിക്കരിച്ച ഭാവനാശാലിനിയാണ്. ഭക്തിക്കും പ്രണയത്തിനുമപ്പുറം മാനുഷികപ്രശ്‌നങ്ങളും മാപ്പിളപ്പാട്ടിന്‍രെ ഉള്ളടകക്കമാവാമെന്ന് ആയിരക്കണക്കില്‍ പാട്ടുകളിലൂടെ ജമീലാബീവി തെളിയിച്ചു. പെണ്ണിന്നൊരു മാരനെ കിട്ടണമെങ്കില്‍, ആമിന് പെണ്ണിനെ വില്ക്കണമെന്ന സമുദായി ദുര്‍ന്നീതിയെ ചോദ്യം ചെയ്യുന്ന പാട്ടുകള്‍ ജമീലാബീവിക്ക് ആരാധകരോടൊപ്പം ശത്രുക്കളേയും പ്രദാനം ചെയ്തു.

ജീവിതത്തിന്റെ നാനാത്വം അവര്‍ണനീയമാം വിധം ബഹുലമാണ്. പണ്ട് മുതലേ സൂഫികളും ഭാവഗായകരും ഈ നാനാത്വം അവതരിപ്പിക്കാന്‍ നെയ്ത്ത് വൃത്തിയെ അലങ്കാരമാക്കിയിട്ടുണ്ട്. അജ്ഞതനാമാവായ മാപ്പിളക്കവി ദര്‍ശനമനോജ്ഞമായി പാടുന്നത് കേള്‍ക്കുക:
‘ റാട്ട് പോലെയുള്ളതല്ലേ മനുഷ്യ ജീവിതം മൂപ്പാ
പട്ടുനൂല് ചുറ്റാം പത്താം നമ്പറും ചുറ്റാം’.

ഗായകന്മാരിലൂടെയാണ് മാപ്പിളപ്പാട്ടുകള്‍ സാക്ഷാത്കാരമടയുന്നത്. മലബാറിലെ മുസ്ലിംകളാണ് ഈ പാട്ടുകാരെന്ന് പൊതുവെ പറയുന്നുവെങ്കിലും, കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും, നാനാജാതിമതങ്ങളില്‍നിന്നും മാപ്പിളപ്പാട്ടുകാര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

മലയാള ഭാഷയിലെ ആദ്യത്തെ ഗ്രാമഫോണ്‍ റിക്കോഡ് മാപ്പിളപ്പാട്ടിന്റേതാണെന്ന് പലര്‍ക്കും അറിയില്ല. പ്രശസ്തമാപ്പിളപ്പാട്ടുകാരനായ കെ.ജി.സത്താറിന്റെ പിതാവ് ഗുല്‍ മുഹമ്മദാണ് 1925ല്‍ ആദ്യമായി ഈ റിക്കാഡില്‍ പാടിയിരിക്കുന്നത്. ദശലക്ഷക്കണക്കായ റിക്കാഡുകളും കാസ്സറ്റുകളും സി.ഡി.കളും ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കണക്കൊത്ത് പാടിയിട്ട് ഉണക്ക് മരത്തില്‍ പച്ചിലകള്‍ തളിര്‍പ്പിച്ചവരുണ്ട്. കത്തു പാട്ടുകളുണ്ട്; വിരഹത്തിന്റെ തീക്ഷ്ണനൊമ്പരങ്ങള്‍ ഈ പാട്ടുകളിലൂടെ ഒഴുകി.

എന്നാല്‍ വിരലിലെണ്ണാവുന്ന ഗാനങ്ങള്‍ മാത്രമേ ഇശലും ശേലും ചേര്‍ന്ന കെസ്സ് പാട്ടുകളായി മാറിയുള്ളൂ. പേരു കേട്ട പാട്ടുകാരനവധിയുണ്ട്.; എസ്.വി. പീര്‍മുഹമ്മദ് തൊട്ട് അനേകം പേര്‍. പി.ടി. അബ്ദുറഹിമാന്റെ രചനകള്‍ക്ക് ജീവന്‍ പകര്‍ന്നതില്‍ പ്രധാനി എസ്.വി.യായിരുന്നു. ഷറഫ് മാസ്റ്റര്‍, അസീസ് തായിനേരി, എരഞ്ഞോളി മൂസ, എം. കുഞ്ഞിമൂസ, എരഞ്ഞിക്കല്‍ ഉമ്മര്‍, ഇഷ്രത്ത് സാബാ, കണ്ണൂര്‍ഷെരീഫ്, കെ.ജി.സത്താര്‍, കെ.വി. അബൂട്ടി, എം. എ. ഗഫൂര്‍, കൃഷ്ണദാസ് വടകര, മണ്ണൂര്‍പ്രകാശന്‍, എന്‍.എം. ആലിക്കോയ, രഹന, എസ്. എ. ജമീല്‍, സിബല്ലാ സദാനന്ദന്‍, , വി.ടി.മുരളി, വുി. എം. കുട്ടി, വിളയില്‍ ഫസീല എന്നിവരിലൂടെ, താജുദ്ദീന്‍ വടകരയിലും റഫീക്കിലും അജയനിലും എത്തിനില്ക്കുകയാണ് മാപ്പിളപ്പാട്ടുകള്‍.

ഇവരില്‍ ഓരോരാളും സ്വന്തം നിലയില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. എന്നാല്‍ വി.എം. കുട്ടി, വിളയില്‍ ഫസീലാ ടീം കേരളത്തേയും പുറം രാജ്യങ്ങളേയും മാപ്പിളപ്പാട്ടുകള്‍ കൊണ്ട് ഇളക്കിമറിച്ചു. മരുഭൂമിയില്‍ മന്ദാരം പൂത്തത് പോലെ അവരുടെ ശബ്ദം ആസ്വാദകര്‍ക്ക് അനുഭവവേദ്യമായി; കുളിര്‍നിലാവില്‍ അത് ഊഷ്മളത പരത്തി; പടനിലങ്ങലില്‍ ആവേശമായി.

തുടരും..

എഡിറ്റിങ്ങ്: ഇഖ്ബാൽ മുറ്റിച്ചൂർ
മാപ്പിള കലാ അക്കാദമി കുവൈറ്റ് ചാപ്റ്റർ

No comments:

Post a Comment

ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...