Wednesday, June 3, 2020

കത്തു പാട്ട്

കത്തു പാട്ട്

- ഖലീലുല്ലാഹ് ചെം‌നാട്


കത്തുപാട്ടിന്റെ വിചാരങ്ങള്‍ ചിലതിന്നലെ കുറിച്ചിരുന്നു.
ഇതുപോലെ പാതിരാത്രിയില്‍...
ഇതൊന്നും ഒരു ശേഷ ക്കുറിപ്പല്ല,
മറിച്ച് ചില ഓര്‍മ്മപ്പെരുക്കങ്ങളില്‍ സംശയവും വിചാരണയും വരാവുന്ന തോന്ന്യാക്ഷരങ്ങള്‍ മാത്രം.
അല്ലാതെ "ഒരുപാട് പൂങ്കുയിലുകളിറങ്ങിയ ഈ കളത്തില്‍"
ഉബൈദിന്റെ നാട്ടില്‍ നിന്നും വന്ന ഈ വരക്കാരനില്‍ എന്ത് മാപ്പിള സാഹിത്യം?
അമീന്‍ഷാന്റെ പരാമര്‍ശങ്ങള്‍ ശ്രവിച്ചിരുന്നു,
നന്ദിയുണ്ട്.

ചര്‍ച്ചകളില്‍ നിന്നും
പുല്പറ്റ ഖാദര്‍ ഹാജിയെ കൂടുതലറിഞ്ഞു,
നന്ദി..

മോയിന്‍ കുട്ടി വൈദ്യരുടേയും, നല്ലളം ബീരാന്റേയും, പുലിക്കോട്ടിലിന്റെയുമൊക്കെ രചനകള്‍ ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെട്ടു,
ചിലത് ഇന്നലെ ഞാന്‍ സൂചിപ്പിച്ചിരുന്നു.
വയ്ദ്യരുടെ മകന്‍ അഹമ്മദ് കുട്ടി വൈദ്യരുടെ ഒരു കത്തു പാട്ടിനെക്കുറിച്ച് സി എന്‍ അഹമ്മദ് മൗലവിയും, കെ കെ കരീം സാഹിബും ചേര്‍ന്നെഴുതിയ "മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം" എന്ന പുസ്തകത്തില്‍ വായിച്ചതോര്‍മ്മയുണ്ട്, "കൊമ്പ്" ഇശലിലാണത്, വരികള്‍ മനസ്സില്‍ വരുന്നില്ല.
തുടക്കം കിട്ടിയാല്‍ ചിലപ്പോള്‍ മനസ്സിലെവിടെയെങ്കിലും കാണുമത്.

ഇവിടെ പരാമര്‍ശിച്ച "മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യമെന്ന പുസ്തകത്തിന്റെ അവതരണത്തില്‍ സി എന്‍ അഹമ്മദ് മൗലവി അക്കാലത്ത് ചന്ദ്രികയില്‍ ഒരു ലേഖനം എഴുതിയിരുന്നു..
അതില്‍ "പതിഞ്ചു വര്‍ഷത്തെ ഞങ്ങളുടെ നൈരന്തര്യം, മാപ്പിള സാഹിത്യമെന്ന മഹാ ബഹറില്‍ നിന്നും ഒരു കൈകുമ്പിളില്‍ കൊള്ളുന്നത്ര മാത്രമേ ഞങ്ങള്‍ക്ക് കോരിയെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ..." എന്ന് വിനയാന്വിതനായി പറഞ്ഞു തരുന്ന വരികളോര്‍മ്മ വന്നത്... "കത്തു പാട്ടെന്ന മഹാ സമുദ്രത്തില്‍ നിന്നും ഒരു കൈകുമ്പിളില്‍ കൊള്ളുന്നത്ര കോരിയെടുക്കാനുള്ള എന്റെ ശ്രമമെന്ന്... അദ്ധേഹത്തിന്റെ വരികള്‍ കടം കൊണ്ട് ബോധ്യം വരുത്താനാണ്‌.

പ്രണയത്തില്‍ ശ്ര്‌ംഗാരം പറഞ്ഞും, വിരഹത്തില്‍ കലഹിച്ചും, ജീവിതാനുഭവങ്ങളില്‍ കെസ്സ് കെട്ടിയും, സര്‍ക്കീട്ടിന്റെ രസം പറഞ്ഞും ഒരുപാടൊരുപാട് കത്തുകള്‍....
പാട്ടെഴുതാന്‍ കഴിയാത്തവര്‍ അന്ന് കാശ് കൊടുത്ത് കൂലിക്ക് പാട്ടെഴുതിപ്പിച്ചിരുന്നത്രേ...
മോയിന്‍‌കുട്ടി വൈദ്യര്‍, അഹമ്മദ് കുട്ടി വൈദ്യര്‍, നല്ലളം ബീരാന്‍, പുലിക്കോട്ടില്‍ ഹൈദര്‍, പുത്തൂര്‍ ആമിന, ലാഹാജി, കാടായിക്കല്‍ മൊയ്തീന്‍ കുട്ടി ഹാജി, മുണ്ടമ്പ്ര ഉണ്ണി മമ്മദ്, ശിശു ഹസ്സന്‍, കെ സി അഹമ്മദ് കുട്ടി മുല്ല, നെച്ചിമണ്ണില്‍ കുഞ്ഞിക്കമ്മു മാസ്റ്റര്‍, തോട്ടോളി മുഹമ്മദ്, ആല്പള്ളി ഉണ്ണിപ്പ, പി ടി ബീരാന്‍ കുട്ടി മൗലവി, പി കെ അബ്ദുള്‍ റഹിമാന്‍ ഉറുമി തുടങ്ങി മാപ്പിള സാഹിത്യത്തിലെ കത്തെഴുത്തില്‍ പേര്‌ ചേര്‍ക്കപ്പെട്ട പാട്ടെഴുത്തുകാരാണിവര്‍...

പ്രവാസത്തിന്റെ പ്രയാസം പറഞ്ഞ് വിരഹവും നൊമ്പരവും സമം ചേര്‍ത്തപ്പോള്‍ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായി മാറിയ കത്തു പാട്ടുകളാണ്‌ എസ് എ ജമീലിന്റെ കത്തു പാട്ടും അതിന്റെ മറുപടിയും.

പ്രാദേശികമായും മറ്റും വിശേഷങ്ങള്‍ക്കതീതമായ ഒരു പാട് രചനകള്‍ വന്നിട്ടൂണ്ട്..
ഏകദേശം ഒരു അമ്പതോളം കത്തുപാട്ടുകള്‍ ഇവിടെ സൂചകം.


1.
മുല്ലഫൂബീവിക്കറിയാന്‍ കുറിത്തെ കത്ത്
മുന്നെ നമയ് തമ്മില്‍ കണ്ടിട്ടില്ലാ പെരുത്ത്
മല്ലിക മുല്ലെ മുഹബ്ബത്തോപ്പില്‍ മുളച്ച്
മദനാശത്താലും വളര്‍മ്മ മുരട് വെച്ച്
നല്ലോണം പോറ്റി വളര്‍ത്തി തടി നയിച്ച്
നാണിയ പൂമൊട്ടൊന്നാ പൂമരത്തില്‍ ഊനിച്ച് ... ... .... 
(വൈദ്യര്‍)

2.
സ്വന്തം പിരിശ മുത്തില്‍ സുഖമായ് സ്വ;ലാമുരയ്ത്ത്
സുന്ദരി മെഹബൂബര്‍ ബീവി പൊളിത്ത് വായിത്ത് - അറിവാല്‍
സൂത്തറ കഥകള്‍ അടക്കി സ്വകാരിയക്കത്ത്
(വൈദ്യര്‍)

3.
എങ്കും പ്രധാന പൂങ്കാവില്‍ വാണിടും  പ്ങ്കജ പൂമോളില്‍ പാട്ടൊന്ന്
ഏകന്‍  അരുള്‍ പിടിയാല്‍ കുറിത്തെന്റെ മോഹക്കരളില്‍ ഞാനൂട്ടുന്നേ...
(നല്ലളം ബീരാന്‍)

4.
ആലങ്ങള്‍ അറുമുണ്ട് അല്‍ഫും കന്‍ ഇടകൊണ്ട്
അമൈത്തെ കോന്‍ തിരുനാമം തവക്കും ബിണ്ട് - സ്തുതിയാല്‍
അതും സല്ല സലാമയും മൊളിന്തും കൊണ്ട്
ബോലുന്നെന്‍ ഇരു കണ്ണില്‍ മണിമാരന്‍ ഹസ്സന്‍ കുട്ടി
പൂമനം തെളിന്തുണര്‍ന്നീടുവാന്‍ കെട്ടി - കവിതൈ
പോട്ടിടുന്നിതാ സ്വന്തം മറിയക്കുട്ടീ
(പുലിക്കോട്ടില്‍)

5
ഖല്ലാക്കവനേസ്തുതിത്ത് കഥകള്‍ കുറിയില്‍ കുറിത്ത്
കണ്‍കുളിര്‍ മെഹബൂബരാം പുതിയ പറമ്പത്ത് അഹമ്മദ്
കാക്കയെന്നവര്‍ക്കയക്കുന്നാമിനാ കത്ത്...
(പുത്തൂര്‍ ആമിന)

6.
സന്തോഷ തോപ്പിലിന്നേ...
സുഖവാസം ചെയ്തിടുന്നേ
ചന്ദനത്തെളിമുത്ത് പൂരണ ബീവിയാളിന്നേ - അറിവാന്‍
സാരമില്‍ സുകാരിയ
കത്തൊന്നെഴുതുന്നേ.. ...
(പുത്തൂര്‍ ആമിന)

7.
ചെന്താമലര്‍ മുഖം കാണും നേരത്ത്
എന്തെന്‍ മനം കൊതി ഏറ്റുമേ
ചോദിപ്പാന്‍ എന്‍ മനം നാണക്കേടിനാല്‍
ഖേദിച്ചിരുന്നതാണെന്നുമേ... ...
(പി. കെ അബ്ദുല്‍ റഹിമാന്‍ ഉറുമി)

8
അല്ലാഹ് റസൂലിനെയും കഴിച്ചെനിക്കെല്ലാത്തിനും സഖിയാണോരേ
എന്തെന്നബുവരില്‍ അഖിയായ സുന്തീര മാനിത മാരരേ
(മുത്തു കോയ ലക്ഷദ്വീപ്)

9
എത്രയും ബഹുമാനപെട്ട എന്റെ പ്രിയ
ഭര്‍ത്താവ് വായിക്കുവാന്‍ സ്വന്തം ഭാര്യ
എഴുതുന്നതെന്തെന്നാല്‍ ഏറെ പിരിശത്തില്‍
ചൊല്ലിടുന്നു അസ്സലാം
(എസ് എ ജമീല്‍)

10
അബുദാബിലുള്ളോരെഴുത്തു പെട്ടീ
അന്നു തുറന്നപ്പോള്‍ കത്തു കിട്ടീ
എന്‍ പ്രിയെ നീ നിന്റെ ഹ്ര്‌ദയം പൊട്ടീ
എഴുതിയ കത്തു ഞാന്‍ കണ്ടു ഞെട്ടീ...
(എസ് എ ജമീല്‍)

11
കതകടക്കാതേ ഉറങ്ങരുതേ നീ നോക്കാതെ
ഞാനത് റെഡിക്കച്ചെന്നുറപ്പ് പലരും നിനക്ക് തന്നാലും
സകലതും അടഞ്ഞു കണ്ടാലും...
അടുത്തു ചെന്നിടണേ - അടിമുടി അടക്കി നോക്കിടണേ
അതിനുടെ കൊളുത്തു സാക്ഷകള്‍ ശെരിക്കു വീണത്
പിടിച്ചു നോക്കിടണേ എന്നിട്ടുറപ്പിലെത്തിടണേ
(തഴവ ഉസ്താദ് ഭാര്യക്കെഴുതിയ കത്ത്)

12
മനതകത്താദരിത്തെ ഇഷ്ക്കാന്തരത്തില്‍ പൊട്ടി മുളത്തെ
മണിമകള്‍ക്കുള്‍ പിതാവറിവാന്‍ വിവരമായൊരെഴുത്തേ....
പിണക്കമെന്താണരിമപൂവി വരുന്നില്ലെ എന്‍ മലക്ക്
പിഴച്ചതെല്ലാം പൊറുത്ത് മാപ്പ് തരണം നിങ്ങള്‍ എനിക്ക് ... ...

13
ആദിയില്‍ ബിസ്‌മിയും സ്തൂതിയതു മൊഴിഞ്ഞു ഞാന്‍
ആരമ്പ മലര്‍ ബീവിക്കെഴുതും കത്ത്
കരളിന്റെ അകം തന്നില്‍ നിറഞ്ഞൊരാ വേദനകള്‍
കരത്താല്‍ നീ പകര്‍ത്തിയ എഴുത്തു കിട്ടീ...

14
മെഹബൂബറിഞ്ഞീടുവാന്‍ മനസ്സിന്‍ മുറാദുകളായ്
കത്തു കുറിച്ചിടുന്നെ  കരളകം വിങ്ങീടുന്നേ
കാലച്ചെറുപ്പത്തിലെ  കനവില്‍ വിരുന്നു
കുളിര്‍ കോരി തന്നതല്ലേ കളി കൂട്ടുകാരനല്ലേ .. ... ..

15
പേര്‍ഷ്യയിലേക്കെന്നുരത്ത്
പോയതാണന്നെന്റെ മുത്ത്
പോയതില്‍ പിന്നെ അയച്ചിട്ടില്ല ഒരു കത്ത്
എന്റെ പൂമണിമാരന്ന് പറ്റി പോയോ ആപത്ത്

16
ഏക ഇലാഹിന്റെ കരുണ കടാക്ഷത്താല്‍
എഴുതിയ കത്തു കിട്ടി - എന്റെ സഖീ
എന്തിന്ന്‌ ഇത്തരം കത്തെഴുതിക്കൊണ്ട്
എന്നെ കരയിക്കുന്ന്... ..

17
ഒന്നു കൊണ്ടും മുഷിയണ്ടാ
എന്നെ യോര്‍ത്ത് കരയണ്ടാ
പൊന്നണിഞ്ഞ ദുബായി നിന്റെ മുമ്പിലെത്തിക്കും -  നാളെ
നിന്നെ നോക്കും നാട്ടുകാര്‍ക്ക് കണ്ണു കടിക്കും - മോളേ
കണ്ണു കടിക്കും

18
പരിശൊത്തെ ബീവിക്കറിവാന്‍ കുറിത്തെ കത്ത്
പൊരിയും കരളിന്റെ മണമുള്ളതാണീ കത്ത്
ഏറിയ കാലം നാം ഒത്തു കഴിഞ്ഞു വന്ന്
ഏറെ മുഹബ്ബത്തമ്ര്‌തം കുടിച്ച് പോന്ന്

19
അറബ് നാട്ടില്‍ ഇവിടെ ഇങ്ങ് ഞാനുമെത്തി ഉമ്മാ
അലകടലിന്‍ അക്ക‌രെ എന്‍ നാടെനിക്കൊരോര്‍മ്മ ... ...
പൊന്നു വാരി തിരികെയെത്താന്‍ ഉള്ളിലെന്റെ ആശ
ചില്ലുപാത്രം പോലെ പൊട്ടി വീണിനീ നിരാശാ...

20
അറബിനാട്ടില്‍ അകലെയെങ്ങാണ്ടിരിക്കും വാപ്പ അറിയാന്‍
അകമുരുകി കുറിക്കും മകള്‍ക്കൊരുപാടുണ്ട് പറയാന്‍

21
 അകലെ ഗള്‍ഫില്‍ പണിയെടുത്ത് തളരും ഉമ്മാ അറിവാന്‍
അരുമ മകള്‍ കുറിക്കും കത്തില്‍ ഒരുപാടുണ്ട് എഴുതാന്‍

22
അകലെ നാട്ടില്‍ തനിച്ചിരിക്കും പ്രിയനെ നിങ്ങളറിയാന്‍
വിരഹത്തിന്റെ കഥകളുണ്ട് ഒരുപാടായിപ്പറയാന്‍

23
കടലിന്റെ അക്കരെ പോയോരെ
കല്‍ബുകള്‍ വെന്ത് പൊരിഞ്ഞോരേ
തെങ്ങുകള്‍ തിങ്ങിയ നാടിന്റെ ഓര്‍മ്മയില്‍
മുങ്ങിയ നിങ്ങളെ കഥപറയൂ... .... ... 

24
കരളുരുകി കരയുന്ന കഥയറിയാനെഴുതുന്നെ
കരയരുതീ കഥ കേട്ട് കാമിനിയാളേ എന്റെ
കല്‍ബിലിനി വസിക്കുന്ന പൈങ്കിളിയാളേ... ....

25
ഉള്ളേറ്റം വ്യസനത്താല്‍ കുറിക്കുന്നു ഒരു കത്ത്
ഉരുകുന്നെ നൊരിപ്പോടില്‍ മനം മുഷിത്തേ....

26
ഏറ്റം പിരിശത്താലേ
ആറ്റല്‍ ബീടരറിവാന്‍
നിന്റെ എഴുത്തു കിട്ടീ
എന്റെ കരള്‌ പൊട്ടീ ... .... ...

27
ആദിയില്‍ ബിസ്‌മിയും സ്തുതിയതും മൊഴിഞ്ഞു ഞാന്‍
ആരമ്പ മലര്‍ ബീവിക്കെഴുതും കത്ത്...
കരളിന്റെ അകം തന്നില്‍ നിറഞ്ഞൊരാ വേദനകള്‍
കരത്താല്‍ നീ പകര്‍ത്തിയ എഴുത്ത് കിട്ടീ.. .... ...

28
മിഴിനീരിന്‍ മഷിയില്‍ ഞാന്‍ മുക്കിക്കുറിത്തൊരാ
കത്തയക്കുന്നെന്റെ ഓമലേ.. നിന്റെ
മൊഴി കേള്‍ക്കാന്‍ അല്ലും പകലും നിന്നോര്‍മ്മയില്‍
കാത്തിരിക്കുന്നു ഞാന്‍ കാതലേ... ... ...

29
സ്നേഹത്താല്‍ എന്‍ സ്വന്തം ഭാര്യ വായിച്ചീടുവാന്‍
മോഹത്താല്‍ എന്‍ കരള്‍ പൊട്ടി ഞാന്‍ ചൊല്ലീടുന്നു,
കരളേ നാമാശിച്ച പോലെ വിസയും കിട്ടി.. ...
ദുഖത്താല്‍ നിന്നോട് വിടചൊല്ലി ഞാനിങ്ങെത്തി ...

30
പലവിധ പരാതികല്‍ നിറച്ചു നീ എഴുതിയ
കുറിപ്പൊന്നു ലഭിച്ചാനേ - ബീവി
പരിസരം മറന്നു ഞാന്‍ നിലവിട്ടും തൊണ്ട വറ്റി
അടിമുടി തരിച്ചാനേ - ഇന്നെന്റെ
ഉള്ളവും പകച്ചാനേ

31
പിരിശപ്പൂങ്കനി പരിശത്തൊരു മലര്‍ ബീവി നിന്റെ
പരിഭവം പറച്ചില്‌ നിറഞ്ഞൊരു കത്തുകള്‍ കണ്ടിട്ടെന്തെ
കരളില്‍ എരിപൊരി താപം ഏറുകയാണെന്‍ മുല്ലെ
കത്തൊന്നീവിധമെഴുതാന്‍ കാരണമെന്തെന്നല്ലേ... .... ...

32
 ഒന്നും വേണ്ടാ ഒന്നും വേണ്ടാ നിങ്ങള്‍ മാത്രം മതീ
ഒന്നു കാണാന്‍ വന്നു ചേരാന്‍ എന്താണിത്ര മടി
എന്തിനാണ്‌ എന്തിനാണ്‌ നിന്റെ ആവലാതി
എന്നു തീരും എന്നു തീരും നിന്റെ  ഈ പരാതി .... ....

33
പൊന്നു വിളയുന്ന നാട്ടില്‍
കണ്മണിയും പോയി
പെണ്ണിവള്‍ ഞാന്‍
കണ്ണുനീര്‍ കുടിച്ചിരിക്കലായി ... .....

34
വരുന്നമാസം പെരുന്നാളിനൊന്നിങ്ങ് വരാമോ
എന്നോടൊത്തു കൂടാമോ
വിരുന്നൊരുക്കി ഇരിക്കും ഞങ്ങളിന്നടുത്ത് വരാമോ
ഉപ്പാ കൂട്ടിരിക്കാമോ... .... ...

35
 കരയല്ലെ പേണ്ണേ പിരിയുമ്പോള്‍ എന്നെ
ഇനിയെന്നു കാണുമെന്റെ കനിയാളെ നിന്നെ
കരള്‍ വെന്തെരിയും കഥയാരറിയും
കല്‍ബേ നിന്‍ ഓര്‍മ്മകളില്‍ ഇനി ഞാന്‍ കഴിയും....

36
കരകാണാ കടലിന്റെ അക്കരെ പോയോരു
മാരന്റെ മുഖമൊന്ന് കാണാന്‍
മോഹങ്ങള്‍ കൊണ്ട് കൊട്ടാരം തീര്‍ത്തു
നാളുകളേറെ ഞാന്‍ കാത്തൂ... ..

37
അടുത്തു വരും പെരുന്നാള്‌ രാവിലിങ്ങ്  വരുമോ
അരികിലിരുന്നാരമ്പം വാരിക്കോരി തരുമോ...

38
നിങ്ങളക്കരെ ഞാനിന്നിക്കരെ
നടുവിലലറും കടല്‍ത്തിര
ഖല്‍ബില്‍ നോവുകളെത്തിര അത്
പറഞ്ഞാല്‍ ഒടുങ്ങാത്തത്തിരാ,,.....

39
കരള്‍ കണ്ണില്‍ തെളിയുന്ന പ്രിയ സഖീ അറിയുവാന്‍
കുറിക്കട്ടേ ഒരു കത്ത് മനസ്സില്‍ തട്ടി -  നിന്റെ
കുറിപ്പിനാല്‍ കഥനത്തില്‍ വിതുമ്പി പൊട്ടീ

40
പൊന്നുബാപ്പാ നിങ്ങളെന്നാണിങ്ങ് വീട്ടിലെത്ത്‌ണ്‌
പൊറുതികെട്ട് ഞാനുമുമ്മയും കല്‍ബ്‌ കത്തി കഴിയിണ്‌
പോയി കൊല്ലം നാലു കഴിഞ്ഞെന്നുമ്മ തേങ്ങി പറയ്‌ണ്‌
പൂതിയാല്‍ വഴികണ്ണു നട്ടീ കുഞ്ഞ്മോളുമിരിക്ക്‌ണ്‌... .....

41
കുറിക്കട്ടേ ഒരു കത്ത് കനി മാതാവറിഞ്ഞീടാന്‍
കനിവേറും മുഖം മുത്തി സലാമുരത്ത് - റബ്ബിന്‍]
കരുണയെ ചൊരിഞ്ഞിടാന്‍ ദു‌ആ ഇരന്ന്...

42
കരളിന്റെ കരളായ മണിമുത്തൊന്നറിയുവാന്‍
കരഞ്ഞും കൊണ്ടെഴുതുന്ന കഥന കത്ത്  എന്റെ
ഖല്‍ബിലെ നിണത്താലെ കുറിക്കും കത്ത്.. .... ...

43
പെട്ടെന്ന് വരാമെന്ന് പറഞ്ഞന്ന് പിരിഞ്ഞു
പൊട്ടികരയുന്നെന്നില്‍ സഹനവും ചൊരിഞ്ഞു
വിരിമാറിലേക്ക് നിങ്ങള്‍ ചേര്‍ത്തെന്നെ പിടിച്ചു 
വിതുമ്പുന്നെന്‍ ചുണ്ടിണയില്‍ ചുടുമുത്തം നിറച്ചു...

44
മാനിമ്പ പൂവേ നീ അറിയേണം എന്റെ
മനസ്സൊന്ന് ബീബി വായിക്കേണം
നിന്നെ പിരിഞ്ഞു ഞാന്‍ പോന്നില്ലേ പൊന്നെ
ഇന്നിപ്പോളാകെ തളര്‍ന്നില്ലേ... ...

45
വരുന്നില്ലല്ലോ വാപ്പ വരുന്നില്ലല്ലോ
ഉമ്മ വ്യസനത്തിലാ എന്നും കരച്ചിലല്ലോ

46
അബുദാബീലുള്ളൊരുമാരന്‍
ഇക്കരെ എത്തുന്നെന്നാണ്‌
അകതാരില്‍ ആശകളെല്ലാം
പൂവിടും നാളുകളേതാണ്‌

47
അക്കരെ ഗള്‍ഫില്‍ കഴിഞ്ഞു കൂടും പ്രിയ ചെങ്ങാതി നല്ല
ചക്കര വാക്കില്‍ കത്തെഴുതാനാണെനിക്ക് പൂതി...
ഖല്‍ബില്‍ എനിക്ക് പൂതി

48
ഖത്തറില്‍ നിന്നും വന്നൊരു കത്തില്‌
അത്തറ്‌ മണക്കുന്ന്
കത്ത് പഠിച്ചൊരു സുന്ദരി ബീവി
മുത്തി മണക്കുന്ന്‌

49
വില്‍‌റോടി പറഞ്ഞ
അലവി നാട്ടിന്നയച്ച കത്ത്:

പൊന്നു പ്പ വായിച്ചറിയാനെ .....
കനിമകളെ നീ അയച്ച കത്ത്..


50
എത്രയും പ്രിയം നിറഞ്ഞെന്റുമ്മ ഉപ്പമാര്‍ക്ക്
എഴുതിടുന്നു വസ്സലാമിന്നേറെ സ്നേഹിപ്പോര്‍ക്ക്
എത്തി, ഞാനബുദാബിയില്‍ അഹദവന്‍ തുണയാലേ
ഏറെ വ്യസനിത്ത് നിങ്ങള്‍ ചൊന്ന ദുആയാലെ.. ...
(ഗ്രൂപില്‍ അവതരിപ്പിച്ച - അമീന്‍ഷായുടെ വരികള്‍)









































ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...