Friday, June 9, 2017

മാപ്പിളപ്പാട്ട് (ഒന്ന്)


മാപ്പിളപ്പാട്ട് (ഒന്ന്)

----------------------
മാപ്പിള കല അക്കാദമി കുവൈറ്റ് ചാപ്റ്റർ


ഞങ്ങൾ ഇവിടെ പങ്കു വെക്കുന്ന അറിവുകള്‍ക്ക് വി പി മുഹമ്മദാലിയുടെ മാപ്പിളപ്പാട്ടുകള്‍ നൂറ്റാണ്ടുകളിലൂടെ , വി എം കുട്ടിയുടെ മാപ്പിളപ്പാട്ടിന്റെ തായ്‌വേരുകള്‍ ‍,മഹാകവി ചേറ്റുവായ് പരീക്കുട്ടി ,മോയിന്‍കുട്ടി വൈദ്യര്‍ സമ്പൂര്‍ണ്ണകൃതികള്‍ ,മാപ്പിളപ്പാട്ട് പാഠവും പഠനവും , മെഹറിന്റെ പാട്ടുകള്‍ ,
മാപ്പിള ഫോക്ലോര്‍,സമാഗമം, എന്നീ പുസ്തങ്ങളോടും മാഗസിനുകളില്‍ വന്ന ലേഖനങ്ങളോടും കടപ്പാട്...

കേരളത്തിലെ മുസ്ലിം മതസ്തർക്കിടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നു് അറിയപ്പെടുന്നതു്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമാണ്. ജനകീയവും സംഗീതാത്മകവുമാണ് അതിൻറെ പ്രത്യേകതകൾ. സംഗീതത്തിനു മുൻതൂക്കമുള്ളത്കൊണ്ട് തന്നെ ഗാനമാധുരിക്ക് പ്രാധാന്യം കല്പിക്കുന്നു.

മലയാളത്തിൽ നിലവിലിരിക്കുന്ന ഗാനവൃത്തങ്ങൾക്ക്പുറമേ സംസ്കൃത വൃത്തങ്ങളിൽ ചിലരൂപമാറ്റം വരുത്തിയും പാട്ടുകൾ രചിക്കുകയുണ്ടായി. മാപ്പിളപ്പാട്ടിൻറെ ഈണത്തിന്റെ താളക്രമത്തിന് 'ഇശൽ' എന്നാണ് പറയുന്നത്.

തൊങ്കൽ, ആദിഅനം, പുകയിനാൽ, കൊമ്പ്, കപ്പപ്പാട്ട്, ഒപ്പനചായൽ, ഒപ്പനമുറുക്കം, വിരുത്തം,തുടങ്ങി ഒട്ടേറെ ഇശലുകൾ ഉണ്ട്. ദ്രാവിഡ രീതിയുടെ അടിത്തറയിൽ നിന്നാണ് ഇശലുകൾ രൂപപ്പെടുത്തിയിക്കുന്നത്.

കമ്പി, കഴുത്ത്, വാൽകമ്പി, വാലുമ്മൽക്കമ്പി, എന്നിങ്ങനെയുള്ള പ്രാസവ്യവസ്ഥ കൂടി മാപ്പിളപ്പാട്ടിനുണ്ട്, ഇതിൻറെയും അടിസ്ഥാനം ദ്രാവിഡപാരമ്പര്യം തന്നെയാണ്. കമ്പി-പാട്ടിലെ 'മോന' അഥവാ ആദ്യാക്ഷരപ്രാസവും കഴുത്ത്-നാലടിയിലും രണ്ടാമത്തെ അക്ഷരം സമാനമാവുക എന്നത് പാട്ടിലെ 'എതുക' (ദ്വിതിയാക്ഷര പ്രാസത്തിനുതുല്യം)യ്ക്ക് തുല്ല്യവുമാണ്. വാൽകമ്പി അന്ത്യാക്ഷരപ്രാസവും, വാലുമ്മൽകമ്പി അന്താദിപ്രാസവുമാണ്. ഭാഷയിലെ പാട്ടു പാരമ്പര്യം മാപ്പിളപ്പാട്ടിൻറെ പാരമ്പര്യവുമായി ഇഴചേരുന്നതിൻറെ ദൃഷ്ട്ടാന്തങ്ങലാണിവയൊക്കെ.


മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ടു സാഹിത്യത്തിൽ ഉണ്ട്.

മാലപ്പാട്ടുകളിൽ ആദ്യത്തേത്, കൊല്ലവർഷം 752-ൽ കൊഴിക്കോട്ടുകാരനായ ഖാസിമുഹമ്മദ്‌ രചിച്ച 'മുഹയിദ്ധീൻമാല' യാണ്.


ഖാസി മുഹമ്മദ്, മോയിൻ കുട്ടി വൈദ്യർ, കുഞ്ഞായിൻ മുസ്ല്യാർ, ഇച്ച മസ്താൻ തുടങ്ങിയ പൌരാണിക കവികളുടേതടക്കം ഖണ്ഡകാവ്യങ്ങളും ഗീതങ്ങളും മാപ്പിളപ്പാട്ടായി പ്രചാരത്തിലുണ്ടു്. കവിയേക്കാൾ പാടുന്നവർക്ക് പ്രാധാന്യം നൽകപ്പെട്ടതിനാലായിരിക്കണം പല മാപ്പിള കൃതികളും അജ്ഞാത കർതൃകങ്ങളായത് . സമകാലീന മാപ്പിളപ്പാട്ടുകളിൽ അറബി-മലയാളത്തിന്റെ സ്വാധീനവും തുലോം കുറവാണ്. കെ.ടി. മുഹമ്മദ്, എം.എൻ.കാരശ്ശേരി, പി.റ്റി.അബ്ദുൽ റഹ്‌മാൻ, എ.വി.മുഹമ്മദ് , ചാന്ദ് പാഷ തുടങ്ങിയവർ പുതിയ കാലത്തെ മാപ്പിളപ്പാട്ടുരചയിതാക്കളാണ്. കെ.രാഘവൻ, പി.ഭാസ്കരൻ തുടങ്ങിയവർ മാപ്പിളപ്പാട്ടുകളെ സിനിമാസംഗീതമേഖലയിലേക്കെത്തിച്ചവരിൽ പ്രധാനികളാണ്.

ചരിത്രം
----------
അറബികൾക്ക് പുരാതനകാലം മുതലേ കേരളവുമായി ഉണ്ടായിരുന്ന കച്ചവടബന്ധം കേരളത്തിൽ ഇസ്‌ലാം മതത്തിനു വേരോട്ടമുണ്ടാകാൻ അവസരം ഒരുക്കി. അറബികളുടെ ഭാഷയും സംസ്കാരവും കേരളത്തിലെ മുസ്ലിം മതാനുയായികളിൽ സ്വാധീനം ചെലുത്തി. ഈ സാംസ്‌കാരിക സമ്പർക്കത്തിന്റെ ഫലമാണു് അറബി-മലയാളവും മാപ്പിള സഹിത്യവും. ഗവേഷകരിൽ ചിലർ മാപ്പിളസാഹിത്യത്തിനു് തൊള്ളായിരം കൊല്ലത്തോളം പഴമ കൽപ്പിക്കുന്നുണ്ട്.

പ്രമുഖ മാപ്പിളപ്പാട്ട് ഗായകർ
---------------------------------
മഹാകവി മോയീൻകുട്ടി വൈദ്യർ,ഒ.എം. കരുവാരക്കുണ്ട്,എരഞ്ഞോളി മൂസ,അസീസ് തായിനേരി,കണ്ണുർ സലിം,കണ്ണുർ ഷെരിഫ്,വി.എം. കുട്ടി,വിളയിൽ ഫസീല,അഫ്സൽ, നിലംബൂർ ഷാജി,പുലിക്കോട്ടിൽ ഹൈദെർ,റംലാ ബീഗം,എസ്.എ. ജമീൽ,പീര് മുഹമ്മദ്, വടകര കൃഷണ ദാസ്,വി ടി മുരളി,ഒ.അബു മാസ്റ്റർ,തുടങ്ങിയവർ...

മാപ്പിളപ്പാട്ടുകള്‍ .....

‘മരം’ എന്ന ചിത്രത്തിലെ മോയിന്‍ കുട്ടി വൈദ്യരുടെ കാവ്യശകലങ്ങളും അവയ്ക്ക് ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി എന്ന ടൈറ്റിലുമാണ് ഈ ഒരു ദീര്‍ഘമായ ചര്‍ച്ചയ്ക്ക് ഹേതു। എന്റെ അറിവില്‍ മോയിന്‍ കുട്ടി വൈദ്യരുടെ പാട്ടുകള്‍ ‘പാടി ‘ ക്കേട്ടിരുന്നവയായിരുന്നു. പാടിക്കേള്‍ക്കുമ്പോള്‍ അവയ്ക്ക് എന്തായാലും ഒരു ഈണം വേണമല്ലോ. ആ ഈണമാണോ സിനിമയില്‍ ഉള്ളത്? അല്ലെങ്കില്‍ ആ ഈണം എന്തായിരുന്നു? ഇപ്പോള്‍ മാപ്പിളപ്പാട്ടുകള്‍ എന്ന പേരില്‍ കേള്‍ക്കുന്നവ സിനിമാ സംഗീത സംവിധായകരുടെ മൌലിക സംഗീതമാണോ? എന്നൊക്കെ സംശയങ്ങള്‍ ഉടലെടുത്തു.

മരത്തിലെ പാട്ടുകള്‍ ദേവരാജസംഗീതം തന്നെയാണെന്ന് അഭിപ്രായമുയര്‍ന്നുവെങ്കിലും എന്റെ സംശയം വീണ്ടും നീണ്ടു നീണ്ടു പോയി। കാരണം എവിടെനിന്നായിരിക്കും ദേവരാജന്‍ മാസ്റ്റര്‍ തികച്ചും വ്യത്യസ്തമായ ഈണം കൊണ്ടുവന്നത്? അത് സര്‍വ്വാത്മനാ മാപ്പിളപ്പാട്ടെന്ന് അംഗീകരിക്കപ്പെട്ടത്?
എനിക്ക് വ്യക്തമായ ഉത്തരം കിട്ടിയത് പിക്സല്‍ ബ്ലൂവില്‍ നിന്നായിരുന്നു। സിനിമാപ്പാട്ടുകളില്‍ കേള്‍ക്കുന്ന മാപ്പിളപ്പാട്ട് സംഗീതം അവയുടെ ആദിമ രൂപങ്ങള്‍ സംസ്കരിക്കപ്പെട്ടവ തന്നെയായിരുന്നു എന്നാണ് പിക്സല്‍ ബ്ലൂ പറഞ്ഞത്.

തുടര്‍ന്ന് അതി ബൃഹത്തായ ഒരു സംഭാവനയാണ് സംശയാലു ഇക്കാര്യത്തില്‍ നമുക്കായി ചെയ്തിരിക്കുന്നത്. മാപ്പിളപ്പാട്ടുകളെപ്പറ്റി എത്രയോ പുസ്തകങ്ങള്‍ വായിച്ചാല്‍ മാത്രം ലഭിക്കുമായിരുന്ന. (ഇതുപോലെ ഇന്‍സ്റ്റന്റ് ആയി ലഭിക്കുമോ എന്നും അറിയില്ല) വിവരങ്ങള്‍ സംശയാലു എത്തിച്ചു. എന്റെ ജോലി അത് ഈ ബ്ലോഗ് രൂപത്തിലാക്കുക മാത്രമാണ്.
മാപ്പിളപ്പാട്ടുകളുടെ അല്‍ഭുതലോകത്തേക്ക് നമ്മെ എത്തിച്ച സംശയാലുവിനോടും പിക്സല്‍ ബ്ലൂവിനോടും ഹൃദയം നിറഞ്ഞ സന്തോഷം പങ്കുവയ്ക്കുന്നു।

സംശയാലു തുടങ്ങുന്നു.
മലബാറിലെ മാപ്പിളമാര്‍ ജീവിത സങ്കല്‍പ്പങ്ങള്‍ക്കും മതപരമായ ചിന്തകള്‍ക്കും ഊന്നല്‍ നല്‍കി അവരുടെ വാമൊഴിയില്‍ രചിക്കപ്പെട്ട പദ്യകൃതികളാണ് മാപ്പിളപ്പാട്ടുകള്‍ . മാപ്പിളപ്പാട്ടുകള്‍ക്കും ഇശല്‍ (വൃത്തം) ഉണ്ട്.
മാപ്പിളപ്പാട്ടുകളില്‍ നൂറോളം ഇശലുകള്‍ ഉണ്ട്..തൊങ്കല്‍, കപ്പപ്പാട്ട് ,മിറാജ് ,കൊമ്പ് , പുകയിനാര്‍ ,ഒപ്പന തുടങ്ങി ഒരു കാവ്യത്തില്‍ തന്നെ പല ഇശലുകളും കണ്ടേക്കും. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടില്‍ 102 ഉം ഉഹദു പടപ്പാട്ടില്‍ 109 ഉം ബദറുല്‍മുനീര്‍ ഹുസ്നുല്‍ ജമാലില്‍ 85 ഉം മലപ്പുറം പടപ്പാട്ടില്‍ 70 ഉം ഇശലുകളും ഉപയോഗിച്ചു..
സൌകര്യത്തിനു ഇശല്‍ ഈണം എന്ന രീതിയില്‍ കാണൂ. വൃത്തം എന്നതിനേക്കാള്‍ സൗകര്യം അതാവും
മാപ്പിള സമുദായവുമായി ബന്ധപ്പെട്ടതും മാപ്പിള എഴുതുന്നതും മാപ്പിളമാര്‍ കഥാപാത്രമായതും ആയ ഒരു പദ്യ കൃതി മാപ്പിളപ്പാട്ടാകില്ല..യൂസഫലി കേച്ചേരിയുടെ കൌജക്കുട്ടി എന്ന ഖണ്ഡ കാവ്യവും വയലാറിന്റെ ആയിഷയും മാപ്പിളപ്പാട്ടല്ല..ഇടശ്ശേരിയുടെ മുഹമ്മദ്‌ അബ്ദുറഹ്മാന്‍ എന്ന ഗാനവും ഭാസ്കരന്റെ കായലരികത്തും മാപ്പിളപ്പാട്ടാണ് .മുസ്ലിം കഥയല്ലാതിരുന്നിട്ടും മാപ്പിളരാമായണവും കാപ്പാട്ട് കൃഷ്ണപ്പണിക്കര്‍ പാട്ടും മാപ്പിളപ്പാട്ടില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു .
അപ്പോള്‍ എന്താണ് മാപ്പിളപ്പാട്ട്...
തനതായ താളക്രമവും വൃത്തനിബന്ധനയും പാലിച്ചും മാപ്പിളമാരുടെ നാടന്‍ മൊഴിയിലും അവരുടെതായ സങ്കല്‍പങ്ങളിലും ഊന്നി നില്‍ക്കുന്ന ഭാഷാ ഘടനയില്‍ രചിക്കപ്പെടുന്ന പദ്യ കൃതികളാണ് മാപ്പിളപ്പാട്ടുകള്‍ എന്ന് പറയാം ..
അറബീയതയും കേരളീയതയും മാപ്പിളത്താളവും അറബിതാളവും മലയാള താളവും മാപ്പിളപ്പാട്ടില്‍ സമന്വയിച്ചിരിക്കുന്നു ..
മുസ്ലിം ജീവിതത്തിന്റെ വൈകാരികത അതെ പടി പകര്‍ന്നു തരണമെങ്കില്‍ അവരുടെ ഗാര്‍ഹികാന്തരീക്ഷത്തില്‍ കിടന്നു പഴകിപ്പഴകി തനിമ നേടിയ വാക്കുകള്‍ തന്നെ ഉപയോഗിച്ചിരിക്കണമെന്നു ജോസഫ്‌ മുണ്ടശ്ശേരി നാടകാന്തം കവിത്വം എന്ന പുസ്തകത്തില്‍ പറഞ്ഞു വച്ചിട്ടുണ്ട്

അറബി, പേര്‍ഷ്യന്‍ , ഉറുദു, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളുടെയും പ്രാദേശിക ഗ്രാമപദങ്ങളുടെയും സ്വാധീനം മാപ്പിള വരമൊഴിയില്‍ പ്രകടമാണ്‍. മലയാളത്തില്‍ നിന്നും വ്യത്യസ്തമായ പലവാക്കുകളും നിത്യജീവിതത്തില്‍ മാപ്പിളമാര്‍ ഉപയോഗിച്ചു വന്നിരുന്നു.
മലയാളഭാഷയോട് ഇഴുകി ചേര്‍ന്നും വ്യതിരിക്തമായും മാപ്പിളഭാഷ ഉരുത്തിരിഞ്ഞു വന്നു.
വാമൊഴിയില്‍ വകഭേദം വന്ന മലയാളപദങ്ങളും അന്യഭാഷകളില്‍ നിന്ന് ജന്യമായ പദങ്ങളും കൂടിക്കുഴഞ്ഞ് മാപ്പിളമാരുടെ സംസാരഭാഷ രൂപം കൊണ്ടു.
പോരിശ , പിരിശം, ഓശാരം ,നേശം ,ബങ്കീശം, ഫൌസാക്ക്, അതൃപ്പം, മൊഞ്ച്, ബളാര്‍മ്മ , ബെമ്മ ,മാഞ്ഞാളം ,ഉയിതം,ചേപ്ര, ബിരീതം, ലങ്കുക ,ചീരാപ്പ്, ചീരണി ,ബെസര്‍പ്പ് ,ചോറ് ബൈയ്ക്കുക,കുത്തിരിക്കുക, പാത്താന്‍ പോകുക, നെട്ടാന്തരം,തുടങ്ങിയ പദങ്ങളും മുസീബത്ത്‌,ഹാജത്ത്, രാഹത്ത്, മുഹബ്ബത്ത് ,ഖല്‍ബ്, ഐബു, ശൌഖ്, നഫ്സു ,കിബ്റു, ഫസാദ് തുടങ്ങിയ അറബി പദങ്ങളോ മാപ്പിളമാര്‍ വാമൊഴിയില്‍ പ്രയോഗിച്ചിരുന്നു ..
കത്ത് , മുന്‍സിഫ്‌, താസില്‍ദാര്‍ ,വക്കീല്‍ ,വക്കാലത്ത്, ആമീന്‍ , തുടങ്ങിയവ മലയാളഭാഷയില്‍ പ്രചാരത്തിലുള്ള അറബി പദങ്ങളാണ്‌ ..

‘കടമ്മനിട്ടയുടെ കിരാത വൃത്തത്തിലെ
കാറ്റിന്റെ ചിലങ്കകള്‍ കെട്ടി
കാട്ടാറിന്‍ തരിവള മുട്ടി
കാടതികള്‍ ചോലമരത്തിന്‍
ചോട്ടില്‍ ചുവടൊത്ത് കളിക്കെ‘ എന്ന വൃത്തം തന്നെയാണ് മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടിലെ
വാഗ്ദത്തപ്പൂവളപ്പില്‍
ഒരുമക്കാറ്റടിത്തു വീശി
സിഹ്രതിഷ്ക്കകം കളിക്കും
സിംഹമാം സഹാബുല്‍ ബദറില്‍‘ എന്നതിലുള്ളത്....

കുഞ്ചന്‍ നമ്പ്യാരുടെ
ഫലിതമൊരുവക പറകയും ചിലര്‍
ഉറകയും ചിലര്‍ മറികയും
പലരുമിഹഭുവി നിറകയും ചിലര്‍
വിറകയും രസമറികയും ‘എന്നതിന് സമാനമാണ്
ബദര്‍ പടപ്പാട്ടില്‍ തന്നെ അര്‍ഷിലെ ഖദം എന്ന ഇശല്‍

‘ഇരിന്തേ നേടില്കളെ അറുക്കയും അത്
ഭുജിക്കയും ഖമ്രു കുടിക്കയും
ഇടരെ ബജതാഷ അടിക്കയും ദഫ്
മണിക്കയും ചൂള വലിക്കയും‘ എന്നത്

സ്ത്രീ വൈരൂപ്യം കവികള്‍ ചിത്രീകരിക്കുന്നത് അപൂര്‍വമാണ്..
വടക്കന്‍ പാട്ടില്‍ ചിത്രീകരിക്കപ്പെട്ട ഒരു സ്ത്രീ..
‘കാക്കയെ പോലെ കറുത്ത ചീറ്
അരിവാള് പോലെ വളഞ്ഞ ചീറ്
ചക്കച്ചുളപ്പല്ലും പേന്‍‌തലയും
എനിക്കിന്നാ ചീരൂനെ വേണ്ടെന്റേട്ടാ’
ഇതേ വൃത്തത്തിലും താളത്തിലുമാണ്‍ സഖൂം പടപ്പാട്ടിലെ ഒരിശല്‍..

‘ആരംഭ ബീരിതന്‍ ഖാളിദേണ്ടോര്‍
അപ്പൂരിബാഷും തഖ്തുകണ്ടാര്‍
നാരികള്‍ ബന്ത് കളിയും പാട്ടും
നാഥന്‍ ചെകിട്ടിനെ താത്തിക്കെട്ടും‘
ഇതേ രീതിയില്‍ പിന്നീടു രചിക്കപ്പെട്ട മാപ്പിളപ്പാട്ടുകള്‍ എല്ലാം ഇശല്‍ ആരംഭ എന്നാ പേരിലാണ് അറിയപ്പെട്ടത്..
ആരംഭ ഇശലിലുള്ള ഗാനം വടക്കേ മലബാറിലെ നാടന്‍ കലാരൂപമായ "കോതാമൂരിപ്പാട്ടില്‍" കാണാം
ആര്യാര് നാട്ടില്‍ പിറന്നോരമ്മാ
കോലത്ത് നാട് കിനാ കണ്ടിന്
കോലത്ത് നാട് കിനാകാണുമ്പം
കൊലമുടിമന്നനെ കാണാകുന്നു..

മോയിന്‍കുട്ടി വൈദ്യരുടെ തന്നെ പ്രശസ്ത പ്രണയകാവ്യമായ ബദറുള്‍ മുനീര്‍- ഹുസ്‌നുല്‍ ജമാലില്‍ ഹുസ്നുല്‍ ജമാലിനെ വര്ന്നിക്കാനും ഇതേ രീതി ഉപയോഗിച്ചു.
പൂമകളാണെ ഹുസ്നുല്‍ ജമാല്‍
പുന്നാരതാളമികന്ത ബീവി
ഹേമങ്ങള്‍ മീതെ പനിച്ചിത്തിരം
ആഭരണക്കോവ അണിന്ത ബീവി
ഈ ഇശലിനോട് സാമ്യമുള്ള ഒരു തിരുവാതിരപ്പാട്ടും ഉണ്ട്..

സരസ്വതീ വര്‍ണന.....
ചെന്തമാരപ്പൂവില്‍ പള്ളി കൊള്ളും
വെളുവെളെ മേനി വെളുത്ത പെണ്ണെ
വെണ്‍ചന്ദനം കൊണ്ട് പൂശുന്നോളേ
വെള്ളപ്പട്ടാടയുടുക്കുന്നോളേ
വെള്ളത്തില്‍ തന്നെ വസിക്കുന്നോളേ
നാളാകും തിങ്കള്‍ തിരുവാതിര.....

ഈ ഇശലിനോട് സാമ്യമുള്ള ഒരു നാടന്‍ പാട്ട് കൂടി
മോകപ്പെണ്ണൊന്നു തെരണ്ട കാലം
തൊട്ടു കുളിക്കാനൊട്ടെന്നയില്ല
പത്തു പണം കൊടുത്തെള്ള് വാങ്ങി
വെയിലത്തിട്ടഞ്ചാറ് വയ്ലടി കൊണ്ടേ...
ഹുസ്നുല്‍ ജമാലിന്റെ രചനയ്ക്ക് എത്രയോ വര്‍ഷം മുമ്പ് പ്രചാരത്തിലിരുന്ന പാട്ട് കൃതി രാമചരിതത്തില്‍ 66 ആം വൃത്തത്തിലുള്ള വരികളും ആരംഭ എന്ന ഇശലുമായി സാദൃശ്യം ഉണ്ട്.
മറൈന്തിതു വാനവുമാഴ് കടലും
മരങ്കളുമൂഴിയും മാമലൈയും
മുറിന്തു ചന്ദ്രങ്കല്‍ പൊഴിന്തുലകം
മുറങ്കിലാര്‍ വാനങ്കള്‍ തിഴ്ങ്കി വിണ്ണോര്‍.
തീരുന്നില്ല ..അര്മ്ബയില്‍ പണ്ടേ പ്രചാരത്തിലുള്ള ഒരു ഓണപ്പാട്ട്

അക്കരെ വീട്ടിലോരിട്ടിത്തുപ്പന്‍
ഇക്കരെ വീട്ടിലോരിട്ടിത്തേയി
ഒരു പിടി പണം വാരി മടിയിലിട്ടു
കൊഴിക്കോട്ടങ്ങാടി മുഴുവന്‍ തെണ്ടി
ചാക്കീരി മൊയ്തീന്‍ കുട്ടിയുടെ ചാക്കീരി ബദര്‍ എന്നാ കാവ്യത്തില്‍ മന്ധനട എന്ന ഇശലും ആരംഭ തന്നെ..

അറിയുമീവണ്ണം പറഞ്ഞ പിന്നെ
അബ്ദുല്ലഹിബിനു രവാഹതന്നെ
പരമസഹാബി സഭയില്‍ നിന്നു
പറയുന്നു താഹാ നബിയോടന്നു..

പണ്ടേ മലയാളത്തിലുള്ള ഓണപ്പട്ടിനും ഇതേ ഈണമാണ്..
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമോന്നുംപോലെ...

ഇരയിമ്മന്‍ തമ്പിയുടെ
ഓമന തിങ്കള്‍ കിടാവോ -നല്ല
കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ-പരി-
പൂര്‍ണ്ണേന്ദു തന്റെ നിലാവോ
ഇതേ വൃത്തം ബദറുള്‍ മുനീര്‍ - ഹുസ്നുല്‍ ജമാല്‍ എന്ന മോയിന്‍കുട്ടി വൈദ്യരുടെ കൃതിയിലെ
മക്കാനബി എന്നാ ഇശലില്‍

ചോന്കിമോളിക്കവാന്‍ ചോന്നനെ-സന്ധി-
രക്കിളിയെ നീ കേള് ഒന്നെന്നെ
എന്‍ കൂടെ പോരുവതും താനേ -ഇന്ന്
പാര്‍പ്പതിനും ഇടം ഇല്ലനെ...
ചെപ്ര =നാണക്കേട്‌

പിക്സല്‍ ബ്ലൂ വിന്റെ അഭിപ്രായങ്ങള്‍ :
-------------------------------------------

മാപ്പിള പാട്ടുകളുടെ ഈണങ്ങള്‍ നേരത്തെ ഉള്ളതാണെങ്കിലും ദേശവും കാലവും
അനുസരിച്ച് അതിനു വകഭേദങ്ങള്‍ ഉണ്ട്.
പലപ്പോഴും അറിയപ്പെടാത്ത ആരെങ്കിലും സംഗീതം നല്കിയതായിരിക്കും അത് .
ചില ഗാനരചയിതാക്കള്‍ പ്രത്യേക ഈശലിന്റെ പേരും പാട്ടിനൊപ്പം എഴുതി
വെക്കും.
മോയിന്‍ കുട്ടി വൈദ്യരുടെ ഗാനങ്ങള്‍ തലമുറകളായി പാടി വരുന്നവ ആണല്ലോ .
അത്തരം ഈണങ്ങള്‍ 'മര'ത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ ഒന്ന് പരിഷ്കരിച്ചതു
ആവാനാണ് എല്ലാ സാധ്യതയും .
അപ്പോള്‍ ക്രെഡിറ്റ്‌ ദേവരാജന്‍ മാസ്റ്റര്‍ക്ക് അവകാശപ്പെട്ടത് തന്നെ.

അല്ലെങ്കില്‍ വലിയൊരു പ്രശ്നം വരും.
കായലരികത്ത് വലയെറിഞ്ഞപ്പോള്‍, പൂരണ മധു, പകലവനിന്നു മറയുമ്പോള്‍
തുടങ്ങിയ ഗാനങ്ങളുടെ ഒന്നും ഒറിജിനല്‍ ഈണത്തിന്റെ ക്രെഡിറ്റ്‌ രാഘവന്‍
മാസ്റ്റര്‍ക്ക് ഉള്ളതല്ല.
പക്ഷെ കാലാനുസൃതമായി ഈണങ്ങള്‍ പരിഷ്കരിച്ച അല്ലെങ്കില്‍ വീണ്ടും
ആവിഷ്കരിച്ച രാഘവന്‍ മാസ്റ്ററുടെ പേരില്‍ തന്നെ
ഈ ഗാനങ്ങള്‍ അറിയപ്പെടുന്നു.

മാപ്പിളപ്പാട്ടുകളുടെ മലയാളത്തിലെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിനു
തന്നെ മൂന്നു നാല് നൂറ്റാണ്ടിന്റെ പഴക്കം ഉണ്ട്.
അപ്പോള്‍ സിനിമയെ പറ്റി ലോകത്ത് ആരും സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല !

1857-1891 ആണ് മോയിന്‍ കുട്ടി വൈദ്യരുടെ കാലം .
അപ്പോള്‍ ആര് പാടി എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ കഴിയില്ല .
സംഗീത സംവിധാനം എന്നതിനേക്കാള്‍ അതിനു മുമ്പുള്ള ഈശലുകളെ
ആസ്പദമാക്കിയാണ് ഗാനങ്ങള്‍ പാടിയിരുന്നത് .
പല ഈശലുകലുടെയും പേര് ഗാനത്തിന്റെ ആദ്യ വരിയോ വാക്കോ ആയിരുന്നു
ആകാശം ഭൂമി , കൊമ്പ് , ഹഖാന , തൊങ്ങല്‍ ,കപ്പപ്പാട്ട് എന്നിങ്ങനെ ഒരു
പാട് ഈണങ്ങള്‍.
അവയുടെ പേരുകള്‍ പിന്നെ പരിഷ്കരിച്ചത് ചാക്കീരി മൊയ്തീന്‍ കുട്ടി
ആണെന്ന് പറയപ്പെടുന്നു .
-സര്‍പ്പിണി , ചായല്‍നട എന്നിങ്ങനെ .

ആ ഈണങ്ങളില്‍ നിന്ന് സിനിമ ഗാനങ്ങള്‍ക്ക് എത്ര മാറ്റം വന്നു
എന്ന് പറയാന്‍ പണ്ഡിതന്മാര്‍ക്ക് മാത്രമേ കഴിയു .
പിന്നെ ദേവി ചോദിച്ച സംശയത്തിനുള്ള ഉത്തരം :
'കായലരികത്ത് വലയെരിഞ്ഞപ്പോള്‍' എന്ന ഗാനത്തിന്റെ ഒറിജിനല്‍ ഈണം
മോയിന്‍കുട്ടി വൈദ്യരുടെ 'ബദര്‍ പടപ്പാട്ടിലെ 'ആന പോടസുദല്‍ ഇലാഹരി
ഹംസ ചാടിയടുത്തുടന്‍ ‍' ആണ്
'പകലവനിന്ന് മറയുമ്പോള്‍' എന്നതിന്റെ ഈണം വൈദ്യരുടെ 'ബദറുല്‍
മുനീര്‍ ഹുസ്നുല്‍ ജമാലി'ലെ 'തടകി മണത്തെ സമയത്തില്‍' ആണ്
മാപ്പിള സാഹിത്യത്തില്‍ പ്രസിദ്ധമായ സബീനപ്പാട്ടിലെ മുറുക്കം എന്ന
ഈശലില്‍ ആണ് പൂരണമധു .

സംശയാലു വീണ്ടും എഴുതുന്നു.

മാപ്പിളപ്പാട്ടുകള്‍ എന്ന സാഹിത്യ ശാഖയില്‍ വിശുദ്ധന്മാരെയും വിശുദ്ധകളെയും പ്രകീര്‍ത്തിക്കുന്ന മാലപ്പാട്ടുകള്‍ ,വിശുദ്ധയുദ്ധങ്ങള്‍ വര്‍ണ്ണിക്കുന്ന പടപ്പാട്ടുകള്‍ , ധാര്‍മ്മികനിര്‍ദേശങ്ങള്‍ അടങ്ങിയ ഉറുദികള്‍, സ്തുതിപ്രധാനങ്ങളായ വിരുത്തങ്ങള്‍, സരസകഥകളും വിശുദ്ധചരിതങ്ങളുമടങ്ങിയ കിസ്സപ്പാട്ടുകള്‍ , പ്രേമത്തെയും വീരരസത്തെയും അടിസ്ഥാനമാക്കിയുള്ള കെസ്സുപാട്ടുകള്‍, കല്യാണപ്പാട്ടുകള്‍,കത്തുപാട്ടുകള്‍, താരാട്ടുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു
മൈലാഞ്ചിപ്പാട്ടുകള്‍, ഒപ്പനപ്പാട്ടുകള്‍ ,വെറ്റിലപ്പാട്ടുകള്‍ ,അമ്മായിപ്പാട്ടുകള്‍, പലഹാരപ്പാട്ടുകള്‍ ,പന്തല്‍ വര്‍ണനകള്‍ തുടങ്ങിയവ കല്യാണപ്പാട്ടുകളില്‍ പെടുന്നു..
ഒപ്പന എന്നാല്‍ ഉപമ, യോജിപ്പ് ,താരതമ്യം ഒപ്പരം, ഒപ്പനിരപ്പു , ആഭരണം, അലങ്കരണം , ചമയപ്പന്തല്‍ , എന്നൊക്കെയാണു അര്‍ഥം .ഒപ്പന എന്നത് മാപ്പിളപ്പാട്ടിന്റെ ഒരു ഇശല്‍ .ഒപ്പന എന്ന ഇശല്‍ പല ഘട്ടങ്ങളാണ് ..താളത്തിലും ഈണത്തിലും മാറ്റങ്ങള്‍ സംഭവിക്കും ..സാവകാശം ആരംഭിച്ച താളത്തിലൂടെ ഗതിവേഗമേറി താളം പിരിമുറുക്കമുള്ളതായി മാറുന്നു .ഒപ്പനയ്ക്ക് ഒപ്പനചായല്‍, ചായല്‍മുറുക്കം ,മുറുക്കം ,മുറുക്കത്തില്‍ ചാട്ട്, മുറുക്കത്തില്‍ ചുരുട്ട് ചാട്ട് ,മുറുക്കത്തില്‍ തുണ്ടം എന്നിങ്ങനെ പല വകഭേദങ്ങള്‍ ..ഒപ്പന എന്ന് സാധാരണ പറയാറു മാപ്പിളപ്പാട്ടുകള്‍ സംഘം ചേര്‍ന്ന് പാടുന്നതിനെയാണ് ..ഒപ്പന ദൃശ്യശ്രാവ്യ കലയാണ് ..അതിന്റെ ആത്മാവ് പാട്ട്. .സംഘം ചേര്‍ന്നിരുന്നു വട്ടമിട്ടു കയ്യടിച്ചു പാടുകയാണ് പതിവ്,മാപ്പിളപ്പാട്ട് സംഘം ചേര്‍ന്ന് പാടുന്നവരെ ഒപ്പനപ്പാട്ടുകാര്‍ എന്നും....

No comments:

Post a Comment

ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...