Friday, June 9, 2017

എന്തുകൊണ്ട് മാപ്പിളപ്പാട്ടുകളെ നാടുകടത്തണം

എന്തുകൊണ്ട് മാപ്പിളപ്പാട്ടുകളെ നാടുകടത്തണം

മാപ്പിളപ്പാട്ടുകളില്‍ വൈകൃതങ്ങള്‍ കുന്നുകൂടുകയും നല്ലവ വളരെ വിരളമായി തീരുകയും  ചെയ്യമ്പോള്‍ ജനാധിപത്യ മര്യാദയനുസരിച്ച് വൈകൃതങ്ങള്‍ മാപ്പിളപ്പാട്ടുകളുടെ ആധിപത്യം സ്ഥാപിച്ചെടുക്കുകയും ഇതാണ് യഥാര്‍ത്ഥ സ്വരൂപമെന്ന് തെറ്റിദ്ധരിപ്പികുകയും ചെയ്യുന്നു. ഇത് തെറ്റായ ഒരു പ്രവണ സൃഷ്ടിക്കുകയും അത് വഴി മാപ്പിളപ്പാട്ടുകളുടെ ചരിത്രം നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെ എന്തുകൊണ്ട് വഴിയെപോകുന്നവര്‍ക്കൊക്കെ തോണ്ടിനോക്കാവുന്ന ഒന്നായി മാപ്പിളപ്പാട്ട് മാറുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതിനെതിരെ ഗൗരവമായ  ഇടപെടലുകള്‍ ഉണ്ടാകുന്നില്ല എന്നതുതന്നെയാണ് ഒരു കാരണം.
മോശം മാപ്പിളപ്പാട്ടുകള്‍ കാസറ്റ്-സിഡി വിപണിയെ കീഴടക്കുമ്പോള്‍ ഇത്തരം 'ഇത്തരം ചരക്കുകള്‍ക്ക്' ജനപ്രിയം എന്ന വിശേഷണം പതിച്ചു നല്‍കാന്‍ ജനം തയ്യാറാവുന്നു. ഇടയിലെങ്ങാനം പ്രത്യക്ഷപ്പെടുന്ന ലക്ഷണമൊത്ത മാപ്പിളപ്പാട്ടുകള്‍ക്ക് മൂലക്ക് കിടക്കാനുള്ള ദുര്യോഗവും ഉണ്ടായിതീരുന്നു.
ആരാണിതിനുത്തരവാദി? പാട്ടെഴുത്തുകാരനും അതിന് സംഗീതം പകരുന്നവരും പാടുന്നവരും അതിന് ഇക്കിളിപ്പെടുത്തുന്ന ദൃശ്യവര്‍ണ്ണങ്ങള്‍ പകരുന്ന കച്ചവടക്കണ്ണുള്ള പാട്ടുകച്ചവടക്കാരും മാത്രമാണോ? യഥാര്‍ത്ഥ പ്രതികള്‍ ഇവര്‍ മാത്രമാണെന്ന് എനിക്കു തോന്നുന്നില്ല. കാശുകൊടുത്ത് ഈ പൊട്ട സാധനങ്ങള്‍  വാങ്ങി വീട്ടില്‍ കൊണ്ടുപോയി സിഡി പ്ളയറിലിട്ട് കണ്ട് താളംപിടിക്കുന്ന വികലമനസ്സുള്ള ആസ്വാദകരെ വെറുതെ വിടുന്നതാണ് തീരെ മനസിലാകാത്തത്. ആസ്വാദകര്‍ ഞങ്ങള്‍ നല്ലപാട്ടുകളെ കേള്‍ക്കൂ എന്ന് വാശിപിടിച്ചു തുടങ്ങിയാല്‍ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ഇത്തരം  'മാപ്പിളപ്പാട്ടുകള്‍' ഉണ്ടാകില്ല. മാര്‍ക്കറ്റില്‍ ഇതിന് പ്രിയം കുറയുന്നുവെന്ന് തോന്നിയാല്‍ തന്നെ നല്ല രചനകള്‍ തേടിപോകാന്‍ കാസറ്റ് നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരായി തീരും.
പണ്ട് യുവജനോത്സവ വേദികളില്‍ മാപ്പിളപ്പാട്ടും ഒപ്പനയും നിറഞ്ഞാടിയിരുന്നത് ഇന്നത്തെപ്പോലെയായിരുന്നില്ല. അക്കാലത്തിറങ്ങിയ ചില സിനിമകളിലെ 'ഒപ്പന'കളായിരുന്നു അവരുടെ മാതൃക. കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രാലങ്കാരങ്ങള്‍ക്ക് മാത്രം പതിനായിരക്കണക്കിന് രൂപ വാരിയെറിഞ്ഞിരുന്നു. സംഘഗാനവുമായുള്ള ഒരു മത്സരമായിരുന്നു അത്. പാട്ടിലോ കോസ്റ്യൂമിലോ മാപ്പിളത്തത്തിന്റെ തരിപോലുമില്ലാത്ത, പേരില്‍ മാത്രം 'ഒപ്പന'യെന്നറിയപ്പെട്ടിരുന്ന ഇവ ഒന്നാം സമ്മാനം വാങ്ങിപ്പോകുന്നത് ഹൃദഭേദകമായിരുന്നു. അന്ന് സമൂഹത്തിലെ ഉന്നതന്മാരായ വ്യവസായികളുടെയും ഡോക്ടര്‍മാരുടെയും ഭാര്യമാരായിരുന്നു കെട്ടിയൊരുങ്ങി മദാമ ചമഞ്ഞെത്തി 'ഒപ്പനയുടെ വിധിനിര്‍ണയിച്ചിരുന്നത്. ഒപ്പന ചുക്കോ ചുണ്ണാമ്പോ എന്നറിഞ്ഞുകൂടെന്നെത് മാത്രമായിരുന്നു മദാമ്മമാരുടെ യോഗ്യത.
കാലം മാറി. മാപ്പിളപ്പാട്ടുകളെ ഹൃദയം കൊണ്ട് തൊട്ട 'ഒപ്പന' എന്ന മാപ്പിളകലയെ ഗൗരവമായി കാണുന്ന ഒരുകൂട്ടം വിധികര്‍ത്താക്കള്‍ രംഗത്ത് വന്നതോടെ തനിമയുള്ള ഒപ്പനയും മാപ്പിളപ്പാട്ടും അംഗീകരിക്കപ്പെട്ടു തുടങ്ങി. വര്‍ണപ്പൊലിമ മാത്രം കൈമുതലായുള്ളവര്‍ക്ക് പടിയിറങ്ങിപ്പോകേണ്ടിവന്നു. ഇതൊരു ശുദ്ധീകരണമായിരുന്നു. ഇതിന്റെ പേരില്‍ ആദ്യമൊക്കെ വിധികര്‍ത്താകള്‍ക്ക് പഴികേള്‍ക്കേണ്ടിവന്നിരുന്നു. വര്‍ണശബളിമക്കാരുടെ വിചാരണയെ വസ്തുതാപരമായി നേരിടാന്‍ സാധിച്ചുവെന്നാണ് അവരുടെ വിജയം. പൊന്നാനിയില്‍ പ്രിന്‍സിപ്പലടങ്ങുന്ന ക്ഷുഭിതസംഘത്തിന് ക്ളാസെടുക്കേണ്ടിവന്നു. വടകരയില്‍ വിധികര്‍ത്താക്കള്‍ക്ക് ഒപ്പനയെക്കുറിച്ചും മാപ്പിളപ്പാട്ടിനെക്കുറിച്ചും പ്രസംഗിക്കേണ്ടിവന്നു. താമരശ്ശേരിയില്‍ യശശ്ശരീരനായ പ്രേംനസീര്‍ ഉദ്ഘാടനം ചെയ്ത മത്സരത്തില്‍ ക്ഷുഭിതരായ ജനത്തെ നേരിടാനാവാതെ വിധികര്‍ത്താക്കള്‍ക്ക് സ്റ്റേജിനടിയില്‍ ഒളിച്ചിരിക്കേണ്ടിവന്നു. വി.പി.മുഹമ്മദ് എം.എല്‍.എ ഇടപെട്ട് പൊലീസ് സഹായത്തോടെയാണ് വിധകര്‍ത്താക്കളെ ട്രാവലേഴ്സ് ബംഗ്ളാവിലെത്തിച്ചത്. ഇങ്ങനെ എത്ര എത്രസംഭവങ്ങള്‍~!
ഇതിന് പിന്നീട് ഫലമുണ്ടായി. സമ്മാനം കിട്ടണമെങ്കില്‍ യഥാര്‍ത്ഥ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിക്കാതെ നിവൃത്തി ഇല്ലെന്ന അവസ്ഥ വന്നു. ഇതിന്റെ ഭാഗമായി എന്താണ് ഈ മാപ്പിള കലകളെന്ന് പഠിക്കാനും  ഇതിനെക്കുറിച്ച്  അറിവുള്ളവരെ തേടിപ്പോകാനും മത്സരാര്‍ത്ഥികള്‍ നിര്‍ബന്ധിതരായി. ഇത് വലിയൊരു മാറ്റം തന്നെയായിരുന്നു. തനിമയുള്ള മാപ്പിളപ്പാട്ടുകളും ഒപ്പനയും ഇപ്പോള്‍ യുവജനോത്സവ വേദികളില്‍ മാത്രമെയുള്ളുവെന്ന അവസ്ഥവരെ എത്തിചേര്‍ന്നു.
ഇത് കൊണ്ട് ഒരു കുഴപ്പവുമുണ്ടായി. വൈദ്യര്‍, ചാക്കിരി, ചേറ്റുവായ്, പുലിക്കോട്ടില്‍, ശുങ്കായി തലമുറകളുടെ രചനകള്‍ മാത്രമാണ് യഥാര്‍ത്ഥമാപ്പിളപ്പാട്ടുകളെന്ന് ധാരണ പരന്നു. ഇത് ആവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി. ഒന്നാലോചിച്ചു നോക്കൂ; പതിനെട്ടുപേര്‍ മാപ്പിളപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കുകയും അതില്‍ എട്ടുപേരും ഒരു പാട്ട് തന്നെപാടുകയും ചെയ്യുമ്പോള്‍ ഉള്ള അവസ്ഥ. ലിഖിതമായ ഒരു പ്രാസ നിയമമോ അലങ്കാര ശാസ്ത്രമോ ഇന്നും മാപ്പിളപ്പാട്ടുകള്‍ക്കില്ല. ഒ. അബുവും, ടി. ഉബൈദും  അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും അത് പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ഇതുകാരണം പഴയ പാട്ടുകളുടെ കമ്പിയും കഴുത്തും വാലുമ്മക്കമ്പിയും അവലംബിക്കുന്നവ മാത്രമാണ് യഥാര്‍ത്ഥ മാപ്പിളപ്പാട്ടുകള്‍ എന്ന ധാരണ പരന്നു. ഇത് മാപ്പിളപ്പാട്ടിന്റെ വളര്‍ച്ചയില്‍ വലിയ വിലങ്ങുതടികളായെന്ന് പറയാതെ നിവൃത്തിയില്ല. ടി.ഉബൈദ്, ഒ.അബു, പുന്നയൂര്‍ക്കുളം ബാപ്പു പോലുള്ള സര്‍ഗ്ഗധനരായ മാപ്പിളപ്പാട്ടെഴുത്തുകാരുടെ മികച്ച രചനകള്‍പോലും വേണ്ടതുപോലെ പരിഗണിക്കപ്പെടാത്ത അവസ്ഥ വന്നുചേര്‍ന്നു.

മാപ്പിളപ്പാട്ടുകളുടെ സുവര്‍ണകാലം  അറബിമലയാളം എന്ന പുതുഭാഷാരൂപത്തില്‍ വീടുകളുടെ അകത്തളങ്ങളില്‍ അലയടിച്ചിരുന്ന കാലമായിരുന്നു. മുഹ്യദ്ദീന്‍ മാലയുടെയും ബദര്‍ പടപ്പാട്ടിന്റെയും ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാലിന്റെയും അറബി മലയാളം സെബീ നകളില്ലാത്ത വീടുകള്‍ വളരെ വിരളമായിരുന്നു. അക്കാലത്ത് വീട്ടിലെ പണിയൊക്കെ കഴിഞ്ഞാല്‍ മുസ്ളിം സ്ത്രീകള്‍ ഊഞ്ഞാലാടി മാപ്പിളപ്പാടുകള്‍ നീട്ടിപ്പാടിയിരുന്നു. അന്ന് ചെറിയ വീടുകളാണെങ്കില്‍പോലും 'ഇഞ്ചാല' എന്ന് വിളിച്ചിരുന്ന ഊഞ്ഞാല്‍ അകത്തളങ്ങളില്‍ സര്‍വസാധാരണമായിരുന്നു. പുതിയ വീടുകളില്‍നിന്ന് 'ഹുഞ്ചാല' അപ്രത്യക്ഷമാവുകയും അവ അലങ്കാരപണികളോടെ കൊട്ടാരസദൃശ്യമായ വീടുകളില്‍ മാത്രം പ്രത്യക്ഷപ്പെടുകയും ചെയ്തു. ആടുന്ന അലങ്കാരക്കട്ടില്‍ ഇപ്പോള്‍ ആഡംബരത്തിന്റെ ചിഹ്നമായി മാറി എന്നത് കൌതുകം ജനിപ്പിക്കുന്നതാണ്.


കല്യാണസദസുകളില്‍ മാത്രമല്ല കാതുകുത്ത് കല്യാണത്തിനും തൊട്ടിലുകെട്ടിനുമൊക്കെ മുസ്ളിംസ്ത്രീകള്‍ ഈണത്തില്‍ മാപ്പിളപ്പാട്ടുകള്‍ നീട്ടിപ്പാടി. മാര്‍ക്കക്കല്ല്യത്തിനു ചിലപ്പോള്‍ പുരുഷന്മാര്‍ തന്നെ വട്ടമട്ടിരുന്നു പാടി. പലപ്പോഴും രണ്ടും മൂന്നുംദിവസം നീണ്ടുനില്‍ക്കുന്ന പരമ്പരതന്നെയായിരുന്നു അത്. സാമ്പത്തിക ശേഷി കൂടിയവര്‍ ‍മുംബൈയില്‍ നിന്നു ഖവാലിഗായകരെ കൊണ്ടുവന്നു പാട്ടിനു മോടി കൂട്ടി. ആകെക്കൂടി സംഗീതമയം. 
രാത്രികാലങ്ങളിലായിരുന്നു പുതിയാപ്പിളമാരെ വിവാഹദിവസം വധുവിന്റെ വീട്ടിലേക്കാനയിച്ചിരുന്നത്. പെട്രോമാക് സിന്റെ വെളിച്ചത്തില്‍ 'ആദീ മുതല്‍പ്പുരാണ'വും 'തശ്രിഫുമ്മുബാറക്കാദരവായ നബിയുമ്മ'ത്തിമാരും 'മാണിക്കാമണിമുത്തും'....പാടാത്ത വിവാഹം അന്ന് വിവാഹമേ ആയിരുന്നില്ല.
അറുപതുകളുടെ ആരംഭത്തോടെയാണ് മാപ്പിളപ്പാട്ടുകള്‍ ടിക്കറ്റു വെച്ചുപാടിയാല്‍ എന്തായിരിക്കും പ്രതികരണം എന്ന ചിന്തയുണര്‍ന്നത്. ഗ്രാമഫോണ്‍ റിക്കാര്‍ഡുകളുടെ ജനപ്രീതിയും ഇതിനു പ്രചോദനമായിരിക്കണം. മാപ്പിളപ്പാട്ട് ആസ്വദിക്കാനെത്തുന്നവരുടെ സംഖ്യ കൂടിവന്നതോടെ കൂടുതല്‍ സംഘങ്ങള്‍ ഈ രംഗത്തേക്ക് ആകര്‍ഷിക്കപ്പെട്ടു. സ്വന്തം തൊഴിലുപേക്ഷിച്ചുപോലും ചിലര്‍ മാപ്പിളപ്പാട്ടു സംഘങ്ങളുണ്ടാക്കി. നാടകസംഘങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മുഴുസമയ പ്രൊഫഷണുകളായി മാറി. നല്ല വരുമാനമായിരുന്നു ഇവര്‍ക്ക്. സമാന്തരമായി മാപ്പിളപ്പാട്ടും കഥയും കൂട്ടിയിണക്കി 'മാപ്പിള കഥാപ്രസംഗം' എന്ന രൂപവും രംഗത്തുവന്നു. അതിനുമുമ്പ് ഏതെങ്കിലും ഒരു മുക്കില്‍ പെട്രോമാക് സ് കത്തിച്ചുവെച്ച ബദര്‍ പടപ്പാട്ടുകളും മറ്റുംപാടി അര്‍ത്ഥം പറഞ്ഞിരുന്ന ഒരു രീതി നിലവിലുണ്ടായിരുന്നു. സംഗീതോപകരണങ്ങളുടെ അകമ്പടിയില്‍ ഒരര്‍ത്ഥത്തില്‍ അത് പരിഷ്കരിക്കപ്പെടുകയായിരുന്നു.
ഇതോടെ മാപ്പിളപ്പാട്ടുകള്‍ക്ക് ജനപ്രീതി കൂടിയെങ്കിലും അതില്‍നിന്ന് ചിലതൊക്കെ ചോര്‍ന്നുപോയി.

No comments:

Post a Comment

ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...