Saturday, June 10, 2017

മാപ്പിളപ്പാട്ട് - (ഭാഗം - 6) - ""മുഹ് യിദ്ദീന്‍ മാല" തുടർച്ച...


മാപ്പിളപ്പാട്ട് - (ഭാഗം - 6) - ""മുഹ് യിദ്ദീന്‍ മാല" തുടർച്ച...

-----------------------------------------------------------------
അവലംബനം: ഇഖ്ബാൽ മുറ്റിച്ചൂർ & സലിം കോട്ടയിൽ
(#മാപ്പിളകലാഅക്കാദമികുവൈറ്റ്ചാപ്റ്റർ)

മാലപാട്ടുകൾ പാടേണ്ട ക്രമം:
----------------------------------
മാല ചൊല്ലാൻ ആരംഭിക്കുന്നതിനു ചില ക്രമവും ദുആ എന്ന പ്രാർത്ഥനയും കുടെയുണ്ട്.

ആദ്യം പ്രവാചകനായ നബിയെ സ്തുതിക്കുന്നു.പാരായണം ചെയ്യാൻ പോകുന്ന ഖുർ ആൻ സൂക്തങ്ങൾ മുഹ്‌യിദ്ദീൻ ശൈഖിനു വേണ്ടി സമർപ്പിക്കുന്നു.

“ സുമ്മ ഇലാ ഹള്‌റത്തി ശൈഖുനാ വ ശൈഖുൽ മ‌ശ്‌രിഖി വൽ മഗ്‌രിബി ഗൌസുൽ അ‌അലം ഖുതു ബിൽ അഖ്ത്താബി സുൽത്താൻ മുഹ്‌യുദ്ദീൻ അബ്ദുൽ ഖാദറിൽ ജീലാനി ഖദസല്ലാഹു സിർ‌റഹുൽ അസീസ് വനഫ അ‌അനല്ലാഹു ബിബറക്കാത്തിഹി ഫിദ്ദാറൈനി”...
അതിനു ശേഷം ഖുർ‌ആനിലെ സൂറത്തുൽ ‍‌ഫാത്തിഹ എന്ന അദ്ധ്യായം പാരായണം ചെയ്യുന്നു. തുടർന്ന് ഖുൽഹുവല്ലാഹിയെന്നും, ഖുൽ അ‌ഊദു ബിറബ്ബിൽ ഫലഖ്, ഖുൽ അ‌ഊദു ബിറബ്ബിന്നാസ് എന്നുമുള്ള ഖുർ‌ആനിലെ അവസാന അധ്യായങ്ങൾ ഓതുന്നു. അതിനു ശേഷം ദു‌ആ ചൊല്ലിത്തീർത്തു മാല ചൊല്ലാൻ തുടങ്ങാൻ തുടങ്ങുന്നു.

അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യദ്ദീൻ മാല എന്ന മാലപ്പാട്ട്. കോഴിക്കോട് ഖാസിയും അറബി മലയാള ഭാഷാകവിയും ഗ്രന്ഥകാരനുമായിരുന ഖാസി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ് ആണ് മുഹ്‌യദ്ദീൻ മാലയുടെ രചയിതാവ്. 1607 ആണ് ഇതിന്റെ രചനാകാലം. എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നതിനു തൊട്ടു മുമ്പുള്ള കാ‍ലഘട്ടമാണിത്. മുഹ്‌യദ്ദീൻ മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാട്ടുകൾ പിന്നീട് അറബി മലയാ‍ളത്തിലുണ്ടായി.

ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പ്രമുഖ സൂഫി വര്യന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നതാണ് മുഹ്‌യദ്ദീൻ മാല. മുഹ്‌യദ്ദീൻ ( മുഹ്‌യ് +ദീൻ) എന്നാൽ വിശ്വാസത്തെ പുനരുജ്ജീവിക്കുന്നവൻ എന്നർത്ഥം. ഇറാഖിലെ ജീലാൻ പ്രദേശത്തുകാരനായതിനാലാണു ജീലാനി എന്നു വിളിക്കപ്പെടുന്നതു. ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനിയുടെ ഇസ്‌ലാമിക സേവനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തെ മുഹ്‌യദ്ദീൻ ശൈഖ് എന്നു വിളിക്കുന്നത്.

പഴയ കാലങ്ങളിൽ മുസ്ലിം വീടുകളിൽ ഇതു സ്ഥിരമായി പാരായണം ചെയ്യുമായിരുന്നു. എന്നാൽ കാലക്രമേണ മുഹ്‌യ്ദ്ദീൻ മാല വിസ്മൃതിയിൽ ലയിക്കുകയുണ്ടായി. മുഹ്‌യദ്ദീൻ മാലയുടെ 400-ആമതു വാർഷികം 2007-ൽ ആചരിക്കുകയുണ്ടായി. ഈ സ്തുതിഗാനത്തിൽ തന്നെ ഇതെഴുതിയ കാലഘടനയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
“ കൊല്ലം ഏഴുന്നൂറ്റീ ‍ഏൺപത്തി രണ്ടിൽ ഞാൻ

കോർത്തേൻ ഈ മാലേനെ നൂറ്റമ്പത്തഞ്ചു ഞാൻ
മുത്തും മാണിക്യവും ഒന്നായി കോർത്തപോൽ
മുഹിയുദ്ദീൻ മാലേനെ കോർത്തേൻ ഞാൻ ലോകരെ"

മുഹ്‌യദ്ദീൻ മാലയുടെ പ്രത്യേകത:
-------------------------------------
പൊതുവേ മാപ്പിളപ്പാട്ടുകളുടെ ദൈർഘ്യം 150-നും 300 ഇനും ഇടയ്ക്ക് വരികളാണ്. മുഹ്‌യദ്ദീൻ മാലയിൽ 310 വരികളുള്ള മാലയ്ക്കു പുറമേ 152 വരികളുള്ള 'അലിഫ്' എന്ന മാണിക്യവും (പ്രാർത്ഥന) , ഗദ്യത്ത്തിലുള്ള പ്രാർത്ഥനയും പദ്യത്തിലുള്ള മുനാജാത്തും അടങ്ങിയിരിക്കുന്നു.മുനാജാത്ത്തിൽ അറബി തമിഴ് പദ്യകൃതികളുടെ സ്വാധീനമുണ്ട്. ലാളിത്യത്തിനും ആർജ്ജവത്തിനും മാതൃകയാണു ഇതിലെ ഓരോ വരികളും.

വരമൊഴിയല്ല, അക്കാലത്തെ വാമൊഴിയാണ്‌ കവി പലപ്പോഴും ഉപയോഗിച്ചു കാണുന്നത്.
“ കോയീന്റെ മുള്ളോട് ‌കൂകെന്ന് ചൊന്നാറെ
കൂസാതെ കൂകിപ്പരപ്പിച്ചു വിട്ടോവർ ”

"ചൊന്നവാറെ", "വന്നവാറെ" തുടങ്ങിയ പ്രാചീനമലയാളഭാഷാപ്രയോഗങ്ങളുടെ തദ്ഭവമായ "ചെന്നാരെ", "വന്നാരെ" എന്നിങ്ങനെ മാലയിൽ കാണുന്ന പ്രയോഗങ്ങളും, പഴയ മലയാളം ബൈബിളിലെ "അന്നാറെ", "എന്നാറെ" തുടങ്ങിയ പദങ്ങളും തമ്മിലുള്ള സാജാത്യം ശ്രദ്ധേയമാണ്‌.

ഭാഷാപരമായ പ്രത്യേകത:
------------------------------
പുണ്യാത്മാക്കളുടെ ജീവാപദാനങ്ങളാണ് മാലപ്പാട്ടുകളുടെ ഉള്ളടക്കം. മാലപ്പാട്ടുകൾ കീർത്തനകാവ്യ വിഭാഗത്തിൽപ്പെടുന്നവയാണ്. തമിഴകത്തെ ശൈവന്മാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭക്തി കാവ്യങ്ങളുടെശൈലി (കോർവ്വ) പിന്തുടർന്നു കൊണ്ടാണ് അറബി മലയാളത്തിലെ കാവ്യങ്ങൾ രചിക്കപ്പെട്ടതെന്ന് അഭിപ്രായമുണ്ട്.

മുഹ്‌യദ്ദീൻ മാലയിൽ പ്രകടമായി കാണുന്ന തമിഴ് ഭാഷാ സ്വാധീനത്തിന്‌ ഒരളവുവരെ കാരണമായത് തമിഴ് പുലവന്മാരുടെ സ്വാധീനമാണെന്ന് അനുമാനിക്കപ്പെടുന്നു.പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അറബിത്തമിഴിൽ രചിക്കപ്പെട്ട "മുഹ്‌യദ്ദീൻ ആണ്ടവർ‌ മാലൈ" തുടങ്ങിയ കൃതികളിലൂടെ പുലവന്മാർ ഇസ്ലാമികഭക്തിപ്രസ്ഥാനത്തിനു തുടക്കം കുറിച്ചിരുന്നു.

പ്രാചീനഭാഷാചമ്പുക്കളിലും സന്ദേശകാവ്യങ്ങളിലുമെല്ലാം ഈ തമിഴ് ചുവ കാണുന്നുണ്ട്. മുഹ്‌യദ്ദീൻ മാലയിലെ പല പ്രയോഗങ്ങളും അക്കാലത്തെ വ്യവഹാരഭാഷയിലുണ്ടായിരുന്നതാണെന്ന് പുരാതനകാലത്തെ താളിയോലകളും ശിലാശാസനങ്ങളും വ്യക്തമാക്കുന്നു.

അറബിമലയാളപദ്യരചനാരീതി പലപ്പോഴും സവിശേഷമായ ഒരു മണിപ്രവാളരീതിയായി മാറുന്നതു കാണാം. മോയിൻകുട്ടി വൈദ്യർ, ചേറ്റുവായി പരീക്കുട്ടി തുടങ്ങിയ നവോത്ഥാനകാലകവികളുടെ കൃതികളിൽ അറബി, സംസ്കൃതം, ഉറുദു, തമിഴ്, കന്നട, ഫാർ‌സി, മലയാളം തുടങ്ങിയ ഭാഷാപദങ്ങൾ പ്രാസലാവണ്യത്തോടെ മിക്കവരികളിലും കോർത്തുവെച്ചിരിക്കുന്നത് ആലാപനഭംഗിക്കും മാറ്റു കൂട്ടുന്നു.

മാലപ്പാട്ടുകളിലും ഒരളവോളം ഈ സ്വഭാവം കാണാൻ കഴിയും. മുത്തും മാണിക്യവും ചേർത്തു കോർക്കുന്നതുപോലെയാണ്‌ തങ്ങൾ മാല കോർക്കുന്നതെന്ന് അതിന്റെ രചയിതാക്കൾ ഏറ്റു പറയുന്നുമുണ്ട്.


മുനാജാത്ത്

മന്നിൽ പിറന്ത് ഹയാത്തായി നിൽക്കും നാൾ
മന്നർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
ദണ്ണം ബലാ‍‌ഔം ഒബാ‌ഉംഅണയാമൽ
തരുളർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
ഉണ്ണും ഒജീനം മുതലും ചുരുക്കാതെ
ഉണ്മാ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
എന്നും മവുത്തോളം ജയത്തം കിട്ടുവാൻ..
എങ്കൾ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
അറ്റപ്പെടുന്ന മരണസമയത്തിൽ
അസ്‌ഹാബുൽ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
മുറ്റിയിരുൾ ഖബറിൽ അടങ്ങും നാൾ
മൂപ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
തെറ്റാ‍തെ വിസ്താരം ചെയ്യും സമയത്തിൽ
ധീരർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
അറ്റത്തിൽ ആകെ ഹശ്‌റത്തിൽ അടുക്കുന്നാൾ
അമ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
ഏറ്റം അടുക്കെ ഈ നേരം ഉദിക്കും നാൾ
ഇമ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
കൂട്ടുകാരില്ലാ ഹിസാബിന്റെ നേരത്ത്
ഗുണത്തർ ബദ്‌രീങ്ങൾ കാവലിലേകല്ലാ
ഏറ്റിഅചോടാകെ തൂക്കുന്ന നേരത്ത്
എങ്കൾ ‌ബദ്‌രീങ്ങൾ കാവലിലേകല്ലാ..
കേറ്റി നരകങ്ങൾ കോപിക്കും നേരത്ത്
കേമബദ്‌രീങ്ങൾ കാവലിലേകല്ലാ..
അതു പോലെ എന്നെയും എൻ ഉമ്മാ ബാപ്പെയും
അറിവെ പഠിപ്പിച്ച ഉസ്താദന്മാരെയും
ഏദമാൽ ഇഖ്‌വാൻ അഖ്‌വാത്തും മറ്റുള്ളെ
ഇറസൂൽ നബിയാരെ ഉമ്മത്തിമാരെയും
ബദ്‌രീങ്ങൾ തോളരെ ഹഖ്‌ഖും വഫ്ല്‌ലിനാൽ
വലിയോനെയെനും സുവർഗ്ഗത്തിൽ കൂട്ടുള്ള
അവനിയിൽ നിന്നെന്നിൽ മാനക്കേടെത്താതെ
അധികം നി‌അമത്തായി നിന്നു മരിക്കുമ്പോൾ
നവലാൻ ശഹാദത്തും ഈമാനും കിട്ടുവാൻ
നാദർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
അബദൻ ഇവർകൾകു നിന്റെ റീളാ തന്നാ
അഹദവായേറ്റം ചൊരിഞ്ഞു കൊടുക്കല്ലാ
നബിയാർ മുഹമ്മദിൻ നിന്റെ സലവാത്തും
നല്ലസലാമും വഴങ്ങേണം യാ അല്ലാ..

ഇത്രയും മുനാജത്തു അതിനു ശേഷം മുഹ്‌യുദ്ദീൻ മാല തുടങ്ങുന്നു..

തുടരും..

No comments:

Post a Comment

ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...