Friday, June 9, 2017

അമ്പട മാപ്പിളപ്പാട്ടേ......


അമ്പട മാപ്പിളപ്പാട്ടേ......

രണ്ടാഴ്‌ച മുമ്പ്‌ കാസര്‍കോട്ടൊരു മാപ്പിളപ്പാട്ട്‌ സെമിനാര്‍ നടന്നു. തമിഴിലേയും കന്നടയിലേയും ഓരോ എഴുത്തുകാര്‍ വേദിയിലുള്ളതുകൊണ്ടാവണം, സംഘാടകരതിനെ ദേശീയ സെമിനാര്‍ എന്നാണ്‌ വിശേഷിപ്പിച്ചത്‌. എനിക്കത്‌ വളരെ ഇഷ്‌ടമായി. അപൂര്‍വ്വമായി ഒരു ദേശീയ സെമിനാറിലേക്ക്‌ എത്തിനോക്കാനുള്ള ഭാഗ്യം പോലും കിട്ടാത്ത എനിക്ക്‌ ഇത്‌ വലിയ ഒരു സംഭവമായിതോന്നി. വളര്‍ന്നുവരുന്ന ഏതൊരു യുവ സാഹിത്യകാരനും അങ്ങനെയേ തോന്നു.
പണ്ട്‌ നല്ല നിലയില്‍ കഴിഞ്ഞിരുന്ന മാപ്പിളപ്പാട്ടുകള്‍ അതിന്റെ ഐശ്വര്യവും സൗന്ദര്യവുമൊക്കെ നഷ്‌ടപ്പെട്ട്‌ ചുക്കിച്ചുളിഞ്ഞു. എന്നാല്‍ കൃത്രിമ സൗന്ദര്യ വസ്‌തുക്കള്‍ വാരിപ്പൂശി ഇതുവഴി കടന്നുപോകുമ്പോള്‍ അനുഭവപ്പെടുന്ന മനംമടുപ്പും വെറുപ്പുമായിരിക്കുമല്ലോ അവിടെ ചര്‍ച്ച ചെയ്യപ്പെടുകയെന്ന ഉദ്ദേശത്തില്‍ കുറച്ചൊക്കെ ഗൃഹപാഠം ചെയ്‌താണ്‌ ഞാന്‍ വേദിയിലേക്ക്‌ പരന്നു കയറിയത്‌. മൂന്നാം നിലയിലേക്ക്‌ നടന്നു കയറാനുള്ള പ്രയാസം നിങ്ങള്‍ക്ക്‌ പറഞ്ഞാല്‍ മനസ്സിലാവില്ല. ചിവിട്ടുപടികളുടെ എണ്ണം കൂടുന്തോറും കയറ്റം ആയാസകരമായിരിക്കുമെന്നാണല്ലോ പ്രമാണം.
അതിനിടെ കഴിഞ്ഞ ആഴ്‌ച തന്നെ എന്റെ ഇ-മെയില്‍ വിലാസത്തില്‍ വന്നൊരു ബ്യൂട്ടിപാര്‍ലറിന്റെ പരസ്യം കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്‌. ``ഞങ്ങളുടെ ബ്യൂട്ടിപാര്‍ലറില്‍ നിന്നും ഇറങ്ങിപ്പോകുന്ന സുന്ദരിമാരെ കമന്റടിക്കുമ്പോള്‍ സൂക്ഷിക്കുക; ചിലപ്പോള്‍ അത്‌ നിങ്ങളുടെ മുത്തശ്ശിമാരായിരിക്കും'' എന്നതായിരുന്നു ആ പരസ്യം. ഞാന്‍ നല്ലോണം അത്‌ ആസ്വദിച്ചു. നര്‍മ്മം ഇപ്പോഴും വറ്റിപ്പോയിട്ടില്ലെന്ന്‌ അറിയുന്നത്‌ തന്നെ വലിയൊരു ആശ്വാസമാണ്‌. ഈ പരസ്യം തന്നെ `` ഞങ്ങളിറക്കുന്ന മാപ്പിളപ്പാട്ട്‌ ആല്‍ബങ്ങള്‍ പ്രതീക്ഷയോടെ വാങ്ങി വീട്ടില്‍ കൊണ്ടുപോകുന്നവര്‍ സൂക്ഷിക്കുക. ചിലപ്പോള്‍ അത്‌ താണതരം ഡപ്പാന്‍ കുത്ത്‌ മാപ്പിളപ്പാട്ടായിരിക്കും'' എന്ന്‌ തിരുത്തിയാലും വലിയ വ്യത്യാസമൊന്നുമുണ്ടാകില്ലെങ്കിലും ആദ്യ പരസ്യത്തിന്റെ മധുരമായ നര്‍മ്മം കിട്ടില്ല.
പണ്ട്‌ പണ്ട്‌ ബസുകളിലൊക്കെ പുകവലി നിരോധിച്ചപ്പോള്‍ അന്നത്തെ പ്രസിദ്ധമായ അബ്‌ദുല്ല സിഗരറ്റ്‌ കമ്പനിക്കാര്‍ ബസ്സായ ബസ്സുകളിലൊക്കെ മനോഹരമായ ഒരു പരസ്യം പതിച്ചിരുന്നുവത്രെ.`` ബസിനകത്ത്‌ പുകവലി പാടില്ല; അത്‌ അബ്‌ദുല്ല സിഗരററ്റാണെങ്കില്‍പ്പോലും'' എന്നതായിരുന്നു പരസ്യവാചകം. ഇപ്പോഴും വിഖ്യാതമായ ഒരു പരസ്യവാചകമായി അഡൈ്വര്‍ടൈസിംഗ്‌ ഏജന്‍സികളുടെ അകത്തളങ്ങളിലും ജര്‍ണലിസം ക്ലാസുകളിലും മുഴങ്ങുന്നത്‌ ഈ പരസ്യം തന്നെ. ചില പരസ്യങ്ങള്‍ അങ്ങനെയാണ്‌. പുതിയ പരസ്യങ്ങള്‍ക്ക്‌ വഴിമാറിക്കൊടുക്കില്ല.
മാപ്പിളപ്പാട്ടുകളുടെ ഈണങ്ങളും ശീലുകളുമൊന്നും ദൈവദത്തമായ ഒന്നല്ല. കമ്പിയും കഴുത്തും വാലുമ്മക്കമ്പിയും പാട്ടുകളെ ചടുലവും രസനിഷ്യന്ദിയുമാക്കാന്‍ വേണ്ടി സര്‍ഗ്ഗധനരായ മാപ്പിളപ്പാട്ടെഴുത്തുകാര്‍ ഉണ്ടാക്കിയതാണ്‌. ഇവിടെ മഹാകവി മോയിന്‍ കുട്ടി വൈദ്യരെ ഭാഷയുടെയും ആശയങ്ങളുടെയും മാത്രമല്ല താളങ്ങളുടെ രാജാവെന്ന്‌ വേണംവിളിക്കാന്‍. ഉദാഹരണത്തിന്‌ ബദര്‍പടപ്പാട്ടിലെ യുദ്ധോപകരണങ്ങളുടെ വിവരണം മാത്രം ശ്രദ്ധിച്ചാല്‍ മതി.
മലയാള സാഹിത്യത്തില്‍ കഴിഞ്ഞൊരു നൂറ്റാണ്ടിനിടയില്‍ കാര്യമായ ഭാവുകത്വ പരിണാമം ഉണ്ടായിട്ടുണ്ട്‌. `കുന്ദലത'യെയോ `ഇന്ദുലേഖ'യെയോ അനുകരിച്ച്‌ ഇക്കാലത്ത്‌ ആരെങ്കിലും നോവലെഴുതിയാല്‍ അവര്‍ക്ക്‌ നട്ടപ്രാന്താണെന്ന്‌ പറയാന്‍ വൈമനസ്യം കാണിക്കുന്നവര്‍ക്ക്‌ എന്തോ തകരാറുണ്ടെന്ന്‌ ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌? കവിതയിലും നാടകത്തിലും കഥയിലും മാത്രമല്ല സര്‍ഗ്ഗാത്മസൃഷ്‌ടിയുടെ എല്ലാ മേഖലകളിലും ഈ മാറ്റം ഉണ്ടായിട്ടുണ്ട്‌. കാലം ആവശ്യപ്പെടുന്നതുകൊണ്ടാണ്‌ അങ്ങിനെ സംഭവിക്കുന്നത്‌. ഇതിനെ അനാരോഗ്യകരം എന്നാരെങ്കിലും വിളിച്ചാല്‍ അവര്‍ക്ക്‌ പാപം കിട്ടും. തിന്നാല്‍ തീരാത്ത പാപമായിരിക്കും അത്‌.
മോയീന്‍ കുട്ടിവൈദ്യരുടെയും ചേറ്റുവായ്‌ പരീക്കുട്ടിയുടെയും ശുജായ്‌ മൊയ്‌തു മുസ്ലിയാരുടെയും പുലിക്കോട്ടില്‍ ഹൈദരിന്റെയും ചാക്കീരിയുടെയും മുണ്ടമ്പ്രയുടെയും ഒക്കെ കാലംതന്നെയായിരുന്നു മാപ്പിളപ്പാട്ടിന്റെ പുഷ്‌കല കാലം. മൊഹ്‌യദ്ദീന്‍ മാലതൊട്ട്‌ ഇങ്ങോട്ട്‌ ഇവരുടെ കാലം വരെയുള്ള മാപ്പിളപ്പാട്ട്‌ ചരിത്രം വിസ്‌മൃതിയില്‍ കിടക്കുന്നു എന്നതുകൊണ്ട്‌ മാപ്പിളപ്പാട്ടില്‍ അനുക്രമം ഉണ്ടായ വികാസത്തെക്കുറിച്ചു തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒന്നും പറയാന്‍ കഴിയില്ല. അതുകൊണ്ട്‌ ഇക്കാലത്ത്‌ മാപ്പിളപ്പാട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്ന്‌ പറയാന്‍ കഴിയില്ല.ഇസ്ലാമിക ഭക്തിയില്‍ ഊന്നിയുള്ളവയായിരുന്നു അക്കാലത്തെ മാപ്പിളപ്പാട്ടുകളെന്ന്‌ സംശയമൊന്നും കൂടാതെ പറയാന്‍ കഴിയും.
അറബിക്കഥകള്‍ വിശ്വസാഹിത്യത്തില്‍ തന്നെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ഇന്നും ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പാവ്‌ലോ കൊയ്‌ലോയുടെ `ആള്‍കെമിസ്റ്റ്‌' എന്ന പ്രഖ്യാത നോവല്‍വരെ അത്‌ ചെന്നെത്തിനില്‍ക്കുന്നു. മോയിന്‍കുട്ടിവൈദ്യര്‍ `ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ജമാല്‍' എന്ന ആര്‍ദ്രപ്രണയ കാവ്യം രചിച്ചതിന്‌ പിന്നിലെ ചേതോവികാരം അറബിക്കഥകളോടുള്ള അനുരാഗം തന്നെയാവണം. സ്‌ത്രീ സൗന്ദര്യത്തെ ഇത്രചേതോഹരമായി വര്‍ണിച്ച കവിതകള്‍ വിശ്വസാഹിത്യത്തില്‍ അധികമൊന്നും ഉണ്ടായിട്ടില്ലെന്ന്‌ പറഞ്ഞാല്‍ അതൊരു അതിശയോക്തിയൊന്നുമല്ല. എന്തുകൊണ്ട്‌ ബദറുല്‍ മുനീറിനും ഹുസനുല്‍ ജമാലിനും പകരം വൈക്കം മുഹമ്മദ്‌ ബഷീര്‍ ചെയ്‌തപോലെ കൊണ്ടോട്ടിയിലെ ഒരു മജീദിനെയും സുഹ്‌റയെയും വൈദ്യര്‍ ഇവിടെ ആവിഷ്‌കരിച്ചില്ലെന്ന്‌ ചോദിച്ചവരുണ്ട്‌. അതുകൊണ്ട്‌ പച്ച മണ്ണിന്റെ മണമുള്ള ഹൃദ്യമായൊരു പ്രണയ കഥയാണ്‌ നമുക്ക്‌ നഷ്‌ടപ്പെട്ടതെന്ന്‌ പറഞ്ഞവരുമുണ്ട്‌.. മോയിന്‍കുട്ടിവൈദ്യര്‍ക്ക്‌ അത്രയ്‌ക്ക്‌ ധൈര്യമില്ലായിരുന്നുവെന്നാണ്‌ ഇതിന്‌ മറുപടിപറയേണ്ടത്‌. സാമൂഹികമായ പരിസരം അന്നതിന്‌ പാകമല്ലായിരുന്നു. മോയീന്‍കുട്ടി വൈദ്യരുടെ കാലം കഴിഞ്ഞ്‌ പിന്നെപ്പോഴോ മുഹമ്മദ്‌ അബ്‌ദുര്‍ റഹ്‌മാന്‍ സാഹിബിന്റെ `അല്‍ അമീനി'ല്‍ ഒരു മുസ്ലിം പ്രണയകഥ പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ കോലാഹലത്തെക്കുറിച്ച്‌ എന്‍.പി.മുഹമ്മദ്‌ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. മുഹമ്മദ്‌ അബ്‌ദുല്‍ റഹ്‌മാന്‍ സാഹിബ്‌ `അല്‍ അമീനി'ല് ‍കൂടി മാപ്പുപറയുന്നതോടു കൂടിയാണ്‌ ഈ പ്രശ്‌നം അവസാനിക്കുന്നത്‌. ടി. ഉബൈദ്‌ പള്ളിയില്‍ വിചാരണ ചെയ്യപ്പെടുന്നതും `അല്‍ അമീനി'ല്‍ വന്ന ഒരു ലേഖനത്തിന്റെ പേരിലായിരുന്നു എന്ന കാര്യം ഇവിടെ കൂട്ടിവായിക്കണം. വിലങ്ങുകള്‍ തീര്‍ത്ത ഒരു സാമൂഹിക വ്യവസ്ഥ സര്‍ഗ്ഗാത്മക വ്യാപാരത്തെ അക്കാലത്ത്‌ സ്വതന്ത്രമായി പറന്നുകളിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന്‌ വേണം ഇതില്‍ നിന്നും അനുമാനിക്കേണ്ടത്‌.
പ്രണയത്തില്‍ മതം ഇടപെടുന്നത്‌ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയും പുരുഷനും വിവാഹത്തിന്‌ മുമ്പ്‌ പരസ്‌പരം കാണുകയും സംസാരിക്കുകയും സ്‌പര്‍ശിക്കുകയും ഹൃദയം കൈമാറുകയും ചെയ്യുന്നത്‌ അനുവദനീയമാണോ എന്ന വിഷയത്തിലാണ്‌. എന്നാല്‍ ഇന്ന്‌ മതവിധിപ്രകാരം നിക്കാഹ്‌ ചെയ്‌ത പെണ്ണിനെ വേദിയില്‍ കിടന്ന്‌ പാടുന്നത്‌ പണ്ട്‌ പ്രണയിച്ചവനായിരുന്നുവെന്നറിയുമ്പോള്‍ അവന്‌ സ്വന്തം ഭാര്യയെ`കൂട്ടിക്കൊടുക്കുന്ന' ഭര്‍ത്താവിനെയോ സ്വീകരിക്കുന്ന കാമുകനേയോ ആരും തല്ലിക്കൊല്ലുന്നില്ല. ഇതിനെയാണ്‌ മഹത്തായ മാപ്പിളപ്പാട്ടിന്റെ അനുകരണീയമായ മാറ്റം എന്നു നമ്മള്‍ വിശേഷിപ്പിക്കുന്നത്‌. ഇത്‌ പരിഷ്‌കാരം തലക്ക്‌ പിടിച്ച ഒരു സമൂഹത്തില്‍പ്പോലും സംഭവിക്കുമോ എന്നോര്‍ക്കുമ്പോഴാണ്‌ `അമ്പട മാപ്പിളപ്പാട്ടേ..' എന്ന്‌ പറഞ്ഞ്‌ മൂക്കിന്റെ അറ്റത്ത്‌ വിരല്‍ വെച്ചുപോകുന്നത്‌. ഇത്‌ ആസ്വദിക്കാന്‍ ആളുകള്‍ ഉണ്ടെന്നറിയുമ്പോഴാണ്‌ നമ്മള്‍ തകര്‍ന്നുപോകുന്നത്‌.
ഇത്‌ ഒരു പാട്ടിന്റെ മാത്രം കാര്യമല്ല. വ്യാജമാപ്പിളപ്പാട്ടുകളില്‍ ഇതും ഇതിലപ്പുറവും നിരന്തരം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഇവരെ തല്ലിയോടിച്ച്‌ നാടുകടത്താന്‍ പുളിവാറ്‌ എന്ന്‌ പറയുന്ന സാധനം ഇപ്പോള്‍ തീരെ കിട്ടാനില്ലെന്ന്‌ പറയുന്നതൊന്നും വലിയ ന്യായീകരണമല്ല. പുളിവാറ്‌ കണ്ടെത്തണം. തിരണ്ടിവാലും അത്രമോശപ്പെട്ട സാധനമമൊന്നുമല്ലല്ലോ

No comments:

Post a Comment

ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...