Saturday, June 10, 2017

മാപ്പിളപ്പാട്ട് - (ഭാഗം - 3)


മാപ്പിളപ്പാട്ട് - (ഭാഗം - 3)

------------------------------------------------

ഞങ്ങൾ ഇവിടെ പങ്കു വെക്കുന്ന അറിവുകള്‍ക്ക് വി പി മുഹമ്മദാലിയുടെ മാപ്പിളപ്പാട്ടുകള്‍ നൂറ്റാണ്ടുകളിലൂടെ , വി എം കുട്ടിയുടെ മാപ്പിളപ്പാട്ടിന്റെ തായ്‌വേരുകള്‍ ‍,മഹാകവി ചേറ്റുവായ് പരീക്കുട്ടി ,മോയിന്‍കുട്ടി വൈദ്യര്‍ സമ്പൂര്‍ണ്ണകൃതികള്‍ ,മാപ്പിളപ്പാട്ട് പാഠവും പഠനവും , മെഹറിന്റെ പാട്ടുകള്‍ ,
മാപ്പിള ഫോക്ലോര്‍,സമാഗമം, എന്നീ പുസ്തങ്ങളോടും മാഗസിനുകളില്‍ വന്ന ലേഖനങ്ങളോടും കടപ്പാട്...


മാപ്പിളപ്പാട്ടുകള്‍ കെസ്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗസലിന്റെ മലബാര്‍ ഭാഷാന്തരമാവാം കെസ്സ്. സൂഫിവര്യനും മഹാകവിശ്രേഷ്ടനുമായ ജലാലുദ്ദീന്‍ റൂമിക്ക് മുമ്പ് തന്നെ ഗസലുകള്‍ ആരംഭിക്കുന്നു. റൂമിയാകട്ടേ, ആയിരക്കണക്കില്‍ ഗസലുകള്‍ രചിച്ചിട്ടുണ്ട്. ഭക്തിയില്‍നിന്വുത്ഭൂതമാവുന്ന മഹാപ്രണയമായിരുന്നു റൂമിയുടെ ഗസലുകളുടെ ഉള്ളടക്കം. ( കൂട്ടത്തില്‍ പറയട്ടേ, റൂമിയുടെ എണ്ണൂറാം ജന്മവാര്‍ഷികം 2007 ഡിസംബറില്‍ യുനെസ്‌കോവിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിക്കുകയാണ്). മിര്‍സാഗാലിബിലെത്തിയതോടെ, വിരഹാര്‍ദ്രപ്രണയത്തിന്റെ ആലാപനമായി മാറി, ഗസല്‍.

ഭാസ്‌കരന്‍മാസ്റ്ററെയും യൂസഫലി കേച്ചേരിയെയും പരാമര്‍ശിക്കാതെ, കെസ്സിനെപ്പറ്റിയുള്ള ഏത് കുറിപ്പും അപര്യാപ്തമായിരിക്കും. പേര്‍പെറ്റ അനേകം കെസ്സുകള്‍ ഭാസ്‌കരന്‍മാസ്റ്റര്‍, മലയാളസിനിമയ്ക്ക് വേണ്ടിരചിച്ചു. കെസ്സിനുള്ളിലും ഗരിമയാര്‍ന്നകവിതയുള്‍ച്ചേര്‍ക്കാന്‍യൂസഫലി കേച്ചേരിക്കുകഴിഞ്ഞു.
‘ ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ’, എന്ന് കേള്‍ക്കുമ്പോള്‍ ഏത് ഹൃദയമാണ് രസിക്കാത്തത്?
‘ മയിലാഞ്ചിത്തോപ്പില്‍
മയങ്ങിനില്ക്കുന്ന മൊഞ്ചത്തീ,
മയ്ക്കണ്ണാല്‍ ഖല്‍ബില്‍
അമിട്ടുപൊട്ടിച്ച വമ്പത്തീ’. എന്ന് കേട്ടാല്‍ ഏത് ഹൃദയമാണ് തരളമാവാത്തത്?
‘ കായലരികത്ത് വലയെറിഞ്ഞപ്പം
വളകിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിന് കുറിയെടുക്കുമ്പ-
ളൊരുനറുക്കിന്‌ചെര്‍ക്കമണ ‘, എന്ന് കേട്ടാല്‍ ഏത് കരളാണ് തുടിക്കാത്തത്?

രസിപ്പിച്ചും മനസ്സ് തരളമാക്കിയും കരള് തുടിപ്പിച്ചും മാപ്പിളപ്പാട്ടുകള്‍ വാര്‍ന്നുവീണുകൊണ്ടിരിക്കുന്നു. മഞ്ഞു പെയ്യുന്ന രാത്രികളില്‍ ഏകാകിയായ ഒരു ഗായകന്‍, വിദൂരങ്ങളിലെ തന്റെ ഇണപ്രാവിനെ ഓര്‍ത്ത് പാടുന്നു. ഒരു വരി കെസ്സ് മൂളാത്ത മലയാളിയില്ല, ദേശവാസിയായാലും പ്രവാസിയായാലും.

ഗസലിന്റെ പതിഞ്ഞശൈലിയില്‍മാത്രമല്ല കെസ്സുകള്‍ ഉള്ളത്. ദ്രുതതാളനിബന്ധിതമായ പദങ്ങളുടെ പുളകപ്പൂക്കളും കെസ്സില്‍ കാണാം. മോയിന്‍കുട്ടിദൈ്യരുടെ യുദ്ധവര്‍ണനകള്‍ ഇതിനുദാഹരണമാണ്. ഭാഷാ കവിതകളില്‍ കാണുന്ന വൈവിദ്ധ്യം ആദ്യകാല മാപ്പിളക്കവിതകളിലും കാണാം. മലയാളി മുസ്ലിം, ഗസല്‍ സ്വായത്തമാക്കിയപ്പോള്‍, അത് ഭാഷയ്ക്കുംചരിത്രത്തിനും ഭൂമിശാസ്ത്രത്തിനുമൊത്തപരിവര്‍ത്തനങ്ങള്‍ കൈവരിച്ചു.

ഫോക്ക് ലോറിന്റെ ജീവത്തായൊരു പാരമ്പര്യമുണ്ട്, മലയാളിക്ക്. അതിന്റെ അവിഭാജ്യമായൊരു ഭാഗമാണ് മാപ്പിളപ്പാട്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ കാല്പനികപ്രത്യശാസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ഫോക്ക് ലോര്‍ വളന്നുവന്നത്. നിരക്ഷരജനങ്ങള്‍ ഈണ ത്തിലും താളത്തിലും തലമുറകളിലൂടെ കൈമാറി വരികയും ആധുനികപ്രത്യശാസ്ത്രലക്ഷ്യങ്ങള്‍ക്ക് പ്രയോജനപ്പെടും മട്ടില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ബുദ്ധിസാമര്‍ത്ഥ്യം അവയെ പരുവപ്പെടുത്തുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന് മുമ്പ് ജനപ്രിയപഴമകള്‍ എന്നായിരുന്നു ഇവ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ക്രമേണ, ഇവ, ക്രമത്തില്‍രേഖപ്പെടാനാരംഭിച്ചു;
പരമ്പരാഗതജീവിതത്തിന്റേയും അതിന്റെ കലാരൂപങ്ങളുടേയും സമന്വയമാണ് ഫോക്ക് ലോര്‍. അതില്‍നാം കാണാനിടയുള്ള അവിശ്വസനീയമായ കല്പനകളും ദുസ്സാധമായ വിശ്വാസങ്ങളും ഈ ജീവിതം ജീവിക്കുകയും കലാരൂപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രകാശനമാകാം. അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ ആത്മപ്രകാശനമാണ് അന്ധവിശ്വാസങ്ങള്‍ എന്ന് ക്രിസ്തഫര്‍ കാഡ്വല്‍ുന്നുണ്ട്. ജീവിതത്തിന്റേയും കലയുടേയും ലഘുപ്രവാഹങ്ങളിലാണ് സാമാന്യമായി ഫോക്ക് ലോര്‍ ഉള്‍പ്പെടുന്നത്. അധികാരവും സമ്പത്തും കൈയാളുന്ന വര്‍ഗ്ഗത്തിന്റെ അഭിജാതജീവിതവും കലാരൂപങ്ങളും മഹാപ്രവാഹങ്ങളായി നിലകൊണ്ടു.

അവയുടെ ആധികാരികതയും പാരമ്പര്യവും തനിമയും നിലനിര്‍ത്തിക്കൊ ണ്ട, കാലാനുസൃതമാക്കാനുള്ിളപരിശ്രമമാരംഭിച്ചു. സത്യത്തില്‍ പത്തൊമ്പാതാം നൂറ്റാണ്ടിലാരംഭിച്ച കാല്പനികദേശീയതയുടെ സഹസ്രശാഖകളില്‍ ഒന്നായിരുന്നു ഫോക്ക് ലോര്‍. സമൂഹത്തിലെ ചെറു ഗ്രൂപ്പുകള്‍ സ്വന്തം തനിമനിലനിര്‍ത്തുന്നതിന് ഫോക്ക് ലോറിനെ ആശ്രയിച്ചു. തനിമ മതപരമാവാം, ജാതീയമാവാം, കര്‍മ്മരംഗത്തിന്റെ കൂട്ടായ്മയില്‍ നിന്ന് ആവിര്‍ഭവിച്ചതാവാം- ഫോക്ക്‌ലോറിന് പല മാനങ്ങളുണ്ടെന്ന് അംഗീകരിക്കപ്പെട്ടു. വിവിധജീവിത വ്യവഹാരങ്ങളെ അടിസ്ഥാനമാക്കി വിരചിതമായ കലാരൂപങ്ങള്‍ ഫോ#ക്ക് ലോറിന്റെ ഭാഗമായിമാറി. ജനജീവിതത്തിന്റെ പ്രായോഗികവും ജ്ഞാനപരവും സാങ്കല്പികവുമായ എല്ലാ ഘടകങ്ങളും ഒരു ഫോള്‍ഡറിലേക്ക് ഇത് വഴി ചുരുങ്ങിവന്നു. അവയില്‍മിത്തുകള്‍ കുടിപാര്‍ത്തു, സത്യം തിളങ്ങിനിന്നു.

തുടരും..

ഇഖ്ബാൽ മുറ്റിച്ചൂർ & സലിം കോട്ടയിൽ
മാപ്പിള കലാ അക്കാദമി കുവൈറ്റ് ചാപ്റ്റർ

No comments:

Post a Comment

ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...