Friday, June 9, 2017

എന്തരോ മാപ്പിളപ്പാട്ടലൂ.....

എന്തരോ മാപ്പിളപ്പാട്ടലൂ.....

എന്താണ് മാപ്പിളപ്പാട്ട് എന്ന ചോദ്യത്തിനു പണ്ടൊരിക്കല്‍ കെ.പി. ഉമ്മര്‍ എന്ന സിനിമാ നടന്‍ പറഞ്ഞ കഥ ഓര്‍മ്മയിലുണ്ട്. ഉമ്മര്‍ക്ക നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹം പറഞ്ഞ കഥക്ക് തേമാനം സംഭവിച്ചിട്ടില്ല.
മലപ്പുറത്തെ എഴുത്തും വായനയും അറിയാത്ത ഒരു ഇത്താത്തയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. ഇന്നത്തെപ്പോലെ ഫോണ്‍ സൗകര്യമൊന്നുമില്ല. വിശേഷങ്ങള്‍ അറിയാന്‍ കത്തയക്കുകയേ മാര്‍ഗ്ഗമുള്ളു. ഇത്താത്തയ്ക്ക് ഭര്‍ത്താവിനുള്ള കത്തുകള്‍ തൊട്ടടുത്ത എല്‍.പി സ്കൂളിലെ അവറാന്‍   മാസ്ററായിരുന്നു എഴുതിക്കൊടുത്തിരുന്നത്. ഇത്താത്ത കര്‍ട്ടനു പുറകില്‍ മറഞ്ഞു നിന്ന് വിശേഷങ്ങളൊക്കെ പറഞ്ഞുകൊടുക്കും. അവറാന്‍ മാസ്റര്‍ അതൊക്കെ മണിമണിയായി മലയാളത്തില്‍ എഴുതി വായിച്ചുകേള്‍പ്പിക്കും. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അതുകൂടി എഴുതിച്ചേര്‍ക്കാന്‍ പറയും.
ഒരു തവണ അവറാന്‍ മാസ്റര്‍ക്ക് ഒരു കുസൃതി തോന്നി. കത്തിലെ അഭിസംബോധന ഇത്താത്ത തന്നെ പറഞ്ഞുകൊടുക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. ഇത്താത്തക്ക് നാണം വന്നു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു നോക്കിയെങ്കിലും മാസ്റര്‍ വിടാനുള്ള ലക്ഷണമില്ലെന്ന് കണ്ടപ്പോള്‍ അവസാനം പറഞ്ഞു.
" എന്റെ ഇങ്ങക്ക് ഇങ്ങളെ ഞാന്‍ എയുത്ത് സലാം..'' എന്നു തുടങ്ങിയാല്‍ മതി.
കെ.പി. ഉമ്മര്‍ ചോദിക്കുന്നത് ഇതല്ലെ യഥാര്‍ത്ഥ മാപ്പിളപ്പാട്ട് എന്നാണ്. ഇതിലെന്താണ് ഇല്ലാത്തത് ? ലാളിത്യമില്ലേ? മാപ്പിളത്തമില്ലേ? സൌന്ദര്യമില്ലേ? ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പം ഇതിലും ശക്തമായി മറ്റെങ്ങനെയാണ് അവതരിപ്പിക്കാന്‍ കഴിയുക.? അര്‍പ്പണത്തിന്റെ ഉദാത്തമായ സ്പന്ദനം ഇതില്‍ വ്യക്തമായി കേള്‍ക്കുന്നില്ലേ.? സ്നേഹത്തിന്റെ കടലിരമ്പുന്നത് ഇതിലും മനോഹരമായി എങ്ങനെയാണ് വരച്ചുവെക്കാന്‍ കഴിയുക !
 വൈക്കം മുഹമ്മദ് ബഷീര്‍ ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ടാവില്ലെന്നും ഇമ്മിണിവല്യ ഒന്നേ ആവുകയുള്ളുവെന്നും പറഞ്ഞത് ഇതിനോട് ചേര്‍ത്തുവെച്ചാലറിയാം രണ്ടും തമ്മിലുള്ള അടുപ്പം.
 പേര്‍ഷ്യന്‍ കവി ജലാലൂദ്ദീന്‍ റൂമിയുടൈ 'മഥ്നവി' എന്ന സൂഫികവിതയില്‍ കാമുകന്‍ കാമുകിയുടെ  വാതിലില്‍ തട്ടി തുറക്കാന്‍ ആവശ്യപ്പെടുന്നു.
അകത്തുനിന്ന് കാമുകിയുടെ ചോദ്യം: "ആരാണ്?''
കാമുകന്‍ "ഞാന്‍''എന്ന് മറുപടി പറഞ്ഞു.
വാതില്‍ തുറന്നില്ല.
കാമുകന്‍ വീണ്ടും വാതിലില്‍ മുട്ടി.
അതേ ചോദ്യം. അതേ ഉത്തരം.
അപ്പോഴും വാതില്‍ തുറന്നേയില്ല.
വീണ്ടും അത് ആവര്‍ത്തിക്കപ്പെട്ടു.
ഒടുവില്‍ " ആരാണ്?'' എന്ന ചോദ്യത്തിന് 'നീ തന്നെ' എന്ന് ഉത്തരം പറയുന്നു. വാതില്‍ തുറക്കപ്പെടുന്നു
"ഇവിടെ രണ്ടുപേര്‍ക്ക് ഇടമുണ്ടായിരുന്നില്ല'' എന്നാണ് വാതില്‍ തുറക്കാത്തതിന് കാരണമായി കാമുകി പറയുന്നത്.
 എന്റെ നിങ്ങളും നിങ്ങളുടെ ഞാനുമായ ഒന്ന്. ഒന്ന് മാത്രം,
ഇത്താത്ത സൂഫിയും വിശ്വവിഖ്യാത സാഹിത്യകാരിയും ഒന്നുമായിരുന്നില്ല. എഴുത്തും വായനയും അറിയാത്ത ഒരു ട്രിപ്പിക്കല്‍ സ്ത്രീ. മനസ്സില്‍ ഉദാത്തമായ കവിതവരാന്‍  അക്ഷരങ്ങളും ശീലുകളും വേണ്ടന്നാവണമല്ലോ ഇത്താത്ത നമ്മെ പഠിപ്പിക്കുന്നത്.

വിക്ടര്‍ ഹ്യൂഗോവിനോട്  ഒരിക്കല്‍ അദ്ദേഹത്തിന്റെ ഭാര്യ " യഥാര്‍ത്ഥത്തില്‍ ഈ വരിവരിയായി എഴുതുന്നതാണ്  കവിത അല്ലേ?'' എന്ന് ചോദിച്ചിട്ടുണ്ട് .''
" വാസ്തവത്തില്‍ ഈ വരിവരിയായുള്ള എഴുത്ത് അഥവ ഛന്ദസ്കൃതമായ ഭാഷയിലുള്ള രചന കവിതയേ അല്ല. കവിത പുറപ്പെടുന്നത് ആശയങ്ങളില്‍ നിന്നാണ്. ആശയങ്ങളോ ആത്മാവില്‍ നിന്നും'' എന്നായിരുന്നു ഹൂഗോവിന്റെ മറുപടി.
പുതുപുത്തന്‍ മാപ്പിളപ്പാട്ടുകള്‍ക്ക് ഇപ്പോള്‍ ഇല്ലാതായിത്തീര്‍ന്നിരിക്കുന്നതും ആത്മാവില്‍ നിന്നുയരുന്ന ആശയം തന്നെയാണ്. മാപ്പിളപ്പാട്ടുകളില്‍ പണ്ടു പണ്ടേ  കേട്ട് പരിചയിച്ച കുറേ വാക്കുകള്‍ പെറുക്കിയെടുത്ത് കുഴച്ചു ഒരു ചട്ടിയിലിട്ട് വറുത്താല്‍ അത് ഒരു ആശയവുമില്ലെങ്കിലും മാപ്പിളപ്പാട്ടാകുമെന്ന ധാര്‍ഷ്ട്യവും മേമ്പാടിയായി കുറച്ച് തൊലിക്കട്ടിയും.... ഇതാണ് മാപ്പിളപ്പാട്ടുകള്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കാനുള്ള അവസ്ഥയുണ്ടാക്കിയത്.
പഴയ ശീലുകളില്‍ കമ്പിയും എഴുത്തും ഒപ്പിച്ച് എന്തെഴുതിയാലും അത് തനിമയുള്ള ലക്ഷണമൊത്ത മാപ്പിളപ്പാട്ടാകുമെന്ന അന്ധവിശ്വാസവും ഇന്ന് നിലവിലുണ്ട്. ഇങ്ങനെ വിശ്വസിക്കുന്നവരും അപകടകാരികളാണ്. പഴയ ചില ഹാങ്ങോവറുകളാണ്  ഇവരെ ഭരിക്കുന്നത്.
മാപ്പിളപ്പാട്ടുകളില്‍ പഴയ ശീലുകള്‍ ഉണ്ടാകുന്നതിനെതിരെ മുഖം ചുളിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെടാനാണ് എനിക്ക് താത്പര്യം. വലിയൊരു മാപ്പിളപ്പാട്ട് ഗവേഷകനോ പണ്ഡിതനോ അല്ലാത്തതുകൊണ്ടാവാം ചിലപ്പോള്‍ അങ്ങനെ തോന്നുന്നത്.
മാപ്പിളപ്പാട്ട് എഴുതുന്നവരുടെ മനസ്സില്‍ ആദ്യം ഉണ്ടാകേണ്ടത് കവിതയാണ്. കവിതയില്ലാത്ത മനസില്‍ നിന്നും പാട്ടുണ്ടാവില്ല. അങ്ങനെ വല്ലതുമുണ്ടായാല്‍ അത് അര്‍ത്ഥരഹിതമായ, ജീവന്റെ തുടിപ്പില്ലാത്ത വാഗ്ജാലങ്ങള്‍ മാത്രമായിരിക്കും. ഇത് പതുക്കെപ്പതുക്കെ മാപ്പിളപ്പാട്ടുകളോട് വിരക്തി ജനിപ്പിക്കുകയും അതുവഴി പുതിയ മാപ്പിളപ്പാട്ടുകള്‍ തന്നെ ഇല്ലാതായിത്തീരുകയും ചെയ്യും.
ഇങ്ങനെയൊക്കെ പറയുന്നതുകൊണ്ട് ആരും ബേജാറാവേണ്ട കാര്യമൊന്നുമില്ല.  ഈ ആശയ ദാരിദ്യ്രം പുതിയ മാപ്പിളപ്പാട്ടുകളില്‍ മാത്രമുണ്ടായതല്ല. പുതു കവികളുടെ കവിതകളും ഏതാണ്ടിതുപോലെതന്നെയാണ്. എന്നാല്‍ കാവ്യാംശമില്ലാത്ത ഇത്തരം കവിതകള്‍ കാസറ്റുകളിലാക്കി സംഘടിതമായി മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നില്ല എന്നതുകൊണ്ട് മാപ്പിളപ്പാട്ടുകളുണ്ടാക്കുന്നിടത്തോളം അന്തരീക്ഷ മലിനീകരണം അതുണ്ടാക്കുന്നില്ല.
മാപ്പിളപ്പാട്ടിന്റെ തേനൂറുന്ന ഒരു സുരഭില ലോകം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് കുറച്ചൊന്നുമല്ല ഈ കോലം കെട്ട രചനകള്‍ വേദനയുണ്ടാക്കുന്നത്. ഒരര്‍ത്ഥത്തില്‍ പണമുണ്ടാക്കാന്‍ തെറ്റായ മാര്‍ഗ്ഗത്തില്‍ കള്ളനോട്ടടിക്കുന്നതും തെറ്റായ വഴിയില്‍ കള്ളപ്പാട്ടുകളുണ്ടാക്കുന്നതും തമ്മിലെന്താണ് വ്യത്യാസം? കള്ളപ്പാട്ടെഴുതിയാല്‍ ജയിലില്‍ പോകേണ്ടിവരില്ല അത്ര തന്നെ.

കാസര്‍കോടിന് വലിയൊരു പാരമ്പര്യമുണ്ട്. മാപ്പിളപ്പാട്ടുകളെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നതിവിടെയാണ്. സെമിനാറുകള്‍ക്ക് വേദിയായതും ഇവിടെത്തന്നെ. ടി. ഉബൈദിന്റെ അനുസ്മരണ ദിനങ്ങളാണ് പലപ്പോഴും ഇതിന് നിമിത്തമായി തീര്‍ന്നിട്ടുള്ളത്.  ഈ സെമിനാറുകളിലും ചര്‍ച്ചകളിലും ഉയര്‍ന്നു വന്ന ആശയങ്ങള്‍ കേരളമൊട്ടാകെ അലയടിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ മാപ്പിളപ്പാട്ട് സംഘങ്ങളെ കുറച്ചൊക്കെ നിയന്ത്രിക്കാനും ഇത്തരം സംരംഭങ്ങള്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്.
രണ്ടുതരം മാപ്പിളപ്പാട്ടെഴുത്തുകാര്‍ നമുക്കുണ്ട്. ഒരു കൂട്ടര്‍ക്ക് എന്താണ് മാപ്പിളപ്പാട്ടെന്ന് നന്നായി അറിയാം. അവര്‍ കമ്പോളം ലക്ഷ്യമാക്കി അറിഞ്ഞുകൊണ്ടുതന്നെ വികൃതമായ മാപ്പിളപ്പാട്ടുകള്‍ പടച്ചുണ്ടാക്കുന്നു. മറ്റൊരു കൂട്ടര്‍ക്ക് എന്താണ് മാപ്പിളപ്പാട്ടെന്ന് ഒട്ടും അറിഞ്ഞുകൂടാ. അടിസ്ഥാനപരമായി ഒരു വിവരവും ഇല്ലാത്തവര്‍. 'വായില്‍ തോന്നിയത് കോതക്ക് പാട്ട്' എന്നപോലെ അരോചകമായ പാട്ടുകള്‍ പടച്ചുണ്ടാക്കുകയും അത് മഹത്തായ മാപ്പിളപ്പാട്ടുകളാണെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ കൂട്ടര്‍ക്ക് അവര്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ക്കറിയാത്തതുകൊണ്ട് അവരോട് പൊറുക്കണേ എന്ന് പ്രാര്‍ത്ഥിക്കുകയെങ്കിലും ചെയ്യാം. ആദ്യത്തെ കൂട്ടര്‍ അങ്ങനെയല്ല. അറിഞ്ഞുകൊണ്ട് ചെയ്യുന്ന പാപങ്ങള്‍ തീരെ മാപ്പര്‍ഹിക്കുന്നില്ല. 
ഇത്രയും പറഞ്ഞതിന് ഇവിടെ നല്ല മാപ്പിളപ്പാട്ടെഴുത്തുകാരേ ഇല്ലെന്നൊന്നും അര്‍ത്ഥമില്ല. ഈ കാര്‍മേഘങ്ങള്‍ക്കിടയിലും ചില മിന്നലാട്ടങ്ങളുണ്ട്. അവ പക്ഷെ ഈ കോലാഹലങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോകുന്നുവെന്നതാണ് സങ്കടകരം. സുമനസുകള്‍പോലും ഇത്തരം രചനകളെ ഉയര്‍ത്തിക്കാണിക്കുവാന്‍ മുന്നോട്ട് വരാത്തതെന്തേ?

കഥയാണെങ്കിലും കവിതയാണെങ്കിലും നോവലാണെങ്കിലും അക്കാദമികളുടെ നേതൃത്വത്തിലും അല്ലാതെയും ധാരാളമായി വിശകലനം ചെയ്യപ്പെടുന്നുണ്ട്. ഈ രംഗത്ത് ചര്‍ച്ചകളും ക്ളാസുകളും ഇപ്പോഴും സജീവമാണ്. പുതിയ എഴുത്തുകാര്‍ക്ക് ഇത് ശരിയായ ദിശാബോധം നല്‍കുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണിവിടെ മാപ്പിളപ്പാട്ട് രചയിതാക്കള്‍ക്ക് ഒരു പരിശീലന കളരിയുണ്ടാകുന്നില്ല എന്ന പ്രസക്തമായൊരു  ചോദ്യമുണ്ട്. കളരികളും ശില്‍പ്പശാലകളും കൊണ്ട് പുതിയ പാട്ടെഴുത്തുകാര്‍ ഉണ്ടാകില്ല എന്ന വാദം ഭാഗികമായി  അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ; ’എന്ത് മാപ്പിളപ്പാട്ടല്ല എന്ന് മനസിലാക്കാനെങ്കിലും അത് ഉപകരിക്കില്ലേ.? ഈ ചോദ്യചിഹ്നം യഥാര്‍ത്ഥ മാപ്പിളപ്പാട്ടുകളെ സ്നേഹിക്കുന്നവര്‍ക്കായും അതിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കായും വരച്ചുവെയ്ക്കുന്നു. പടച്ചോന്‍ മാപ്പിളപ്പാട്ടുകളെ രക്ഷിക്കുമാറാകട്ടെ.

(2009ഫെബ്രുവരി 26ന് കാസര്‍കോട്ടു നടന്ന മാപ്പിളപ്പാട്ട് ദേശീയ സെമിനാറിനുവേണ്ടി തയ്യാറാക്കി, അവതരിപ്പിക്കാന്‍ കഴിയാതെ പോയ പ്രബന്ധം)

No comments:

Post a Comment

ഖലീല്‍ വിരുത്തങ്ങള്‍ ഇശല്‍ : ഇരട്ട ചിന്ദ്  (മുഹിബ്ബുന്നൂര്‍) അതീന്ദ്രിയം തരമാല്‍ അപദാനം സ്വതന്ത്ര മൗലികമാലെ പ്രധാനം വിതന്ത്രിയാല്‍ സ്വര മമര്...